Tomato-04

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് തക്കാളി വില. ഇതോടെ തക്കാളി കര്‍ഷകര്‍ക്ക് നല്ലകാലമാണ്. സാധാരണ മഴയും മറ്റ് പ്രതികൂല ഘടകങ്ങളും മൂലം തക്കാളി കര്‍ഷകരുടെ ദുരിതം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്നിതാ തക്കാളി വിറ്റ് കോടിശ്വരനായ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് എത്തുന്നത്. പൂനെയിലെ തുകറാം ഭാഗോജി ഗായകര്‍ എന്ന കര്‍ഷകനാണ് പതിമൂവായിരത്തോളം തക്കാളിക്കൂടകള്‍ ഒരുമാസം കൊണ്ട് വിറ്റ് ഒന്നരക്കോടിയോളം രൂപ സമ്പാദിച്ചത്.

 

18 ഏക്കര്‍ സ്ഥലമാണ് ഈ കര്‍ഷകനുള്ളത്. ഇതില്‍ 12 ഏക്കറിലിലും കൃഷിചെയ്യുന്നത് തക്കാളിയാണ്. മകനും മരുമകളുമാണ് കൃഷിപ്പണികളില്‍ തുകറാമിനെ സഹായിക്കുന്നത്. കൃഷിഭൂമിയില്‍ പ്രയോഗിക്കേണ്ട വളങ്ങളെയും മരുന്നുകളെയും കുറിച്ച് തങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അതുകൊണ്ടു തന്നെ മികച്ച വിളവാണ് ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 

 

900 കൂട തക്കാളി വിറ്റ് ഒറ്റദിവസം കൊണ്ട് 18 ലക്ഷം രൂപയാണ് തുകറാം സമ്പാദിച്ചത്. ഒരു കൂട തക്കാളിക്ക് 2,100 രൂപ വരെ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മാസം 1,000 മുതല്‍ 2,400 രൂപ വരെ ഒരു കൂട തക്കാളിക്കു ലഭിച്ചിരുന്നു. ഇതോടെ പൂനെയില്‍ ഒട്ടുമിക്ക കര്‍ഷകരും തക്കാളി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും തുകറാം പറഞ്ഞു.

 

കൃഷി ലാഭത്തിലായതോടെ ഈ കര്‍ഷകര്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കി. ഇതിലൂടെ നൂറുകണക്കിന് സ്ത്രീകള്‍ക്ക് ജോലി കൊടുക്കാനും സാധിക്കുന്നുണ്ട്. ഒരു മാസം 80 കോടിയോളം രൂപയുടെ കച്ചവടം ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ജുന്നു അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി എന്നാണ് സംഘടനയുടെ പേര്. 

 

നിലവില്‍ 125 രൂപയോളമാണ് ഒരു കിലോ തക്കാളിയുടെ വില. മികച്ച ഗുണനിലവാരമുള്ള ഒരു കൂട തക്കാളി, ഏതാണ്ട് 20 കിലോ തക്കാളിക്ക് 2,500 രൂപയാണ് വില. കര്‍ണാടകയിലെ കോലാറില്‍ 2,000 കൂട തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ച കര്‍ഷകന്റെ വാര്‍ത്തയും നേരത്തെ എത്തിയിരുന്നു.

 

Farmer becomes millionaire in a month by selling tomatoes