nipah-precuations

 

നിപ വൈറസ്, ഹെനിപ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി മരണത്തിന് വരെ കാരണമാകുന്നു. കേരളത്തിൽ 2018 മെയ് മാസത്തിലാണ് ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അങ്ങിനെ അപൂര്‍വവും അപകടകാരിയുമായ ഈ പകര്‍ച്ചവ്യാധിക്ക് നിപ എന്ന് പേരു വന്നു.  മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം.

 

മലേഷ്യയില്‍ 1998 ലാണ് ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നത്. ഗ്രാമത്തിലെ പന്നിവളർത്തുന്ന കർഷകരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 300ല്‍ അധികം ആളുകളെ അന്ന് രോഗം ബാധിച്ചു. നൂറോളം പേര്‍ മരണപ്പെട്ടു. രോഗ സംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെയാണ് അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കിയത്. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. കടുത്ത പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്കെത്തുന്നു. നിപ്പ വൈറസിനെതിരേ കൃത്യമായ ഒരു പ്രതിരോധ വാക്സീൻ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

 

എന്‍–95 മാസ്ക്  കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20–25 സെക്കന്റ് നന്നായി കഴുകുക, സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, നിലത്ത് വീണുകിടക്കുന്നതും പക്ഷിമൃഗാദികള്‍ കടിച്ചതുമായ പഴങ്ങള്‍ ഉപയോഗിക്കരുത്. വവ്വാലുകള്‍ ഉള്ള പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന, തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക. 

 

Nipah virus in Kerala: Symptoms and prevention tips you need to be aware of