ദിനംപ്രതി ചൂട് കൂടി വരികയാണ്. ചൂട് എങ്ങനെ കുറയ്ക്കാമെന്നാണ് ആളുകള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ചൂട് കൂടി കാറിന് തീപിടിക്കുന്നതും നിത്യസംഭവമാണ്. കാറിനുള്ളിലെ ചൂടു കുറയ്ക്കാന്‍ കാറിലാകെ ചാണകം പൂശി വൈറലായിരിക്കുകയാണ് ഒരു ഹോമിയോ ഡോക്ടര്‍. മധ്യപ്രദേശിലാണ് സംഭവം. മാരുതി ഓള്‍ട്ടോ 800 കാറിലാണ് അടിമുടി ചാണകം കൊണ്ടു മൂടിയിരിക്കുന്നത്.
ചൂട് കാലത്ത് കാറിനെ തണുപ്പിക്കാനായി കണ്ടെത്തിയ ഈ മാർഗം തനിക്ക് ഉപകാരപ്രദവുമായെന്നാണ് സുശീൽ സാഗർ എന്ന ഡോക്ടറുടെ വാദം. കാറില്‍ മുഴുവന്‍ ചാണകം പുരട്ടിയതോടെ എ.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമായെന്നും ചൂടില്‍ കുറവുണ്ടായെന്നുമാണ് പറയുന്നത്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ ബാക്കി മുഴുവന്‍ ഭാഗങ്ങളിലും ചാണകം തേച്ചിട്ടുണ്ട്.
എന്നാല്‍ ചാണകം വളരെ വേഗത്തില്‍ തീപിടിക്കുന്ന ഒരു വസ്തുവാണെന്നും, ചില ഗ്രാമീണ മേഖലകളിൽ ഇത്തരം ഉണങ്ങിയ ചാണകം വിറകിന് പകരം ഉപയോഗിക്കാറുണ്ടെന്നും അതിനാല്‍ ആരും ഈയൊരു രീതി പിന്തുടരരുത് എന്നും പലരും കമന്‍റുകളുമായെത്തി. വീടുകളില്‍ ചാണകം ഉപയോഗിച്ച് മെഴുകാറുണ്ടെങ്കിലും കാറുകളില്‍ ചാണകം ഉപയോഗിക്കുന്ന രീതി കണ്ടിട്ടില്ലെന്നുമൊക്കെയാണ് ആളുകളുടെ അഭിപ്രായം.
A Doctor From Madhya Pradesh plasters his Maruti Alto 800 with Cow Dung to stay cool in summer