മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെറ്റി നിക്ഷേപിച്ച പണം മടക്കി നല്‍കിയ കേരള സര്‍ക്കാരിനെ പ്രശംസിച്ച് തമിഴ്നാട് സ്വദേശി. കേരളത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനായി റസൂല്‍പൂക്കുട്ടി ട്വിറ്ററില്‍ ആഹ്വാനം ചെയ്ത #Mykeralastory എന്ന ഹാഷ്ടാഗിലാണ് തമിഴ്നാട് സ്വദേശിയായ നന്ദകുമാര്‍ സദാശിവം തനിക്കുണ്ടായ ഹൃദ്യമായ അനുഭവം പങ്കുവച്ചത്.
പ്രളയകാലത്ത് കേരളത്തെ സഹായിക്കുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്ദകുമാര്‍ 2000 രൂപ സംഭാവന നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ അക്കൗണ്ടിലേക്ക് പിഴവ് പറ്റി 10,000 രൂപ നിക്ഷേപിച്ചു. പണം സിഎംഡിആര്‍എഫിലേക്കാണ് പോയതെന്ന് മനസിലായതോടെ ഗൂഗിളില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയെ താന്‍ വിളിച്ചുവെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഇ–മെയില്‍ അയച്ചതിന് പിന്നാലെ മുഴുവന്‍ പണംവും തിരികെ ലഭിച്ചുവെന്നും നന്ദകുമാര്‍ കുറിച്ചു.
സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും അപൂര്‍വമായി കേള്‍ക്കുന്ന കാര്യമാണെന്നും പങ്കുവച്ചതില്‍ സന്തോഷമെന്ന ക്യാപ്ഷനോടെ റസൂല്‍ പൂക്കുട്ടിയാണ് ഇത് റീട്വീറ്റ് ചെയ്തത്.