‘ഇനി നിങ്ങളുടെ സിനിമ കാണില്ല, നിങ്ങളുടെ സ്പ്രിങുള്ള ബാറ്റിന്റെ കഥയൊക്കെ ഞങ്ങള്‍ക്ക് അറിയാം. പരിശോധനയ്ക്ക് ആളുവരും.,ഇങ്ങനെ ചിരിച്ച് മറിയാനുള്ള കമന്റുകള്‍ നിറയുകയാണ് ശ്രീലങ്കന്‍ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പോസ്റ്റുകള്‍ക്ക് താഴെ. നടന്‍ ജയസൂര്യ ആണെന്ന് കരുതി സഖാക്കള്‍ തീര്‍ക്കുന്ന സൈബര്‍ ആക്രമണം ആണിതെന്ന ട്രോളുകളും നിറഞ്ഞതോടെ ഇപ്പോള്‍ കമന്റുകളുടെ എണ്ണവും കൂടി. തമാശ രീതിയില്‍ ഇങ്ങനെ കമന്റുകള്‍ നിറഞ്ഞതോടെ അവസരം മനസ്സിലാക്കി പുതിയ പോസ്റ്റും പങ്കിട്ട് റീച്ച് കൂട്ടുകയാണ് താരവും.

 

രണ്ടുമന്ത്രിമാരെ വേദിയില്‍ ഇരുത്തി കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ രംഗത്തുവന്നിരുന്നു. അതേ തുടര്‍‌ന്ന് വലിയ പിന്തുണയാണ് താരത്തിന് ലഭിച്ചത്. ന്യായീകരിച്ച് രക്ഷപെടാന്‍ മന്ത്രിമാര്‍ ശ്രമിച്ചെങ്കിലും വിജയച്ചില്ല. നെല്ലിന് പണം െകാടുത്തത് പോലും ലോണായിട്ടാണെന്ന് കര്‍ഷകര്‍ തന്നെ പറയുകയും ചെയ്തതോടെ വിവാദം ശക്തമാവുകയാണ്. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേജില്‍ മലയാളികള്‍ നിറഞ്ഞത്.