ഫഹദ് ഫാസിൽ-നസ്രിയ വിവാഹ ഫൊട്ടോ പോസ്റ്റ് ചെയ്ത് ഓർമകൾ പങ്കുവെച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിനും നസ്രിയയ്ക്കുമൊപ്പം നിൽക്കുന്ന ബാബു ആന്റണിയും ആർതറുമാണ് ചിത്രത്തിൽ. ഫാസിലിനെ ആദ്യമായി താൻ കാണുന്നത് അവിടെ വെച്ചാണെന്നും ആർതർ പറയുന്നു. പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഫഹദിന് അന്നത്തെ തന്റെ പ്രായമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു തന്നതും ആർതർ ഓർമിച്ചു.
‘ത്രോബാക്ക് വ്യാഴാഴ്ച !! ഫഹദ് ഫിസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും. അവിടെ വെച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിന് പുതിയ പൂത്തെന്നാൽ സിനിമ ചെയ്യുമ്പോൾ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞു’- ആർതർ കുറിച്ചു. ബാബു ആന്റണി, ആര്‍തര്‍ ബാബു ആന്റണി, ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാള്‍സ് ടെയ്‌ലര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. ഇടുക്കി ഗോൾഡിലും ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു. അച്ഛനെപ്പോലെ തന്നെ മാർഷ്യൽ ആർട്സിലും താരമാണ് ആർതർ ആന്റണി.