'ഒന്നും പറയാനില്ലേ' 'ഒന്ന് ചോദിക്കണം എന്നുണ്ട്?' 'ഉം...' 'എന്നെ വെറുത്തു തുടങ്ങിയോ' 'എന്തിന്?' 'ഒരിക്കല്‍ എന്നെ സ്നേഹിച്ചിരുന്നത് കൊണ്ട്..'
മലയാളത്തിലെ പെണ്ണുങ്ങളൊക്കെ ആ സ്ത്രീയെ മാത്രം തെല്ല് അല്‍ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടാവണം. സമൂഹം ഭ്രഷ്ട് കല്‍പിച്ച പാപം എന്നെഴുതി മുദ്ര കുത്തിയ പല ചിന്തകളും ഒരു സ്ത്രീ ഭയലേശമെന്യേ കടലാസില്‍ കുറിക്കുന്നു. ഒളിച്ചിരുന്ന് ആ സ്ത്രീയുടെ കഥ വായിച്ച ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടായിരുന്നത്രേ. ഇന്നോ, പ്രണയികളും ഫെമിനിസ്റ്റുകളും എന്തിന് വെറുതെ ദിവാസ്വപ്നം കാണുന്നവര്‍ വരെ അവരുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഉന്മത്തരാകുന്നു.. ആമി അങ്ങനെ കുറെ മനുഷ്യരില്‍ പടര്‍ന്ന് പന്തലിക്കുകയാണ്. എത്രയോ നാള്‍ കഴിഞ്ഞതിന് ശേഷമാണ് അവരുടെ പ്രണയ സങ്കല്‍പങ്ങള്‍ക്കും എഴുത്തുകള്‍ക്കും പച്ച മനുഷ്യരുടെ മണമായിരുന്നു എന്ന് നമ്മളറിഞ്ഞത്. ആമിയുടെ കാലുകള്‍ കാലത്തിനും മുന്‍പേ ഓടുകയായിരുന്നു..
1934 മാര്‍ച്ച് മുപ്പത്തിയൊന്നിനായിരുന്നു മാധവിക്കുട്ടിയുടെ ജനനം. വി.എം നായരും നാലാപ്പാട്ട് ബാലാമണിയമ്മയുമായിരുന്നു മാതാപിതാക്കള്‍. നാലാപ്പാട്ട് തറവാട്ടില്‍ ചിലവഴിച്ച കുട്ടിക്കാലം ആമിയുടെ കൃതികളില്‍ സ്ഥിരം കഥാപാത്രമായി. നാലാപ്പാട്ട് തറവാട് ആമിയെ വല്ലാതെ സ്വാധീനിച്ചു. മാര്‍ക്ക്വേസിന്‍റെ കോളറക്കാലത്തെ പ്രണയം തുടങ്ങുമ്പോള്‍ തന്നെ ബദാമിന്‍റെ മണം തങ്ങി നില്‍ക്കുന്നത് പോലെ കമലയുടെ എഴുത്തിലെല്ലാം ആ തറവാടിന്‍റെ ചൂട്.. അവിടുത്തെ ആളുകളുടെ കാല്‍പെരുമാറ്റങ്ങളും. പുതിയ വായനക്കാരുണ്ടായപ്പോഴേക്കും മാധവിക്കുട്ടിയെന്ന ആമി ഒരു വിപ്ലവമായി, പിന്നീട് അവര്‍ ഓരോ മലയാളി വായനക്കാരുടെയും നിത്യജീവിതത്തിന്‍റെ ഭാഗമായി. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ആമി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്.
ഒരു സ്ത്രീ എങ്ങനെയാണ് ഒരു പറ്റം മനുഷ്യരുടെ പ്രണയ സങ്കല്‍പങ്ങളിലും ദൈവസങ്കല്‍പങ്ങളിലും ഇത്രമേല്‍ ആത്മാവ് പകര്‍ന്നത്. നഷ്ടപ്രണയങ്ങളിലും ജീവിതത്തിന്‍റെ ഇരുളിലുമെല്ലാം ആമി ഒരു മെഴുകുതിരി പോലെ തെളിയാറുണ്ട്. മനസിന്‍റെ വിശാലതയാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.. അത്ര തന്നെ ഉറച്ച് പറയാം ഭംഗിയുള്ളതെല്ലാം സ്വന്തമാക്കിയിട്ടുള്ളതാരാണ്? സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചുവന്നാല്‍ അത് നിങ്ങളുടേതാണ്, അല്ലങ്കില്‍ അത് വേറെ ആരുടെയോ ആണ്.. വീണ്ടും ഒന്നുതൊട്ട് പ്രണയിച്ചുതുടങ്ങാന്‍ ഇതൊക്കെ ധാരാളം.
