
റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ച് ബില്‍ കൊടുക്കാന്‍ നേരമാണ് കസ്റ്റമര്‍ അത് കണ്ടത്. ബില്ലില്‍ 182 രൂപ അധികം. ശ്രദ്ധിച്ച് നോക്കിയപ്പോഴോ അത് താന്‍ കഴിച്ച സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് ഈടാക്കിയ ചാര്‍ജാണെന്ന് മനസ്സിലായി. ഇതോടെ കലിപ്പിലായ കസ്റ്റമര്‍ ഈ ബില്ലിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തന്റെ രോഷം പ്രകടിപ്പിച്ചു.
സാൻഡ്‍വിച്ച് പകുതിയായി മുറിച്ചുതന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അതിന് നിങ്ങൾ അധികം പണം നൽകേണ്ടി വരുമെന്ന് പരിഹാസം നിറഞ്ഞ കുറിപ്പോടെയാണ് യുവാവ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. 7.50 ഇറ്റാലിയൻ യൂറോയാണ് സാൻഡ്‍വിച്ചിന് നൽകേണ്ടിയിരുന്നത്. എന്നാൽ രണ്ടു കഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതോടെ റെസ്റ്റോറന്റ് ഉടമ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
തങ്ങള്‍ നല്‍കുന്ന സര്‍വീസ് കൂടാതെ അധികമായി കസ്റ്റമര്‍ ആവശ്യപ്പെടുന്ന സര്‍വീസുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്നും, അതാണ് തങ്ങള്‍ ചെയ്തത് എന്നുമായിരുന്നു റെസ്റ്റോറന്റ് ഉടമ പറഞ്ഞത്. സാൻഡ്‍വിച്ച് രണ്ടു കഷ്ണമാക്കി മുറിക്കുമ്പോള്‍ അതിനായി രണ്ടു പ്ലേറ്റ് വേണ്ടി വരും. സാൻഡ്‍വിച്ച് മുറിക്കാനും പ്ലേറ്റ് കഴുകാനും കൂടി സമയം പോകും. സാൻഡ്‍വിച്ചിൽ ഫ്രഞ്ച് ഫ്രൈസുണ്ട്. അത് മുറിഞ്ഞു പോകാതെ ബ്രഡ് മുറിക്കാൻ അധികസമയം ആവശ്യമായി വന്നിട്ടുണ്ട്. ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതെന്നാണ് ഉടമയുടെ വാദം.
കസ്റ്റമര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടായിരുന്നുവെങ്കില്‍ ബില്‍ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ അറിയിക്കണമായിരുന്നു, അങ്ങനെയെങ്കില്‍ ഈ ചാര്‍ജ് ഈടാക്കില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്രയും തുക ഒരു സാൻഡ്‍വിച്ച് രണ്ടായി മുറിക്കാന്‍ മാത്രം ഈടാക്കുന്നത് കുറച്ച് കടുപ്പമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇവിടം ടൂറിസ്റ്റ് കേന്ദ്രം കൂടിയായതിനാല്‍ ഇത്തരത്തിലുള്ള കൊള്ള പതിവാണെന്നാണ് ചിലരുടെ അഭിപ്രായം.
Cafe charges Rs 182 for cutting sandwich into half