
നേട്ടങ്ങളുടെ നെറുകയില്‍ ഇന്ത്യയെ പ്രതിഷ്ഠിച്ച ചന്ദ്രയാന്‍–3 ചെലവിന്റെ കാര്യത്തിലും മികവ് പുലര്‍ത്തി. പോയവര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ അവതാര്‍: ദ വേ ഓഫ് വാട്ടറിന്റെ ആറിലൊന്ന് പണം മാത്രമാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനായി ചെലവായത്. അവതാറിന്റെ ബജറ്റ് 3820 കോടിരൂപ. നമ്മുടെ ചന്ദ്രയാനാവട്ടെ 625 കോടി മുടക്കില്‍ ചന്ദ്രനിലെത്തി.
ബഹിരാകാശദൗത്യം പ്രമേയമാക്കിയ ക്രിസ്റ്റഫര്‍ നോളന്റെ ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രം 'ഇന്റര്‍സ്റ്റെല്ലറിന്' വേണ്ടി ചെലവഴിച്ചത് ഏകദേശം 1200 കോടി രൂപയാണ്. ആ പണമുണ്ടെങ്കില്‍ നമുക്ക് രണ്ട് ചന്ദ്രയാന്‍ ദൗത്യം കൂടി നടത്താമെന്ന് സാരം. കൗതുകകരമായ ഈ താരതമ്യം നടത്തിയത് 'എക്സ്' മേധാവി ഇലോണ്‍ മസ്കാണ്. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെ ഇമോജി പങ്കുവച്ചായിരുന്നു മസ്കിന്റെ ട്വീറ്റ്. ഇനി നമ്മുടെ രാജ്യത്തെ പണംവാരിപ്പടങ്ങളുടെ കണക്കെടുത്താല്‍, 'ആര്‍ആര്‍ആര്‍' നിര്‍മിച്ചത് 550 കോടി രൂപ ചെലവിട്ടാണ്. 75 കോടി രൂപ കൂടി ചെലവിട്ടാല്‍ ചന്ദ്രയാന്റെ നിര്‍മാണച്ചെലവിനൊപ്പം.
അതേസമയം പ്രതീക്ഷിച്ചതിലും ചന്ദ്രയാന്‍ ചെലവേറിയെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. 2020 ല്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പറഞ്ഞത് ചന്ദ്രയാന്‍–3 ദൗത്യത്തിനായി 615 കോടി രൂപ ചെലവാകുമെന്നായിരുന്നു. 250 കോടി രൂപ പ്രൊപല്ഷനും 365 കോടി രൂപ വിക്ഷേപണത്തിനുമായാണ് വകയിരുത്തിയിരുന്നത്. 978 കോടി രൂപയായിരുന്നു ചന്ദ്രയാന്‍ –2 ന്റെ ചെലവ്.
India's budget for chandrayaan3 is six times less than the film Avatar the way of water