വിളിക്കാത്ത കല്യാണത്തിന് ചെന്ന് സദ്യയുണ്ട് പിടിക്കപ്പെട്ടാല്‍ എന്താകും അവസ്ഥ. അടിയോടടി എന്നാകും ഒരു കൂട്ടം ഫ്രീക്കന്മാർക്ക് പറയാനുള്ളത്. കടുത്തുരുത്തിയിലാണ് സംഭവം. വിളിക്കാതെ വിവാഹസദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിനു ക്ഷണിക്കപ്പെട്ട് എത്തിയവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പരുക്കേറ്റവരെ. കടുത്തുരുത്തി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി ടൗണിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. പള്ളിയിൽ നടന്ന വിവാഹ കൂദാശകൾക്കു ശേഷം ഓഡിറ്റോറിയത്തിൽ വധൂവരന്മാർ പ്രവേശിച്ചു.സദ്യ വിളമ്പാൻ തുടങ്ങിയതോടെ പരിചയമില്ലാത്ത ഫ്രീക്കന്മാരായ കുറച്ചു ചെറുപ്പക്കാരെ ഓഡിറ്റോറിയത്തിൽ കണ്ടു. വരന്റെ ബന്ധുക്കൾ ഇവരെ ചോദ്യം ചെയ്തതോടെ തർക്കവും കയ്യേറ്റവും ഉണ്ടായി. ബന്ധുക്കളിൽപെട്ട ഒരാളുടെ മൂക്കിന് ഇടിയേറ്റു രക്തം വാർന്നു. മറ്റൊരാളുടെ നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടായി. ഇവരെ ആശുപത്രിയിലേക്കു മാറ്റി ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടി. തുടർന്നു വഴിയിലും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി.വിവാഹത്തിന് എത്തിയവർ പൊലീസ് സംരക്ഷണത്തിലാണ് ഓഡിറ്റോറിയം വിട്ടത്. സമീപത്തുള്ള ഗ്രൗണ്ടിൽ കളികൾക്കായി എത്തിയ ചെറുപ്പക്കാരാണു വിവാഹസൽക്കാരത്തിൽ കയറിക്കൂടി ഭക്ഷണം കഴിക്കാൻ ശ്രമം നടത്തിയത്.