ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസ്സമ്മതച്ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടിനടന്ന് ചെയ്യുന്ന ഷൈനായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങില്‍ തിളങ്ങുകയായിരുന്നു ഷൈന്‍. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
റിയ മേരി ചാക്കോ എന്നാണ് സഹോദരിയുടെ പേര്. വിശാൽ ബെന്നെറ്റ് സാമുവൽ ആണ് വരൻ. മുണ്ടൂർ മൗണ്ട് കാര്‍മൽ പള്ളിയിൽ വച്ചായിരുന്നു മനസമ്മതം. പിന്നീട് കൈപ്പറമ്പുള്ള മൂൺലൈറ്റ് പാലസ് ഓഡിറ്റോറിയത്തിൽ വച്ച് റിസപ്ഷനും നടന്നു.കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഉത്തരവാദിതത്തോടെ ഓടി നടക്കുന്ന ഷൈൻ ടോമിനെ വിഡിയോയിൽ കാണാം. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്തത് ഷൈനായിരുന്നു. ‘‘എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍. അതുവെച്ച് നിങ്ങള്‍ റേറ്റിങുണ്ടാക്കരുതെന്ന്’’ പുറകെക്കൂടിയ ക്യാമറ ടീമിനോട് ഷൈന്‍ പറയുന്നുണ്ടായിരുന്നു.
വിവാഹച്ചടങ്ങിനെത്തിയ ഓരോരുത്തരെയും ക്ഷണിച്ചിരുത്തുന്നത് മുതൽ ആരാധകരുടെ സെൽഫിക്ക് പോസ് ചെയ്യുന്നത് വരെയുള്ള തിരക്കുകളിലായിരുന്നു താരം.ഷൈനിന്റെ സഹോദരിക്ക് ആശംസ അറിയിക്കാനായി ദിലീപും എത്തിയിരുന്നു. കുടുംബാംഗങ്ങളെയെല്ലാം ദിലീപിന് ഷൈന്‍ പരിചയപ്പെടുത്തി. ‘‘ഞങ്ങളുടെ സ്‌കൂളിലെ സീനിയര്‍ സ്റ്റുഡന്റാണ്. അസിസ്റ്റന്റ് ഡയറക്ടായി, നടനായി മാറിയവരാണ് ഞങ്ങള്‍.’’–ഷൈൻ പറഞ്ഞു. സംസാരിക്കാനായി മൈക്ക് കൈമാറാന്‍ നോക്കിയെങ്കിലും തന്റെ ആശംസ നേരില്‍ കൊടുത്തെന്നായിരുന്നു ദിലീപിന്റെ കമന്റ്.