Tomato-04

രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെ കുതിയ്ക്കുകയാണ്. എന്നാല്‍ വിലക്കയറ്റം മാത്രമല്ല കര്‍ഷകരെ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍മാരാക്കിയും കുടുംബ കലഹമുണ്ടാക്കിയും കള്ളന്‍മാര്‍ക്ക് പ്രിയ്യപ്പെട്ടവനായും തക്കാളി മാര്‍ക്കറ്റില്‍ ‘ഷൈന്‍’ ചെയ്യുകയാണ്. തക്കാളിയെ ചുറ്റിപ്പറ്റി നിരവധി സംഭവവികാസങ്ങളാണ് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

കര്‍ഷകരെ കോടീശ്വരന്‍മാരാക്കുന്ന തക്കാളി

 

വില കുതിയ്ക്കുമ്പോഴും കര്‍ഷകരെ കോടീശ്വരന്‍മാരും ലക്ഷപ്രഭുക്കളുമാക്കി മാറ്റുകയാണ് തക്കാളി. മഹാരാഷ്ട്രയിലെ പൂനെയില്‍ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗയാക്കര്‍ ഒരു മാസം കൊണ്ട് തക്കാളി വിറ്റ് സമ്പാദിച്ചത് 1.5 കോടിയിലധികം രൂപയാണ് സമ്പാദിച്ചത്. പൂനെ ജില്ലയിലെ ജുന്നാർ നഗരത്തിൽ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ ഇതിനകം കോടീശ്വരന്മാരായെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. അതേസമയം കോലാറിലെ കർഷക കുടുംബത്തിന് ഒറ്റ ദിവസം 38 ലക്ഷം രൂപയാണ് തക്കാളി വിറ്റ വകയില്‍ ലഭിച്ചത്. കർഷകനായ പ്രഭാകർ ഗുപ്തയാണ് തക്കാളി വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചത്. 

 

കുടുംബം തകര്‍ക്കുന്ന തക്കാളി

 

വില കുത്തനെ കൂടുന്നമ്പോള്‍ കുടുംബബജറ്റ് മാത്രമല്ല കുടുംബബന്ധങ്ങളിലും തക്കാളി വില്ലനായിക്കഴിഞ്ഞു. കറിയില്‍ രണ്ട് തക്കാളി ഇട്ടതിന്റെ പേരില്‍ ഭാര്യ പിണങ്ങിപ്പോയെന്ന പരാതിയുമായാണ് മധ്യപ്രദേശില്‍ സന്ദീപ് എന്ന യുവാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കറിയില്‍ തക്കാളി ഇടരുതെന്നാണ് ഭാര്യ പറഞ്ഞിരുന്നെങ്കിലും സന്ദീപ് ഇത് അനുസരിച്ചിരുന്നില്ല. 

 

കള്ളന്‍മാര്‍ക്കും പ്രിയം തക്കാളി

 

വില കുതിച്ചുയരുമ്പോള്‍ കള്ളന്‍മാര്‍ക്കും പ്രിയപ്പെട്ടതായി മാറുകയാണ് തക്കാളി. പല സ്ഥലങ്ങളിലും മോഷണവും പതിവായിട്ടുണ്ട്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ നിന്ന് 26 കിലോ തക്കാളിയാണ് മോഷണം പോയത്. മാർക്കറ്റിൽ രണ്ട് കടകളിൽ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി എന്നിവയാണ് മോഷണം പോയത്. തക്കാളി പാടങ്ങളില്‍ വരെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ഷകര്‍.

 

തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി അജ്ഞാത സംഘം

 

ആന്ധ്രപ്രദേശില്‍ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതും തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനാണെന്നാണ് കരുതുന്നത്. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

തക്കാളി വാങ്ങുന്നത് നിര്‍ത്തി ഇന്ത്യക്കാര്‍

 

ഇതിനിടെ പലരും തക്കാളി വാങ്ങുന്നത് നിര്‍ത്തി എന്നും പഠനങ്ങള്‍ വന്നു. ഏഴ് ശതമാനം ഇന്ത്യക്കാരാണ് വിലവര്‍ധനവിനെ തുടര്‍ന്ന് തക്കാളി വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഗവേഷണ സ്ഥാപനമായ ലോക്കല്‍സര്‍ക്കിള്‍സാണ് ഇതു സംബന്ധിച്ച സര്‍വേഫലം പുറത്തുവിട്ടത്. രാജ്യത്തെ 311 ജില്ലകളില്‍ നിന്നുള്ള പ്രതികരണങ്ങളെടുത്തായിരുന്നു സര്‍വേ.

 

Tomato Price Hike