ചിത്രം: Polícia Slovenskej republiky, Facebook

ചിത്രം: Polícia Slovenskej republiky, Facebook

ഡ്രൈവറില്ലാക്കാറുകള്‍ നമുക്കിന്ന് പരിചിതമാണ്. പക്ഷേ മൃഗങ്ങളോടിക്കുന്ന കാറിലിരുന്ന് ആളുകള്‍  യാത്ര ചെയ്യുന്നുവെന്നത് കേട്ട് അത്ര ശീലമുണ്ടാകില്ല. അരുമ നായയ്ക്ക് തന്റെ സ്കോഡ കാര്‍ ഓടിക്കാന്‍ നല്‍കി ഉടമ പുലിവാല് പിടിച്ച വാര്‍ത്തയാണ് സ്ലൊവാക്യയില്‍ നിന്നും പുറത്തുവരുന്നത്. പടിഞ്ഞാറന്‍ സ്ലൊവാക്യയിലെ സ്റ്റേര്‍സി ഗ്രാമത്തിലാണ് സംഭവം. അമിതവേഗതയുള്ളവരെ പിടിക്കാന്‍ വച്ച ക്യാമറയിലാണ് 'നായ ഡ്രൈവറുടെ' വാഹനമോടിക്കല്‍ പതിഞ്ഞത്. ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ് നായയുടെ ഉടമസ്ഥന്‍ പുലര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

 

തമാശരൂപേണെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നായയുടെ ഉടമസ്ഥന് പിഴയീടാക്കിയ വാര്‍ത്ത പൊലീസ് പുറത്തുവിട്ടത്. മണിക്കൂറില്‍ 11 കിലോമീറ്റര്‍ സ്പീഡിലാണ് നായ സ്കോഡ കാര്‍ ഓടിച്ചത്. ബ്രൗണ്‍ നിറത്തിലുള്ള നായ കാറോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെങ്കിലും ആദ്യം പൊലീസുകാര്‍ വിശ്വസിച്ചില്ല. ഡ്രൈവറുടെ മടിയിലായിരിക്കും നായയെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് വിശദമായി ചിത്രവും വിഡിയോയും പരിശോധിച്ചപ്പോഴാണ്  വളരെ സാവധാനത്തില്‍ കാറോടിച്ച് വന്നത് നായ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉടമസ്ഥന് പൊലീസ് നോട്ടിസയയ്ക്കുകയായിരുന്നു. എന്നാല്‍ എത്രരൂപയാണ് പിഴയീടാക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. 

 

വാഹനമോടിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും ഇത്തരത്തിലുള്ള തമാശകളും അശ്രദ്ധകളും ജീവനെടുക്കുന്നതാണെന്നും വാഹനത്തിന്റെ ഉടമയെ ബോധവല്‍ക്കരിക്കാനും പൊലീസ് മറന്നില്ല. എന്നാല്‍ താന്‍ വാഹനമോടിക്കുന്നതിനിടെ നായ പെട്ടെന്ന് മടിയില്‍ കയറി ഇരുന്നതാണെന്നും നായയ്ക്ക് കാറോടിക്കാന്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു വാഹനമുടമയുടെ വാദം. പക്ഷേ വിഡിയോ ദൃശ്യം പരിശോധിച്ചപ്പോള്‍ ഇത് വ്യാജമെന്ന് തെളിഞ്ഞു. നിയമലംഘനം നടത്തിയാല്‍ ഇനി ഗുരുതരമായ നടപടി നേരിടേണ്ടി വരുമെന്ന് താക്കീതും പൊലീസ് ഇയാള്‍ക്ക് നല്‍കി. 

 

 

Man fined after dog spotted in driving seat

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.