കടലിന്റെ നിറം മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകം. കഴിഞ്ഞ 20 വര്‍ഷം കൊണ്ടാണ് ഈ നിറംമാറ്റം വന്‍തോതില്‍ പ്രകടമായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഉഷ്ണമേഖലയോട് അടുക്കുമ്പോള്‍ നീലയില്‍ നിന്നും നേര്‍ത്ത പച്ചയിലേക്ക് കടല്‍നിറം മാറുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകമെങ്ങും ഈ പ്രതിഭാസം ദൃശ്യമാകുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രത്യേകിച്ചും കുഞ്ഞന്‍ പ്ലാങ്ടണുകളിലുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കടലിലെ ഭക്ഷ്യശൃംഖലയിലും അന്തരീക്ഷ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും പ്ലാങ്ടണുകള്‍ക്ക് വലിയ പങ്കാണുള്ളത്. ഇവയുടെ നിറം മാറുന്നതാണ് കടലിലിന്റെ ഉപരിതലത്തിലേക്ക് പ്രതിഫലിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഉള്ളിലെ ആവാസ വ്യവസ്ഥയുടെ നിറമാണ് അത് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കടലിന്റെ നിറം മാറുന്നുവെന്നാല്‍ അതിനുള്ളിലെ ജൈവപരിസ്ഥിതിയും മാറുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്ന് ഗവേഷകരില്‍ പ്രധാനിയായ ബി.ബി. കെയ്ല്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. 

ബഹിരാകാശക്കാഴ്ചയില്‍ പെയിന്റിങിന് സമാനമായാണ് കടലിന്റെ നിറം കാണാന്‍കഴിയുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. കടുംനീല നിറത്തിനുള്ളില്‍ അത്രയധികം ജീവനുണ്ടാകില്ലെന്നും പച്ചയായി പ്രതിഫലിക്കുന്നത് കൂടുതലായി പ്രകാശസംശ്ലേഷണം നടക്കുന്നുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. കടലിലെ ഫൈറ്റോപ്ലാങ്ടൂണുകളാണ് ഇതിന് കാരണമെന്നും കൂടുതല്‍ അളവില്‍ ഓക്സിജന്‍ പുറത്തേക്ക് വിടാന്‍ ഫൈറ്റോപ്ലാങ്ടൂണുകള്‍ക്ക് കഴിയും.

എന്നാല്‍ നിറം മാറ്റത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. 30 വര്‍ഷത്തെ തുടര്‍ച്ചയായ നിരീക്ഷണത്തില്‍ നിറം മാറ്റം പ്രകടമാണെങ്കില്‍ മാത്രം ഇതിനെ ഗൗരവമായി കണ്ടാല്‍ മതിയെന്നും വര്‍ഷാവര്‍ഷം നിറംമാറ്റം കാണാറുണ്ടെന്നുമാണ് വിലയിരുത്തല്‍. കടലില്‍ വര്‍ണ വൈവിധ്യമുണ്ടെന്നും എന്നാല്‍ നഗ്ന നേത്രങ്ങള്‍കൊണ്ട് നോക്കുന്നത് കൊണ്ട് നീലയായി കാണുന്നുവെന്നതാണ് വാസ്തവമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. കടലിന് വര്‍ഷാവര്‍ഷമുണ്ടാകുന്ന നിറം മാറ്റത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്താണ് കാലാവസ്ഥാ മാറ്റമാണ് നിറംമാറ്റത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നത്. കൃത്യമായ കാരണം കാലാവസ്ഥാ വ്യതിയാനമാണോ എന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതിശയിപ്പിക്കുന്നതിനിലേറെ പുതിയ റിപ്പോര്‍ട്ട് തന്നെ ഭയപ്പെടുത്തുന്നുവെന്നും മനുഷ്യന്റെ ഇടപെടലുകളെ തുടര്‍ന്ന് പ്രകൃതിയിലുണ്ടായ മാറ്റമാണ് കടലിന്റെ നിറംമാറ്റത്തിന് പിന്നിലെന്നും സെന്റര്‍ഫോര്‍ ഗ്ലോബല്‍ ചെയ്ഞ്ച് സയന്‍സിലെ മുതിര്‍ന്ന ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളുമായ സ്റ്റെഫാന്‍ ഡറ്റ്കീവ്സ് പറയുന്നു. 

 

Oceans are changing colour; study report