കദളിപ്പഴം ഇനി കുക്കീസിന്‍റെ രൂപത്തിലും രുചിച്ചറിയാം. തൃശൂര്‍ മറ്റത്തൂര്‍ ലേബര്‍ സര്‍വീസ് സഹകരണ സംഘമാണ് കദളിക്കുക്കീസുകള്‍ വിപണിയില്‍ എത്തിക്കുക. ഇതിന് മുന്നോടിയായി കൊച്ചിയിലെ സഹകരണ എക്സ്പോയിലാണ് കുക്കീസ് അവതരിപ്പിച്ചത്.
കദളിപ്പഴത്തില്‍ തീര്‍ത്ത കുക്കീസിന് വിപണിയില്‍ എത്തും മുന്‍പെ ആവശ്യക്കാരേറെയാണ്. കൊച്ചി മറൈന്‍ ഡ്രൈവിലെ സഹകരണ എക്സ്പോയില്‍ കദളിപ്പഴക്കുക്കീസിന് പുറമെ കദളിപ്പഴം കൊണ്ടു നിര്‍മിച്ച കേക്കും ഹല്‍വയും ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയിലൂടെയാണ് കദളിപ്പഴം കൊണ്ടു നിര്‍മിച്ച കേക്കും ഹല്‍വയും പുറത്തിറക്കിയത്. ഇത് ജനപ്രീതി നേടിയതോടെയാണ് ഇത്തവണ കുക്കീസ് പുറത്തിറക്കിയത്. അടുത്ത മാസം ആദ്യത്തോടെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തും. 200 ഗ്രാം പാക്കറ്റിന് 70 രൂപയാണ് വില.വരും വര്‍ഷങ്ങളില്‍ കദളിപ്പഴങ്ങള്‍ കൊണ്ടുള്ള സ്ക്വാഷുകളും ഐസ്ക്രീമുകളും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്