
ഇന്നലെ രാത്രി എട്ടുമണിയോടെ മനേകാഗാന്ധി, അരൂര്‍ സിഐ പി.എസ് സുബ്രഹ്മണ്യനെ വിളിച്ചു, അരൂരില്‍ പൂച്ചനാട്ട് പ്രദേശത്ത് അവശരായ നായ്ക്കളുണ്ട്, അവയെ രക്ഷിക്കണമെന്നായിരുന്നു ആവശ്യം. നായ്ക്കളെ കൊണ്ടുപോകാനെത്തുന്ന റെസ്ക്യൂ ടീമിനു ആവശ്യമുള്ള സഹായസൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഫോണ്‍കോളിന് അടിസ്ഥാനമായ സംഭവം വിവരിച്ച് പൊലിസ്; അരൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഋഷഭ് നായര്‍ എന്ന വ്യക്തി ഒരു മൃഗസ്നേഹിയാണ്. പ്രായമായതും, മുറിവേറ്റതുമായ നായ്ക്കളെയെല്ലാം എടുത്തുവളര്‍ത്തുന്നൊരു വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വിഡിയോ കണ്ട് ചില സംഘടനകള്‍ മൃഗഡോക്ടറെയും കൊണ്ട് ഋഷഭിന്റെ വീട്ടിലെത്തുകയും നായ്ക്കളെ പരിശോധിച്ച ശേഷം അവയ്ക്ക് പരിചരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ നായ്ക്കളെ ഏറ്റെടുക്കാനായി മൃഗസംരക്ഷക സംഘടനകള്‍ എത്തിയപ്പോള്‍ 3 നായ്ക്കളെ കൊണ്ടുപോവാന്‍ അനുവദിച്ചു. ബാക്കി മൂന്ന് നായ്ക്കള്‍ അറുപതിനായിരത്തിലധികം രൂപ കൊടുത്ത് വാങ്ങിച്ച പ്രിയപ്പെട്ട നായ്ക്കളാണെന്നും സംഘടനകള്‍ക്ക് നല്‍കില്ലെന്നും ഋഷഭ് പറഞ്ഞു.
അവയെ കൊണ്ടുപോകണമെന്ന ആവശ്യമാണ് നായസംരക്ഷണ സംഘടനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവ തന്റെ ജീവന്റെ ജീവനാണെന്നും തരാനാവില്ലെന്നും കൊണ്ടുപോയാല്‍ താന്‍ ജീവനൊടുക്കുമെന്നും ഋഷഭ് പറഞ്ഞു. ഇതുകേട്ടപ്പോള്‍ ബാക്കി മൂന്ന് നായ്ക്കളെ അയാള്‍ തന്നെ സംരക്ഷിക്കട്ടേയെന്ന തീരുമാനമെടുക്കുകയായിരുന്നുവെന്ന് അരൂര്‍ സിഐ പി.എസ് സുബ്രഹ്മണ്യന്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ഈ മൂന്ന് നായ്ക്കളെ കൂടി ഉടമയില്‍ നിന്നും ഏറ്റെടുക്കാനായി സഹായം ചെയ്യണമെന്നാണ് അരൂര്‍ സിഐയോട് മനേകാഗാന്ധി ഇന്നലെ രാത്രി വിളിച്ച് ആവശ്യപ്പെട്ടത്.
അതേസമയം ഋഷഭ് സംരക്ഷിച്ചു വന്ന ഒരു നായ കഴിഞ്ഞ ദിവസം ചങ്ങല കുരുങ്ങി ചത്തെന്നും അതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചെന്നും അങ്ങനെയാണ് തങ്ങള്‍ ഋഷഭിന്റെ വീട്ടിലെത്തിയതെന്നും റെസ്ക്യൂ ടീം മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. എല്ലാ നായ്ക്കളും ക്ഷീണിതരാണെന്നും എല്ലൊക്കെ തെളിഞ്ഞ് മോശം അവസ്ഥയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.നായ്ക്കളുടെ ശരീരത്തിലെല്ലാം ടിക്കുകള്‍ നിറഞ്ഞതായും ഇത് ഏറ്റവും മോശം ആരോഗ്യാവസ്ഥയാണെന്നും സംഘടന പറയുന്നു. വെഫെ ,ആരോ, സംഘടനകളിലെ പ്രതിനിധികളാണ് സ്ഥലത്തെത്തിയത്.
