
സിദ്ധിഖും ലാലും ഉസ്മാനും ചേര്‍ന്ന് തിരക്കഥ എഴുതുന്നതും ഒരു പ്രത്യേക താളത്തിലും രസത്തിലുമാണ്. വീടിന്റെ ടെറസിൽ ലൈറ്റിട്ടിരുന്ന് നാളെ രാവിലെ ഷൂട്ടുണ്ട് എന്ന രീതിയിലായിരിക്കും എഴുത്ത്. ചർച്ച, എഴുത്ത്, വെട്ടൽ, വീണ്ടും എഴുത്ത്, ഇതു തന്നെ പരിപാടി. ലാലിന്റെ മാഗി ആന്റി മുറതെറ്റാതെ ചായയുമായി എത്തുകയും ചെയ്യും.
അങ്ങിനെയിരിക്കെയാണ് 'പപ്പൻ പ്രിയപ്പെട്ട പപ്പൻ'എഴുതുന്നത്. പപ്പന്റെ മരണസീനാണ് എഴുതുന്നത്. 'പപ്പൻ മരിക്കാൻ കിടക്കുകയാണ്. ആ മരണം കാത്ത് ബന്ധുക്കൾ വീട്ടിൽ നിൽക്കുന്നു. അപ്പോൾ യമധർമ്മൻ വന്ന് പപ്പന്റെ ആത്മാവ് എടുക്കും. പപ്പൻ മരിച്ചു. സന്തോഷം മറച്ചു വച്ച് ബന്ധുക്കൾ നിലവിളിക്കുന്നു. ഇതാണ് സംഭവം. സീൻ എഴുതുന്നത് പാതിരാത്രിയാണ്. പക്ഷേ പപ്പന്റെ മരണസീൻ എഴുതിത്തീർന്ന ഉടന്‍ അതാ അടുത്ത വീട്ടിൽ നിന്ന് ഒരു കൂട്ടനിലവിളി. എല്ലാവരും കൂടി ചാടിയെഴുന്നേറ്റു. അടുത്ത വീട്ടില്‍ ഒരാള്‍ മരിച്ചതിന്റെ നിലവിളിയായിരുന്നു ആ കേട്ടത്. ഈ സംഭവത്തെ കുറിച്ച് ‘ഞങ്ങൾ മരണസീൻ എഴുതുമ്പോൾ തൊട്ടടുത്ത വീട്ടിൽ കാലൻ വന്നു നിൽക്കുന്നുണ്ടായിരുന്നു’ സിദ്ധിഖും ലാലും പിന്നീട് നര്‍മ്മത്തില്‍ പറഞ്ഞിട്ടുണ്ട്. അന്ന് ആ ടെറസില്‍ വച്ച് എഴുതിക്കൂട്ടിയതില്‍ നിന്നാണ് പിന്നീട് സിനിമയ്ക്കായി എടുത്ത പല കഥകളും.
Funny incidents during Pappan Priyapetta Pappan's scripting