ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നൊക്കെ പറയാറുണ്ടെങ്കിലും സിംഹം പുല്ലു തിന്നുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സിംഹം നോൺ വെജിറ്റേറിയനാണെന്നും മറ്റ് മൃഗങ്ങളെ വേട്ടയാടി വയറു നിറയ്ക്കുമെന്നും കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരു ഭീമൻ സിംഹം ഇലകൾ പറിച്ച് തിന്നുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഇതിനുള്ള കാരണം വളരെ രസകരവുമാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദ ട്വിറ്ററിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചത്.
‘ഇത് ആശ്ചര്യകരമായിരിക്കാം, പക്ഷേ അവർ പുല്ലും ഇലയും കഴിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. വയറുവേദന വരുമ്പോഴെല്ലാം വെള്ളത്തിന് പകരം ഇലകൾ കഴിക്കാൻ അവൻ ഇഷ്ടപ്പെടുന്നു, അത് വയറുവേദനയ്ക്ക് ആശ്വാസം നൽകുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. കുറഞ്ഞ സമയം കൊണ്ട് ഒട്ടേറെപ്പേരാണ് വിഡിയോയോയോട് പ്രതികരിച്ചത്. പുല്ലിൽ ഫോളിക് ആസിഡ് അടങ്ങിയതിനാൽ ഇത് ഭക്ഷണത്തിൽ ഒരു സപ്ലിമെന്റായി പ്രവർത്തിക്കുമെന്നും മാംസം കഴിച്ചതിന് ശേഷം നായ്ക്കളും പൂച്ചകളും പുല്ല് കഴിക്കുന്നത് അതുകൊണ്ടാണെന്നും ചിലർ വിശദീകരിച്ചു.