നായ്ക്കളുടെ അവസ്ഥ കണ്ട് സംഘം അരൂര്‍ പൊലിസിന് പരാതി നല്‍കി. ബാക്കി നായ്ക്കളെ കൂടി ഏറ്റെടുക്കാന്‍ പൊലിസിന്റെ ഉത്തരവ് മതിയെന്നും ഉടമ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പൊലിസ് പിന്‍മാറിയതാണെന്നും സംഘം ആരോപിക്കുന്നു. എല്ലാ നായ്ക്കളും അനീമിക് ആണെന്നും ഭക്ഷണം കിട്ടുന്നില്ലെന്നും ഡോക്ടര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബാക്കി നായ്ക്കളെ കൂടി ഏറ്റെടുക്കണമെന്നതാണ് സംഘടനകളുടെ ആവശ്യം. അനിമല്‍ ഹസ്ബന്‍ഡറി വകുപ്പില്‍ നാളെ പരാതി നല്‍കാനാണ് തീരുമാനം. മനേകാഗാന്ധിയെ വിളിച്ചത് നായസംരക്ഷണസംഘം തന്നെയാണ്. പൊലിസിനു തന്നെ കൈകാര്യം ചെയ്യാവുന്ന വിഷയമാണെന്നും മനേകാഗാന്ധി പറഞ്ഞതായി സംഘടനാ പ്രതിനിധി പറയുന്നു. അനിമല്‍ ഹസ്ബന്‍ഡറി വകുപ്പിലേക്ക് സ്റ്റേഷനില്‍ നിന്നും ഡോക്ടറുടെ റിപ്പോര്‍ട്ടും ചേര്‍ത്ത് ഒരു മെയില്‍ അയക്കാമെന്നും ശേഷം കൂടുതല്‍ ഇടപെടല്‍ നടത്താമെന്നും സിഐ പറഞ്ഞതായി സംഘടനാ പ്രതിനിധി വ്യക്തമാക്കുന്നു.
എന്നാല്‍ തന്നോട് നാട്ടുകാര്‍ക്ക് തോന്നിയ വ്യക്തിവിരോധമാണ് പ്രശ്നം വഷളാക്കിയതെന്നാണ് ഋഷഭിന്റെ വാദം. നായ്ക്കളുടെ മണം അസഹ്യമാണെന്നും വീടൊഴിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെന്നും താന്‍ വീടൊഴിയാനുള്ള ശ്രമത്തിലാണെന്നും നായ്ക്കളുടെ ഉടമ റിഷബ് പറയുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഒരു നായ ചങ്ങല കുരുങ്ങി ചത്തെന്നും അന്ന് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഋഷഭ് പറയുന്നു. ആ നായയെ രക്ഷിക്കാന്‍ നോക്കാതെ വിഡിയോ എടുത്ത് നാട്ടുകാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതാണെന്നും ഉടമ വ്യക്തമാക്കുന്നു.
പകല്‍സമയം വീട്ടിലുണ്ടാവില്ലെന്നും രാത്രിയേ വരാറുള്ളൂവെന്നും ഋഷഭ് പറഞ്ഞു. നായ്ക്കള്‍ക്ക് ട്രെയിനിംഗ് നല്‍കുന്ന വ്യക്തിയാണ് ഋഷഭ് . പല സുഹൃത്തുക്കളും തിരിച്ചുകൊണ്ടുപോകാമെന്ന് പറഞ്ഞ് തന്ന നായ്ക്കളും പിന്നെ താന്‍ കാശ് കൊടുത്തു വാങ്ങിച്ച നായ്ക്കളും ഇക്കൂട്ടത്തിലുണ്ട്. നായ്ക്കളുടെ വാക്സീന്‍ വിവരങ്ങളും മറ്റു രേഖകളുമെല്ലാം കൈവശമുണ്ട്. റോഡില്‍ പരുക്കേറ്റ് കിടന്ന നായയെ കൂടി കൊണ്ടുവന്ന് സംരക്ഷിക്കാറുണ്ട്. താന്‍ മൃഗങ്ങളോട് ക്രൂരത ചെയ്യുന്ന ആളല്ലെന്നും ഋഷഭ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.ഡോഗ് ട്രെയിനിങ് ബിസിനസ് മോശമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ കേബിള്‍ ജോലിക്കു പോവുകയാണ് ഇദ്ദേഹം. ജോലിക്കു പോയാല്‍ രാത്രിയേ തിരിച്ചെത്തുള്ളൂ എന്നതുകൊണ്ടുതന്നെ നായ്ക്കളെ ആഴ്ചയിലൊരിക്കലേ കുളിപ്പിക്കാന്‍ പറ്റുന്നുള്ളൂ, എറണാകുളത്തെ എല്ലാ മൃഗഡോക്ടര്‍മാര്‍ക്കും തന്നെയറിയാമെന്നും ഋഷഭ് പറയുന്നു.
നായ്ക്കളുള്ളതുകൊണ്ടാണ് പെട്ടെന്ന് മറ്റൊരു വീട് കിട്ടാത്തത്, അതുകാരണം നാട്ടുകാര്‍ക്ക് തന്നോട് ദേഷ്യം തോന്നിയിരുന്നെന്നും ഇയാള്‍ പറയുന്നു. നായസംരക്ഷക സംഘടന തന്റെ വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് നായ്ക്കളെ എടുത്തതെന്നും ഋഷഭ് പറയുന്നു.
Maneka Gandhi called Aroor CI to demand for the protection of tired dogs