മദ്യരഹിത മേഖലയായ ലക്ഷദ്വീപില്‍ എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. മദ്യത്തിനു പൂർണനിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത്. അതേപോലെ പൂർണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപെന്നും ഐഷ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. തന്റെ ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനമെന്നും സംവിധായക ചോദിക്കുന്നു.
ഐഷ സുല്‍ത്താനയുടെ കുറിപ്പിൽനിന്ന്:
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ എന്നതിനെപ്പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ല എന്നുതന്നെയാണ് ജനങ്ങളുടെ അഭിപ്രായം. മദ്യത്തിനു പൂർണനിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത് അല്ലെ. അതേപോലെ മദ്യം പൂർണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?
ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കൽ കോളജാണ്, ഡോക്ടർമാരെയാണ്, മരുന്നുകളാണ്. വിദ്യാർഥികൾക്ക് കോളജും സ്കൂളുകളിലേക്ക് ടീച്ചർമാരെയുമാണ്. മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറന്റുകളാണ്, മത്സ്യബന്ധന തൊഴിലാളികൾക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാന്റുകളുമാണ്.
ജനങ്ങൾക്ക് യാത്രാസൗകര്യം കൂട്ടിക്കൊണ്ടുള്ള കപ്പലുകളാണ്. ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എൻജിൻ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്. ഇക്കണക്കിനു പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ടുവരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്. ഇതൊക്കെയാണ് ഞങ്ങൾ ജനങ്ങളുടെ ആവശ്യം. ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?