ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9000കോടി നിക്ഷേപിച്ച് ബാങ്ക്.സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചക്ക് മൂന്നുമണിയോടെയാണ് പണം ക്രഡിറ്റ് ആയ സന്ദേശം കിട്ടിയത്.സന്ദേശം പല തവണ വായിക്കേണ്ടിവന്നു രാജ്കുമാറിന്, പൂജ്യം എണ്ണി സംഖ്യ കണക്കാക്കാന്‍ പോലും സാധിച്ചില്ലെന്നാണ് രാജ്കുമാര്‍ പറയുന്നത്.  

പണം വന്ന കാര്യം ആദ്യം വിശ്വസിച്ചില്ല, പിന്നീട് സംഗതി സത്യമെന്ന് ബോധ്യമായതോടെ സ്വര്‍ഗം കിട്ടിയ അവസ്ഥയിലായിരുന്നു നെയ്ക്കരപ്പെട്ടി സ്വദേശി രാജ്കുമാര്‍. 105 രൂപയുണ്ടായിരുന്ന അക്കൗണ്ടിലേക്ക് 9000കോടി വന്നാല്‍ സാധാരണ നിലയില്‍ ബോധം പോവേണ്ടതാണ്, പക്ഷേ രാജ്കുമാര്‍ പിടിച്ചുനിന്നു. 

എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിന്ന രാജ്കുമാര്‍ മനസാന്നിധ്യം വീണ്ടെടുത്ത് ആ 9000കോടിയില്‍ നിന്ന് 21000രൂപ തന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചു. ഈ സമയത്തിനുള്ളില്‍ രാജ്കുമാറിനു ബാങ്കിന്റെ വിളി വന്നു. ബാങ്കിനു സംഭവിച്ച സാങ്കേതികപ്പിഴവിനെത്തുടര്‍ന്നാണ് ചെന്നൈയിലെ ഓട്ടോഡ്രൈവറുടെ അക്കൗണ്ടില്‍ കോടികള്‍ നിറഞ്ഞത്.   21000 രൂപ രാജ്കുമാര്‍ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതോടെ  ബാങ്ക് ഇയാളെ സമീപിച്ച് ഇനി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് വന്ന ബാക്കി പണം  ബാങ്ക് തിരിച്ചെടുത്തു. 

തന്റെ സുഹൃത്തിനൊപ്പം കോടമ്പാക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ് രാജ്കുമാര്‍. അക്കൗണ്ടില്‍ നിന്നും ഇനി പണം പിന്‍വലിക്കരുതെന്നു ആവശ്യപ്പെട്ടതിനു പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിെയന്ന് പറഞ്ഞ് ഒരു വക്കീലുമായി രാജ്കുമാര്‍ ബാങ്കിലെത്തി. ബാങ്കുമായി പിന്നീടുണ്ടായ ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അയാള്‍ പിന്‍വലിച്ച പണം തിരികെ നല്‍കേണ്ടെന്നും ഒരു വാഹനവായ്പ വേണമെങ്കില്‍ തരാമെന്നും ബാങ്ക് അധികൃതര്‍ സമ്മതിച്ചു. 

Chennai auto driver gets 9000crores by bank for 30 minutes