ammalnewwb

90 വയസ്സുണ്ട് സരസ്വതി അമ്മാള്‍ക്ക്. പതിനഞ്ചു വര്‍ഷമായി കിടപ്പിലാണ്. പക്ഷേ നാരങ്ങാമിഠായിയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും നടക്കില്ല. ദിവസവും 40 എണ്ണം കിട്ടണം, കിട്ടിയില്ലെങ്കില്‍ അമ്മൂമ്മ അമ്മാളല്ലാതാകും. അനിയന്ത്രിതമായ ദേഷ്യം കാണിക്കും. നാരങ്ങാമിഠായി നിഷേധിച്ചാല്‍ പിന്നെ നാരങ്ങാനീരു പോലും അമ്മാള്‍ കുടിക്കില്ല. പട്ടിണി കിടക്കുമ്പോഴുള്ള ആരോഗ്യപ്രതിസന്ധി നാരങ്ങാമിഠായി കഴിക്കുന്നതിനേക്കാള്‍ രൂക്ഷമായതു കൊണ്ടു തന്നെ മകന്‍ കണ്ണന്‍ സ്വാമി അഞ്ചാറു കുപ്പി നിറയെ നാരങ്ങാമിഠായി വാങ്ങിവെച്ചിട്ടുണ്ട് വീട്ടില്‍. വീട്ടിലേക്ക്് അരി വാങ്ങാന്‍ മറന്നാലും മിഠായി വാങ്ങാന്‍ സ്വാമി മറക്കില്ല. നൂറ്റി അന്‍പതോളം മിഠായി ഉണ്ട് ഒരു കുപ്പിയില്‍, അതു തുറന്നു കഴിഞ്ഞാല്‍ പിന്നെ ദാ ദാ എന്നും പറഞ്ഞ് തീരും. വായില്‍ ഒരൊറ്റ പല്ലും ഇനി അവശേഷിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ കൂടിയപ്പോള്‍ വയറു നിറയെ മരുന്നുകള്‍ കഴിക്കേണ്ടി വന്നു അമ്മാള്‍ക്ക്, പത്തുപതിനഞ്ച് സൈസുണ്ടെന്നാണ് സ്വാമിയുടെ പക്ഷം. മരുന്ന് കഴിച്ചു കഴിച്ച് വണ്ണവും കൂടി, വായിലെ രുചിയും പോയി. അങ്ങനെ വായിലൊരു രുചിക്കായി കഴിച്ചു തുടങ്ങിയതാണ് മിഠായി. അതുപിന്നെ അമ്മാളിന്റെ ദിനചര്യയായി മാറി. ഡോക്ടര്‍ എല്ലാ മാസവും വന്ന് ബിപി പരിശോധിക്കും, എത്ര നാരങ്ങാമിഠായി കഴിച്ചാലും അമ്മാളിന് ഡയബറ്റിസ് ഒന്നും ഇതുവരെയില്ല. ഡോക്ടര്‍ പറയുന്നത് ഇനി ഒന്നും നോക്കണ്ടാ, അമ്മാളിന്റെ ഇഷ്ടത്തിനു വിട്ടേക്കാനാണ്. 

ബാക്കി ഭക്ഷണങ്ങളില്ലെന്നു തന്നെ പറയാം. അര ഗ്ലാസ് കാപ്പി, അര ഗ്ലാസ് ഹോര്‍ലിക്സ്, എന്നിവയൊക്കെയാണ് ഇടയ്ക്കൊക്കെ കഴിക്കുന്നത്. ചില നേരങ്ങളില്‍ അര കപ്പ് ചോറ് കഴിച്ചാല്‍ ഭാഗ്യം. അമ്മയും മകനും മാത്രമാണിപ്പോള്‍ വീട്ടില്‍. സഹോദരങ്ങളൊക്കെ പലയിടങ്ങളിലാണ്. 

 

Saraswathi Ammal taking 40 lemon candies in a day