kokkipiditoarikombanidukkielephants

പണ്ട് ഇടുക്കിയിൽ കൊക്കിപ്പിടി എന്ന ഒരാനയുണ്ടായിരുന്നു. ‘കൊക്ക്’ എന്ന ശബ്‌ദം കേൾപ്പിച്ചുകൊണ്ട് ഓടിയടുക്കുന്ന ഒരു പിടിയാന. ​അതിനെ ഹൈറേഞ്ചുകാർ കൊക്കിപ്പിടി എന്ന് വിളിച്ചു. ഇപ്പോഴുള്ള ഏതു കൊമ്പനേയും വെല്ലാൻ പോന്ന ആന. ആനകൾക്ക് പേരിടുന്നത് ഇടുക്കിക്കാർക്കിടയിൽ പുതുമയുള്ള കാര്യമല്ല! കൊക്കിപ്പിടി കഴിഞ്ഞ് അരിക്കൊമ്പനും, ചുള്ളിക്കൊമ്പനും, പടയപ്പയും, മുറിവാലനും, ചക്കക്കൊമ്പനുമൊക്കെയായി നീളുന്നു ഈ ആനപ്പേരുകള്‍. ചക്ക ഇഷ്ടഭക്ഷണമാക്കിയവന്‍ ചക്കക്കൊമ്പൻ. നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി വലിയ പ്ലാവുകള്‍ പോലും ഇവന്‍ കുത്തിമറിച്ചിടും.


 
2 പതിറ്റാണ്ടോളമായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളെ ഭീതിയിലാഴ്ത്തുന്നത് അരിക്കൊമ്പനാണ്. 30 വയസ്സിനിടെ പത്തോളം മനുഷ്യരെയാണ് അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. അരിയും ചോറും എടുത്തു തിന്നാനായി അരിക്കൊമ്പൻ തകർത്ത വീടുകൾക്കു കണക്കില്ല. സ്ഥിരമായി നാട്ടിലിറങ്ങി റേഷൻ കടകളും വീടുകളും തകർത്ത് ഭക്ഷ്യ വസ്തുക്കൾ തിന്നുന്ന അരിക്കൊമ്പന്‍റെ സ്വഭാവരീതി മറ്റു കാട്ടാനകളിൽ നിന്ന് വ്യത്യസ്തമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാട്ടിലെ സ്വാഭാവിക തീറ്റയെക്കാൾ അരി, പഞ്ചസാര, ഗോതമ്പ്, ഉപ്പ് എന്നിവയാണ് അരിക്കൊമ്പന്റെ ഇഷ്ട വിഭവങ്ങൾ. തരം കിട്ടുമ്പോഴൊക്കെ അരിക്കൊമ്പൻ നാട്ടിലിറങ്ങും. ഒരേ റേഷന്‍ കട ഒരു വർഷത്തിനിടെ 12 തവണയാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.


 
പുറമേ നിന്ന് കേൾക്കുന്നവർക്ക് ഒരു രസം... ഒരു കൗതുകം എല്ലാമായിരിക്കാം ഈ ആനപ്പേരുകൾ... വിനോദസഞ്ചാരികള്‍ ഇതിനെ ആനപ്രേമമെന്ന് വിളിപ്പിക്കുമായിരിക്കും... 'കാടിറങ്ങിയാൽ നാട്ടാനകളാകുന്നവ' എന്ന് കാൽപനികമായി വിശേഷിപ്പിക്കുമായിരിക്കും... എന്നാല്‍ ഇടുക്കിക്കാർക്ക്, ഹൈറേഞ്ചുകാര്‍ക്ക് അങ്ങിനെയല്ല! പണ്ട് രാത്രിയുടെ നിഴൽ പറ്റിയെത്തിയിരുന്ന ഭീതിയാണ് കാട്ടാനകളെങ്കിൽ ഇന്ന് പകലും ഒഴിയാത്ത ആശങ്കയായി അവ മാറിക്കഴിഞ്ഞു. ഈ ആന ആക്രമണങ്ങൾക്കാകട്ടെ ഇടുക്കിയുടെ കുടിയേറ്റ ചരിത്രത്തോളം പഴക്കമുണ്ട്. ഏതു നിമിഷവും ഒരു ചിന്നംവിളി കേള്‍ക്കുമെന്ന് പേടിച്ച് ജീവിക്കുകയാണ് ഈ നാട്ടുകാർ.

 

How Idukki's wild elephants effects the life of locals