wilson-search

അമേസിങ് ആമസോൺ... നീണ്ട നാൽപതു നാളുകൾക്കൊടുവിൽ ആ ശുഭവാർത്ത കേട്ട് ലോകം ഒന്നടങ്കം പറഞ്ഞ വാക്കുകളാണിത്. വിമാനം തകർന്ന് കൊളംബിയയിലെ ആമസോൺ കാട്ടിലകപ്പെട്ട നാലു കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. പക്ഷെ അപ്പോഴും ഒരു ദുഖം ബാക്കി. ദൗത്യസംഘത്തോടൊപ്പം തിരച്ചിലിനായി കാട്ടിലെത്തിയ വിൽസൺ എന്ന ബൽജിയൻ ഷെപ്പേഡ് നായ എവിടെ ?. വിൽസനായി തിരച്ചിൽ ഊർജിതമാണെങ്കിലും ഇനിയും കണ്ടെത്താനായില്ല. നിഗൂഢതയുടെ നിബിഡവനാന്തരങ്ങളിൽ എവിടെയോ അവൻ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. 

 

‘‘മിലാഗ്രോ’– അതായിരുന്നു കോഡ് വാക്ക്. വിവിധ യൂണിറ്റുകളായുള്ള സൈന്യത്തിന്റെ തിരച്ചിലിനിടെ കുട്ടികളെ ആരു കണ്ടെത്തിയാലും ഈ വാക്കാണു കൈമാറേണ്ടിയിരുന്നത്. സ്പാനിഷിൽ ‘അദ്ഭുതം’ എന്നർഥം. കുട്ടികളെ കണ്ടെത്തിയപ്പോൾ ടിഎപി ഒന്നാം യൂണിറ്റ് ആവേശത്തോടെ അലറിവിളിച്ചു– ‘‘മിലാഗ്രോ’’. ആമസോൺ എന്ന അദ്ഭുത പ്രപഞ്ചത്തിൽ ഒരിക്കൽക്കൂടി ആ വാചകം മുഴങ്ങുന്നതിനായി കാതോർക്കുകയാണ് ഏവരും. ‘ഓപ്പറേഷൻ ഹോപ്’ ദൗത്യസംഘത്തോടൊപ്പം കാട്ടിലെത്തിയതാണ് വിൽസൺ എന്ന ബൽജിയൻ ഷെപ്പേഡ് നായ. ഗോത്രവർഗക്കാരെപ്പോലെ ബൽജിയൻ ഷെപ്പേഡ് നായകളുടെ വൈദഗ്ധ്യം തിരച്ചിലിനെ ഏറെ സഹായിച്ചിരുന്നു. കാണാതായ കുട്ടികളുടെ കൂടെയുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. മേയ് പതിനെട്ടിനാണ് ഇതിനെ കാണാതാകുന്നത്. നായ തങ്ങൾക്കൊപ്പം 3–4 ദിവസം ഉണ്ടായിരുന്നുവെന്നും അപ്പോൾ തന്നെ ഭക്ഷണമില്ലാതെ ക്ഷീണിച്ചിരുന്നെന്നും കുട്ടികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ദൗത്യസംഘം നായയെ കണ്ടെങ്കിലും അടുത്ത് വരാൻ മടികാണിച്ചു. ഒരു വർഷത്തോളം കമാൻഡോ പരീശീലനം ലഭിച്ച നായ ഇത്തരത്തിൽ പെരുമാറിയത് അമ്പരപ്പിച്ചു. ആമസോൺ വനാന്തരങ്ങളിലെ മറ്റു വന്യമൃഗങ്ങളുമായുള്ള സമ്പർക്കം വിൽസണിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നാണ് കൊളംബിയൻ സൈന്യം കരുതുന്നത്. 

