ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന കറ്റമരൻ വികസിപ്പിച്ച് മലയാളി അടങ്ങുന്ന കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികൾ. ഇവർ നിർമ്മിച്ച യാലി 2.0 എന്ന കറ്റമരൻ മേണാക്കോയിൽ  നടക്കുന്ന വേൾഡ് എനർജി ബോട്ട് ചലഞ്ചിൽ ഇടം നേടി. ഇന്ത്യയിൽ നിന്നും ചലഞ്ചിൽ യോഗ്യത നേടുന്ന ഏക ടീമാണിത്.

 

കോയമ്പത്തൂർ കുമരഗുരു കോളേജിലെ 10 എൻജിനീയറിങ്  വിദ്യാർത്ഥികൾ ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജനിൽ കറ്റമരൻ നിർമ്മിച്ചത്. യാലി എന്ന് പേരിട്ടിരിക്കുന്ന കറ്റമരനിൽ  വിദ്യാർത്ഥികൾ തനിയെ നിർമ്മിച്ച പ്രൊപ്പൽഷൻ സിസ്റ്റവും  പ്രത്യേകതയാണ്. ഈ കറ്റമരനാണ് മൊണാക്കോയിൽ നടക്കുന്ന ലോക എനർജി ബോട്ട് ചലഞ്ചിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.  പാലക്കാട് സ്വദേശിയായ കിരൺ ലാൽ നേതൃത്വം നൽകുന്ന ടീം സീ ശക്തിയാണ് യാലിയുമായി മൊണാക്കോയിൽ എത്തിയത്. 

ഇത് രണ്ടാമത്തെ തവണയാണ് ടീം സീ ശക്തി ബോട്ട് ചലഞ്ചിൽ ഭാഗമാകുന്നത്. കഴിഞ്ഞവർഷം സോളാറിൽ പ്രവർത്തിക്കുന്ന കറ്റമരനുമായി മത്സരത്തിന് ഇറങ്ങിയിരുന്നു. ആറാം സ്ഥാനമാണ്  കരസ്ഥമാക്കിയത്. ഇത്തവണ ഹൈഡ്രജനിൽ  പ്രവർത്തിക്കുന്ന കറ്റമരനിൽ 17 രാജ്യങ്ങളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്.  ഗ്രീൻ ബോട്ടിംഗ് ലക്ഷമിട്ട് മോണാക്കോ യാച്ച് ക്ലബ്ബാണ്  ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി എനർജി ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നത്.