പോറ്റി വളർത്തിയ കുറുംബയമ്മയ്ക്ക് അബുദാബി കാണാൻ മോഹം. ആഗ്രഹമറിഞ്ഞ അസീസ് കുറുംബയമ്മയെ പറത്തി ക്കൊണ്ടു പോയി. തന്റെ മാതാവിനു തുല്യമായാണ് തിരുനാവായ എടക്കുളം സ്വദേശി അസീസ് കാളിയാടൻ കുറുംബയെ കാണുന്നത്. ഇരുവരും അയൽവാസികളാണ്. അസീസിനെയും 9 സഹോദരങ്ങളെയും നോക്കി വളർത്തിയത് അയൽവാസികളായ അയ്യപ്പനും കറുപ്പയും മകൾ കുറുംബയുമായിരുന്നു. അസീസിന്റെ ഉമ്മയ്ക്ക് സഹോദര തുല്യയായിരുന്നു കുറുംബ.
മുൻപ് പ്രയാസമുണ്ടായിരുന്ന സമയത്ത് അസീസിന്റെ കുടുംബത്തെ ഒരു കുറവും കൂടാതെ നോക്കിയിരുന്നതും കറുപ്പയും കുറുംബയുമായിരുന്നു. കാലങ്ങൾ കഴിഞ്ഞു. ഇതിനിടെ അസീസ് ഗൾഫിലെത്തി. കുറുംബയ്ക്കും ഗൾഫ് കാണണമെന്നൊരു മോഹമുണ്ടായി. ഇതറിഞ്ഞ അസീസ് കുറുംബയെ വിമാനത്തിൽ അബുദാബിയിൽ എത്തിച്ചു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് കുറുംബയെ അബുദാബിയിൽ എത്തിച്ചത്. ഇത്തവണ അബുദാബിയിൽ നടക്കുന്ന മലപ്പുറം കൂട്ടായ്മയിൽ മുഖ്യാതിഥി കുറുംബയാണ്. അസീസ് സാമൂഹികപ്രവർത്തകനും കെഎംസിസി നേതാവുമാണ്.