ബൽജിയൻ ഷെപ്പേഡ് നായ്ക്കൾ അവയെ കൊണ്ടുനടക്കുന്ന സൈനികരെ ഒരിക്കലും വിട്ടുപിരിയാറില്ല. എന്നാൽ ഒരു രാത്രി വിൽസൻ ഓടിപ്പോയശേഷം തിരികെ വന്നില്ല. ഒരുതവണ കുട്ടികളിലൊരാളുടെ കാൽപാടുകൾക്കൊപ്പം നായയുടെ കാൽപാടുകളും കണ്ടു. ദിവസങ്ങൾക്കു മുൻപും സൈനികരുടെ കൺവെട്ടത്ത് എത്തിയശേഷം നായ ഓടിപ്പോയി. കുട്ടികളെ കിട്ടിയശേഷവും വിൽസനെക്കുറിച്ചു മാത്രം വിവരമില്ല. എവിടെയാണ് അവൻ ? . എന്തുകൊണ്ടാകും അവൻ ഒളിച്ചുനടക്കുന്നത് ?

സൂപ്പർഡോഗ് എന്ന വിശേഷണമുള്ളവയാണ് ആമസോൺ കാടുകളിലെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ ബെൽജിയൻ ഷെപ്പേഡ് നായകൾ. അസാമാന്യ ബുദ്ധിശക്തി, ഒന്നാന്തരം കായികക്ഷമത, പരിശീലിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്താനും അനായാസം പഠിച്ചെടുക്കാനുമുള്ള കഴിവ്... ഇതെല്ലാം ബൽജിയൻ ഷെപ്പേഡ് നായകളുടെ പ്രത്യേകതകളാണ്. പലപ്പോഴും പരിശീലകരെപ്പോലും അദ്ഭുതപ്പെടുത്തുന്ന കഴിവ്. ആരാധകർ ഏറെയുള്ള ഈ ഇനം പേര് സൂചിപ്പിക്കുന്നതുപോലെ ബെൽജിയംകാരനാണ്. 

പരിശീലിപ്പിക്കുന്ന ഏതു ട്രിക്കും അതിവേഗം പഠിച്ചെടുക്കും. അത് എന്നും ഓർമയിൽ ഉണ്ടാവുകയും ചെയ്യും. മോഷ്ടാക്കളെ പിന്തുടർന്നു കണ്ടെത്തൽ, സ്ഫോടക വസ്തുക്കൾ, ലഹരി മരുന്നുകൾ മുതലായവ മണത്ത് അറിയൽ തുടങ്ങിയവയിലെല്ലാം മിടുക്കുണ്ടെങ്കിലും രക്ഷാദൗത്യങ്ങളിലാണ് ബെൽജിയം ഷെപ്പേഡ് ഏറെ തിളങ്ങാറ്. കെട്ടിടാവിശിഷ്ടങ്ങൾക്കിടയിലും മറ്റു ദുർഘടസാഹചര്യങ്ങളിലും അകപ്പെട്ടവരെ ഇവ പലപ്പോഴും കണ്ടെത്തുന്നത് വിയർപ്പിന്റെ ഗന്ധം മുതൽ ഹൃദയമിടിപ്പിന്റെയും ശ്വാസഗതിയുടെയും താളം വരെ ഒപ്പിയെടുത്തിട്ടായിരിക്കും. എത്ര വലിയ കയറ്റവും കുഴിയും താണ്ടിയാലും വറ്റാത്ത ഊർജസ്വലത ഇവയെ ദൗത്യസംഘങ്ങളുടെ പ്രിയപ്പെട്ടവനാക്കുന്നു. 

40 നാൾ നാലു കുഞ്ഞുസഹോദരങ്ങളെ കാത്ത കാട് വിൽസൺ എന്ന നായയേയും കാത്തുകൊള്ളുമെന്നു വിശ്വസിക്കാനാണ് ലോകത്തിന് ഇഷ്ടം. കുട്ടികളുടെ തിരച്ചിൽ ദൗത്യത്തിനു സൈന്യം നൽകിയ പേരായിരുന്നു ഹോപ്. അതെ, പ്രതീക്ഷയോടെ ലോകം കാത്തിരിക്കുകയാണ്,  ശൗര്യം ഒട്ടും ചോരാതെ കുതിച്ചു വരുന്ന അവന്റെ വരവിനായി...പ്രാർഥനയോടെ

 

Amazon plane crash: search continues for missing rescue dog Wilson