ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണം കടുത്തതിന് പിന്നാലെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടയില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസെന്ന നിരോധിത ആയുധം ഉപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. എന്താണ് വൈറ്റ് ഫോസ്ഫറസ്? എങ്ങനെയാണ് ഇവ അപകടകാരിയാകുന്നത്? ഗാസയിലെ ഇരുപതുലക്ഷത്തോളം ജനങ്ങള്‍ക്കുമേല്‍ അശനിപാതം പോലെ വൈറ്റ്ഫോസ്ഫറസ് വീണോ?
എന്താണ് വൈറ്റ് ഫോസ്ഫറസ്?
മെഴുകുപോലെയുള്ള മഞ്ഞകലര്‍ന്ന നിറമുള്ള എരിവും വെള്ളുത്തുള്ളിയുടേതിന് സമാനമായ രൂക്ഷഗന്ധവുമുള്ള രാസപദാര്‍ഥമാണ് വൈറ്റ് ഫോസ്ഫറസ്. വായുവുമായി സമ്പര്‍ക്കത്തിലെത്തിയാല്‍ ഇത് അതിവേഗത്തില്‍ തീപിടിക്കുകയും ദീര്‍ഘനേരം കത്തിജ്വലിക്കുകയും ചെയ്യും. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബോംബുകളിലും മറ്റും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചുവരാറുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് യുദ്ധനിയമങ്ങള്‍ക്ക് എതിരാണ്.യുക്രെയിനില്‍ റഷ്യ നടത്തിയ യുദ്ധത്തിനിടെ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.
815 ഡിഗ്രി സെല്‍സിയസോളം പോന്ന ചൂടാണ് രാസപ്രവര്‍ത്തനത്തിന്റെ ഫലമായി വൈറ്റ് ഫോസ്ഫറസ് പുറത്തുവിടുക. ഒപ്പം വന്‍ പ്രകാശവും കട്ടിയേറിയ വെളുത്ത പുകയും ഉയരും. തീ പിടിച്ചാല്‍ അണയ്ക്കുക ഏറെക്കുറെ അസാധ്യമെന്ന് പറയേണ്ടി വരും. ശരീരത്തിലും വസ്ത്രങ്ങളിലും ഒട്ടിപ്പിക്കുകയും ചെയ്യും. ശരീരത്തില്‍ വീണാല്‍ തൊലിപ്പുറത്തു നിന്നും അസ്ഥി തുളച്ച് കടക്കാന്‍ ശേഷിയുള്ളതാണ് വൈറ്റ് ഫോസ്ഫറസ്.
ഭീതിദമായ ആയുധമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി 1972 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി വൈറ്റ് ഫോസ്ഫറസിന്‍റെ ഉപയോഗത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. 1980 ആയപ്പോള്‍ മനുഷ്യന് അസഹ്യമായ വേദനയും ദുരിതവും നല്‍കുന്ന ആയുധങ്ങളെ നിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ തീരുമാനിച്ചു. ഇതിലെ മൂന്നാം പ്രോട്ടോക്കോള്‍ അനുസരിച്ച് തീ കൊളുത്തുന്ന വൈറ്റ് ഫോസ്ഫറസ് പോലുള്ള ആയുധങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇതാദ്യമായല്ല ഇസ്രയേല്‍ എതിരാളികള്‍ക്കുമേല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗം നടത്തുന്നത്. 2006 ലെ ലബനന്‍ യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേല്‍ ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിച്ചു. 2008–09 ല്‍ ഗാസയിലും ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധം അടിച്ചമര്‍ത്തുന്നതിനായി ബഷര്‍ അല്‍ അസദിന്‍റെ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 1800 കളില്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ ഐറിഷ് പട്ടാളം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതാണ് ആയുധമെന്ന രീതിയിലുള്ള ആദ്യ പ്രയോഗമെന്ന് കരുതപ്പെടുന്നു. രണ്ട് ലോകയുദ്ധങ്ങളിലും ബ്രിട്ടണ്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇറാഖ് അധിനിവേശകാലത്ത് ഫലൂജയില്‍ യുഎസ് പട്ടാളവും രാസായുധ പ്രയോഗം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
What is white phosphorous? Is Israel using it on Gaza?
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.