kiranbutterfly-14

മ്മുടെ നാട്ടിന്‍പുറത്ത് ഉങ്ങ് ചെടിയില്‍ കാണാറുള്ള നാട്ടുവരയന്‍ ശലഭം കടല്‍ കടന്ന് ഗള്‍ഫിലെത്തി. കോമണ്‍ ബാന്‍ഡഡ് ഔള്‍ എന്നറിയപ്പെടുന്ന ശലഭത്തെ ഏപ്രില്‍ 23ന് അബുദാബിയിലെ റിക്രിയേഷന്‍ പാര്‍ക്കിലാണ് കണ്ടെത്തിയത്. അറേബ്യന്‍ ഉപദ്വീപില്‍ അന്നോളം കണ്ടിട്ടില്ലാത്ത ശലഭത്തെ തിരിച്ചറിഞ്ഞത് ഒരു മലയാളിയാണ്. തൃശ്ശൂര്‍ സ്വദേശിയായ കിരണ്‍ കണ്ണന്‍. ദുബായ് നാചുറല്‍ ഹിസ്റ്ററി ഗ്രൂപ് അംഗമായ ഏയ്ഞ്ചല മന്‍തോര്‍ഫും ശലഭത്തെ കണ്ടിരുന്നു. ജീവികള്‍ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്ന് മറ്റൊരു മേഖലയിലേക്ക് അവിചാരിതമായി എത്തപ്പെടുന്ന 'ആക്സിഡന്റലി ഇന്‍ട്രൊഡ്യൂസ്ഡ് ഇന്‍വേഷ'നാകാം ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

 

commonbandedawl-14

ചിത്രം: Facebook, Kiran Kannan

സാധാരണയായി ദേശാടനം നടത്താത്ത ഇനം ശലഭമാണ് നാട്ടുവരയന്‍. പാതയോരങ്ങളില്‍ വച്ച് പിടിപ്പിക്കുന്നതിനായും മറ്റും ഉങ്ങ് ചെടികള്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റി അയയ്ക്കാറുണ്ട്. ഇങ്ങനെ അയച്ച ചെടികളിലൂടെയാവാം ശലഭം അബുദാബിയില്‍ എത്തിയിട്ടുണ്ടാവുക എന്ന് കിരണ്‍ പറയുന്നു. പാര്‍ക്കില്‍ നിന്നും ലാര്‍വ ശേഖരിച്ച കിരണ്‍ വിജയകരമായി നാല് ശലഭങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്തു. രണ്ടെണ്ണം എന്‍വയോണ്‍മെന്റ് ഏജന്‍സിക്ക് നല്‍കിയ കിരണ്‍ രണ്ടെണ്ണത്തെ പ്രകൃതിയിലേക്ക് തുറന്ന് വിട്ടു. കിരണിന്റെ കണ്ടെത്തല്‍ അബുദാബി പരിസ്ഥിതി ഏജന്‍സി ഔദ്യോഗികമായി അംഗീകരിച്ച്  ICEAD-1252, ICEAD -1253 എന്നിങ്ങനെ കാറ്റലോഗ് ചെയ്തിട്ടുമുണ്ട്. യുഎഇയില്‍ ഈ ശലഭത്തെ കണ്ടെത്തുന്നത് ആദ്യമാണെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. സ്കിപ്പര്‍ കുടുംബത്തില്‍പ്പെട്ട ശലഭത്തിന് തവിട്ട് ചിറകുകളും വലിയ കണ്ണുകളുമാണുള്ളത്. 

 

ഫോട്ടോ എടുക്കാനൊന്നും ഇരുന്നു തരാത്ത, വളരെ വേഗത്തില്‍ പറന്നുകളയുന്ന പ്രകൃതമാണ് ശലഭത്തിനുള്ളതെന്നും കിരണ്‍ പറയുന്നു. സന്ധ്യയ്ക്കും രാത്രിയിലുമാണ് നാട്ടുവരയന്‍ സജീവമാകുന്നത്. പകല്‍ സമയത്ത് ഇവയെ പുറത്തുകാണാറില്ല. ഏതെങ്കിലും തരത്തിലുള്ള അപായസൂചന കിട്ടിയാല്‍ നിമിഷനേരം കൊണ്ട് ശലഭം പുല്ലിന്റെയോ ചെടികളുടെയോ മറവിലേക്ക് പറന്ന് രക്ഷപെടുമെന്നും കിരണ്‍ പറയുന്നു. ഹസാറ ക്രോമസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കേരളത്തിനുപുറമേ കര്‍ണാടക, ആന്ധ്ര, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പാപുവ ന്യൂഗിനിയ, ചൈന, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സാധാരണയായി കോമണ്‍ ബാന്‍ഡഡ് ഔളിനെ കണ്ടുവരുന്നു.

 

വെറുതേ ചിത്രമെടുത്ത് പോകുന്നതിനപ്പുറം കിരണും ഏയ്ഞ്ചലയും നടത്തിയ തുടര്‍ പഠനങ്ങള്‍ പരിസ്ഥിതിക്കും ഈ രംഗത്ത് ഇനി നടക്കാനിരിക്കുന്ന ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുമെന്ന് നിരീക്ഷകര്‍ പറയുന്നു. യുഎഇയിലെ വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ നാട്ടുവരയന്‍ ശലഭങ്ങള്‍ക്ക് കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്. കടുത്ത വേനലുകളെ അതിജീവിക്കാന്‍ ശലഭത്തിന് കഴിഞ്ഞാല്‍ നാട്ടുവരയന്‍ ഗള്‍ഫിലെ പരിസ്ഥിതിയോട് ഇണങ്ങിയെന്ന് കരുതേണ്ടി വരും. അങ്ങനെയെങ്കില്‍ അത് ഗള്‍ഫിലെ പാരിസ്ഥിതിക സംതുലനത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ക്ക് വഴിതുറക്കുമെന്നും കിരണ്‍ കരുതുന്നു. ഭൂമിയിലെ പരിസ്ഥിതി ചരിത്രം രേഖപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നാണ് കിരണിന്റെ ഓര്‍മപ്പെടുത്തല്‍.  മലയാളികളായ എന്‍ഡമോളജിസ്റ്റ് ഡോക്ടര്‍ അനിതയും നാചുറലിസ്റ്റായ ബിനീഷ് റോബോസുമാണ് നാട്ടുവരയന്‍ ശലഭങ്ങളെ കുറിച്ചുള്ള തിരച്ചിലിന് വേണ്ട പ്രചോദനമായതെന്നും കിരണ്‍ പറയുന്നു.  പ്രകൃതിയിലേക്ക് ഇറങ്ങുമ്പോള്‍ കണ്ണും കാതും തുറന്ന് വച്ചാല്‍, നിരീക്ഷിച്ചാല്‍, അത് കൃത്യമായി രേഖപ്പെടുത്തിയാല്‍ അത് ഭാവി തലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച സമ്മാനമാകുമെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.

 

 

The common banded awl from Indian subcontinent found in UAE, identified by Malayali science enthusiast