പഠനം ഒരു ബാലികേറാമലയായിരുന്നു ബി. മഹിപാല്‍ റെഡ്ഡിക്ക്. പത്തില്‍ തോറ്റതോടെ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞു. നെല്‍കൃഷിയില്‍ വിചാരിച്ച ലാഭമുണ്ടാക്കാന്‍ ഈ കര്‍ഷകന് കഴിഞ്ഞില്ല. തുണയായത് തക്കാളിയാണ്. തക്കാളി കൃഷിയിറക്കി നടത്തിയ പരീക്ഷണത്തില്‍ മഹിപാല്‍ വിജയിച്ചു. വെറും വിജയമെന്ന് പറഞ്ഞാല്‍ പോര നൂറുമേനി വിജയം. ഒരുമാസംകൊണ്ട് ലാഭം 1.8 കോടി രൂപ. 

 

തെലങ്കാനയിലെ കൗഡിപ്പള്ളിയിലുള്ള മേഡക് ഗ്രാമത്തിലെ കര്‍ഷകനാണ് മഹിപാല്‍. ആന്ധ്രപ്രദേശില്‍ നിന്നുള്ള തക്കാളി ഉത്പാദനത്തിലെ കുറവും വിലക്കയറ്റവും ദൈവാനുഗ്രഹമായാണ് ഈ കര്‍ഷകന്‍ കാണുന്നത്. ഹൈദരാബാദ് മാര്‍ക്കറ്റിലേക്ക് തക്കാളി എത്തിച്ചാണ് മഹിപാല്‍ തക്കസമയത്ത് ലാഭമുണ്ടാക്കിയെടുത്തത്. എട്ട് ഏക്കറോളം സ്ഥലത്താണ് മഹിപാല്‍ തക്കാളി കൃഷി ചെയ്യുന്നത്. ഏപ്രില്‍ 15ന് കൃഷി തുടങ്ങി. ജൂണ്‍ 15 ആയപ്പോഴേക്കും വിളവ് ലഭിച്ചു തുടങ്ങി. 

 

എ ഗ്രേഡ് ഉത്പന്നമാണ് താന്‍ മാര്‍ക്കറ്റിലേക്ക് കൊടുക്കുന്നതെന്നാണ് മഹിപാല്‍ പറയുന്നത്. നെറ്റ് ഉപയോഗിക്കുന്നതുകൊണ്ട് കാലവസ്ഥപരമായ പ്രശ്നങ്ങളെയും ചെറുപ്രാണികളെയുമടക്കം ഒരു പരിധിവരെ തനിക്ക് തടയാനാകുന്നുണ്ടെന്ന് മഹിപാല്‍ പറയുന്നു. കനത്ത മഴ കാരണം ചെറിയ കൃഷിനാശം സംഭവിച്ചിരുന്നു. അതുണ്ടായില്ലെങ്കില്‍ നിഷ്പ്രയാസം രണ്ട് കോടി രൂപയ്ക്കു മുകളില്‍ തനിക്ക് ലാഭമുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും നാല്‍പത് ശതമാനത്തോളം വിളവ് തന്റെ കൃഷിസ്ഥലത്തുണ്ടെന്നും മഹിപാല്‍.

 

നൂറ് ഏക്കര്‍ സ്ഥലമാണ് മഹിപാലിന് സ്വന്തമായുള്ളത്. ഇതില്‍ നാല്‍പത് ഏക്കര്‍ സ്ഥലത്ത് നാലു വര്‍ഷങ്ങളായാണ് തക്കാളിയും മറ്റ് പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്തു തുടങ്ങിയത്. ബാക്കിയുള്ള സ്ഥലത്ത് നെല്‍കൃഷിയാണ്. കൃഷിയില്‍ എങ്ങനെ ലാഭം കണ്ടെത്താമെന്നും ശരിയായ കൃഷി രീതികളെക്കുറിച്ചും താനിപ്പോഴാണ് പഠിച്ചുവരുന്നതെന്ന് മഹിപാല്‍ പറയുന്നു. പെട്ടെന്നു തന്നെ ലാഭം കിട്ടണമെന്നത് സാധ്യമായ കാര്യമല്ല, അതിന് കുറച്ച് ക്ഷമ വേണമെന്നാണ് ഈ കര്‍ഷകന്റെ വാദം.

 

ഒരു ഏക്കര്‍ തക്കാളി കൃഷിക്കായി തനിക്ക് ചെലവ് വരുന്നത് രണ്ടു ലക്ഷം രൂപയാണ്. മികച്ച കൃഷിരീതി അവലംബിക്കാന്‍ സാധിച്ചാല്‍, ഒപ്പം നല്ല കര്‍ഷകരെ കൂടെ കിട്ടിയാല്‍ ലാഭം കൊയ്യാം. ഇത്തവണ തനിക്ക് ഏറ്റവും മികച്ച ലാഭമാണുണ്ടായത്. 25 കിലോയോളം വരുന്ന ഏഴായിരം കുട്ട തക്കാളിയാണ് വില്‍ക്കാനായതെന്നും അദ്ദേഹം പറയുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗമടക്കം പുത്തന്‍ ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് മഹിപാല്‍ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. അത് വിളവെടുപ്പിലടക്കം പ്രതിഫലിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

 

Telangana farmer nets Rs 1.8 crore in a month with tomato