ചന്ദ്രയാന്‍ 3 എന്ന സ്വപ്നം കുതിച്ചുയരാനിരിക്കെ ഇന്ത്യയുടെ ചാന്ദ്രദൗത്യം തുടങ്ങിയത് എങ്ങനെ എന്നറിയാം. 

 

2003 ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആണ് ആ ചരിത്രദൗത്യം പ്രഖ്യാപിക്കുന്നത്. ഇന്ത്യ ചന്ദ്രനിലേയ്ക്ക് യാത്ര തിരിക്കുന്നു. 2000ല്‍ രൂപീകരിച്ച ദേശീയ ചാന്ദ്രദൗത്യ കര്‍മസേനയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ആ പ്രഖ്യാപനം. അങ്ങനെ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി 2008 ഒക്ടോബറില്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വിയുെട ചിറകിലേറി ചന്ദ്രയാന്‍ 1 പറന്നുപൊങ്ങി. 2008 നവംബര്‍ എട്ട്, സ്വപ്നസാക്ഷാത്കാരം ചന്ദ്രയാന് 1 ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങി . നവംബര്‍ 14ന് 

മൂണ് ഇംപാക്ട് പ്രോബ് എന്ന ഇംപാക്ടര്‍ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യം ഉറപ്പിച്ചു. 2009 മാര്‍ച്ചില്‍ 70,000ത്തോളം ചിത്രങ്ങള്‍ ചന്ദ്രയാനില്‍നിന്ന് ലഭിച്ചു. ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ ഇറങ്ങിയ അപ്പോളോ 11 ന്‍റെ അടയാളങ്ങളുടെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തി. 2009 ഓഗസ്റ്റ് 30ന് ദൗത്യത്തിന്‍റെ 90 ശതമാനം പൂര്‍ത്തിയാക്കിയാണ് ചന്ദ്രയാന്‍ 1 അവസാനിപ്പിച്ചത്.  312 ദിവസം കൊണ്ട് 3400ല്‍ അധികം തവണ ചന്ദ്രയാന്‍ 1 ചന്ദ്രനെ ചുറ്റി. തുടര്‍ന്ന് പേടകത്തിന്റെ സെന്‍സറുകളില്‍ ഒന്നിന് തകരാറുണ്ടാവുകയായിരുന്നു. 2009 പെസ്റ്റംബര്‍ 24നായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയത്തിന് ലോകത്തിന്റെ അംഗീകാരം ലഭിച്ചത്. പേടകത്തിലുണ്ടായിരുന്ന തങ്ങളുടെ പരീക്ഷണ ഉപകരണം 'മൂണ്‍ മിനറോളജി മാപ്പര്‍' ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി നാസ പ്രഖ്യാപിച്ചു. 

 

2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 യാത്ര തുടങ്ങി. എന്നാല്‍ സോഫ്ട് ലാന്‍ഡിങ് സാധിച്ചില്ല. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ലാന്‍ഡറിന്‍റെ കാലുകള്‍ തകര്‍ന്നു. ചന്ദ്രയാന്‍ ഒന്നിന്റെ വിജയഗാഥ ആവര്‍ത്തിക്കാനായില്ലെങ്കിലും രണ്ടിന്‍റെ ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്നു. ലാന്‍ഡറിന്‍റെ കാലുകള്‍ക്കടക്കം ബലംകൂട്ടി പിഴവ് പരിഹരിച്ചാണ് ചന്ദ്രയാന്‍ 3 എത്തുന്നത്

ചന്ദ്രയാന്‍ ഒന്നിന് 386 കോടിരൂപയും രണ്ടിന് 970 കോടി രൂപയും മൂന്നിന് 615 കോടിരൂപയുമാണ് ചെലവ്. മറ്റ് രാജ്യങ്ങളെ വിസ്മയിപ്പിച്ച തീര്‍ത്തും തുച്ഛമായ തുക