മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ചിരുന്ന ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽനിന്നു രണ്ടുമാസം മുൻപ് കൊണ്ടുവന്ന ആറു വയസ്സുള്ള ഉദയ് എന്ന ചീറ്റയാണ് ചത്തത്. മരണകാരണം അന്വേഷിക്കുകയാണെന്ന് മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു. നേരത്തെ നബീബിയയിൽനിന്ന് എത്തിച്ച ചീറ്റകളിൽ ഒന്നു ചത്തിരുന്നു . അസുഖംബാധിച്ച് ചികിത്സയിലായിരുന്നു ഉദയ് എന്നാണ് അധികൃതർ അറിയിച്ചത്. പ്രതിദിന പരിശോധനയിൽ ചീറ്റയെ അവശനായി കാണപ്പെട്ടു. എഴുന്നേൽക്കാൻ കഴിയാത്ത വിധം ക്ഷീണിതനായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും നാലു മണിയോടെ ഉദയ് വിടവാങ്ങിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.നേരത്തെ നബീബിയയിൽ നിന്ന് എത്തിച്ച് കുനോ ദേശീയോധ്യാനത്തിൽ പാർപ്പിച്ചിരുന്ന എട്ടു ചീറ്റകളിൽ ഒരു ചീറ്റ ചത്തിരുന്നു. സാക്ഷ എന്ന പെൺചീറ്റയാണ് കഴിഞ്ഞ മാസം ചത്തത്. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നും നബീബിയയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച 20 ചീറ്റകളിൽ ഇനി 18 എണ്ണമാണ് ബാക്കിയുള്ളത്.