മാവേലിയായി പപ്പനും ഷാജിയും ഉണ്ടെന്നറിഞ്ഞാൽ പിന്നെ ആളുകൂടും. ഒന്നും രണ്ടുമല്ല പതിമൂന്നു കൊല്ലമായുള്ള പതിവാണത്.ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ത്രിപ്പൂണിത്തുറക്കാരൻ പത്മകുമാർ പാഴൂർമഠവും തുറവൂരിൽ നിന്ന് ടി.എം ഷാജിയുമെത്തി അത്തച്ചമയഘോഷയാത്രയ്ക്ക്. ഇരുപത് വർഷത്തിലധികമായി മാവേലി വേഷം കെട്ടുന്നു. 12 വർഷമായി മുടങ്ങാതെ ത്രിപ്പൂണിത്തുറ അത്തച്ചമയത്തിനുമെത്തുന്നു.
മാവേലി വേഷം കെട്ടുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു രണ്ടുപേർക്കും മാവേലിയെ അത്ര ഇഷ്ടം. നേരത്തെ തന്നെ വേഷം കെട്ടുന്നതിന് ആവശ്യമായ എല്ലാം ഒരുക്കിവെക്കും. ഓണക്കാലമായാൽ നാട്ടിലെ ഏത് പരിപാടിക്കും മാവേലിമാർ ഇപ്പോ ഇവരാണ്.
പാലാ മുനിസിപ്പാലിറ്റിയിലാണ് ഷാജിയ്ക്ക് ജോലി. മാവേലി വേഷം അതിനൊരു തടസമേയല്ല,ഇഷ്ടത്തോടെ ഒപ്പം കൊണ്ടു നടക്കുന്നു. ബിസിനസാണ് പത്മകുമാറിന്. ത്രിപ്പൂണിത്തുറയിൽ ജനിച്ചുവളർന്ന പപ്പന് പാരമ്പര്യത്തെ ചേർത്തുപിടിക്കുന്നതിൽ അഭിമാനം മാത്രം. തുറവൂർ കലാരംഗത്തിലാണ് ആദ്യമായി ഷാജി മാവേലി വേഷം കെട്ടുന്നത്. വരാമെന്നേറ്റ മാവേലി വന്നില്ല. പകരക്കാരനായി സംഘാടകർകണ്ടെത്തുകയായിരുന്നു.പിന്നീടങ്ങോട്ട് ഷാജി സ്ഥിരം മാവേലിയായി. പത്മനാഭനും കലയോട് പണ്ടുമുതലേ ഒരുപാടിഷ്ടം.
മാവേലി വേഷം കെട്ടുന്നതിന് ചിലവുകളേറെയാണ്. വേഷവും ആടയാഭരണങ്ങളും ഓലകുടയും എല്ലാം ഓരോ തവണയും വേറിട്ടതാക്കാൻ ശ്രമിക്കാറുണ്ടെന്ന് പത്മകുമാർ. ഒരുമണിക്കൂറോളം എടുക്കും മാവേലിയായി ചമയമിടാൻ. പ്രത്യേകം മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ട്. മണിക്കൂറുകളോളം ഒരേ നിൽപ്പും നടപ്പുമാണെങ്കിലും ആളുകളുടെ സ്നേഹവും കൗതുകവും കാണുമ്പോൾ അതൊന്നും ഓർക്കാറില്ലെന്ന് ഇരുവരും പറയുന്നു. മാവേലിമാർ ഇനി ഓണത്തിരക്കിലേക്ക്.