ഒന്നിനോടും പ്രണയം തോന്നാത്ത മനുഷ്യരെക്കാള്‍ നിസഹായരും ആശയറ്റവരുമായി ആരാണുള്ളത്? സഖിയോടൊ, കര്‍മ്മവഴികളോടെ ഈശ്വരനോടൊ അവനവനോട് തന്നെയോ മനുഷ്യന് പ്രണയം തോന്നിയേ തീരൂ.. ഭംഗിയുള്ള കവിതപോലെ ആമിയെ ആസ്വദിക്കുമ്പോള്‍, അവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന് ചിന്തിക്കണം. അവിടെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനുണ്ട്– അവരുടെ ഭര്‍ത്താവാണ്. പതിനഞ്ചാം വയസിലായിരുന്നു മാധവ് ദാസുമായി വിവാഹം. കമലയുടെ ആഴങ്ങളെയും ആകാശങ്ങളെയും ബഹുമാനിച്ച, സ്നേഹിച്ച ആയാള്‍ക്ക് അവരെക്കാളും ആഴമില്ലായെന്ന് പറയാന്‍ കഴിയില്ല. അന്ന് ഒരു ജനം മുഴുവന്‍ അവരെ ഇകഴ്ത്തിയപ്പോള്‍ 'എഴുതൂ ആമി' എന്നയാള്‍ പറഞ്ഞത് കമലയെ ചില്ലറയൊന്നുമായിരിക്കില്ല ആനന്ദിപ്പിച്ചത്. സ്നേഹിക്കപ്പെടുന്ന പെണ്ണിന് നന്ത്യാര്‍വട്ടപ്പൂവിന്‍റെ ചന്തമുണ്ടാകുമെന്ന് അവര്‍ കുറിച്ചപ്പോള്‍ അതില്‍ മാധവ് ദാസിന്‍റെ ഗന്ധമില്ല എന്ന് തര്‍ക്കിക്കാനാവില്ല.
നമ്മള്‍ പവിത്രമായി സൂക്ഷിച്ച പല സ്നേഹ സങ്കല്‍പങ്ങളും നിഷ്കരുണം ആമി തള്ളി പറഞ്ഞു. ശരീരത്തിലെ ഓരോ രോമകൂപങ്ങളും കൊണ്ട് ആമിയ്ക്ക് സ്നേഹിക്കപ്പെടണമായിരുന്നു. സ്നേഹിക്കുക മാത്രമല്ല സ്നേഹിക്കപ്പെടാന്‍ കൂടി മുന്നോട്ട് വന്നപ്പോഴാണ് കമല മറ്റ് പെണ്ണുങ്ങളെക്കാള്‍ കാതങ്ങളകലെ ചെന്ന് പെട്ടത്. ആമി പറഞ്ഞതുപോലെ, 'ശരീരം മറന്ന് പ്രേമിക്കാന്‍ ഒരാളെ പ്രേമിക്കുകയായിരുന്നു ഞാന്‍.. എന്‍റെ ശരീരം നശിച്ച ശേഷവും എന്നെ സ്നേഹിക്കാന്‍ ത്രാണിയുള്ള ഒരു കാമുകന്‍' – ഇന്നും ആമിക്ക് കാമുകന്‍മാരില്ലെന്നോ.. ഉണ്ട്.. തീര്‍ച്ചയായും. മറച്ച് വെച്ച സ്നേഹ പ്രകടനങ്ങള്‍ക്കും ആമി വിലക്ക് വെച്ചു. സ്നേഹം ജീവനുള്ളപ്പോള്‍ കിട്ടണം. ഇത്ര സുന്ദരമായ സ്നേഹാന്വേഷണങ്ങളിലാണ് മനുഷ്യര്‍ക്ക് അവരവരെ തന്നെ കണ്ടുകിട്ടുന്നത്. എനിക്ക് സ്നേഹം വേണം അത് പ്രകടമായി തന്നെ കിട്ടണം ഉള്ളില്‍ സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാനാവുന്നില്ല എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ശവകുടീരത്തില്‍ വന്ന് പൂവിട്ടാല്‍ ഞാനറിയുമോ? ആമി തീര്‍ച്ചയായും ഒരു പെണ്ണന്ന നിലയില്‍ തന്‍റെ അതിരുകളോട് കലഹിച്ചിരുന്നു. സത്യമാണ്, എന്നാല്‍ അത്ര തന്നെ സ്നേഹമില്ലാതിരുന്ന, മനുഷ്യരെ മറന്നുതുടങ്ങിയ ഒരു സമൂഹത്തോടുമായിരുന്നു ആ എഴുത്തുകള്‍. മാധവിക്കുട്ടി എന്ന എഴുത്തുകാരിയില്‍ ഉണ്ടായിരുന്നു ആ നനവില്‍ മലയാള സാഹിത്യവും ഒത്തിരി വേരൂന്നി.. നാലാപ്പാട്ട് തറവാടിനും മുകളില്‍ വായിക്കാനറിയാവുന്നവര്‍ പാര്‍ത്തുവന്ന എല്ലായിടത്തും തന്നെ ആമി ഒരു വികാരമായി. ആമി കാമിച്ചിരുന്നവർ ഒരുപാടുണ്ടായിരുന്നു.. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പക്ഷികളും മൃഗങ്ങളുമൊക്കെ. ഇപ്പോള്‍ അവരും ആമിയെ പ്രണയിക്കുകയാണ്. മാധവിക്കുട്ടി എന്ന എഴുത്തുകാരി തുടങ്ങി വെച്ച തുറന്നെഴുത്തുകള്‍ അവരില്‍ തന്നെ കെട്ടുപോയില്ല. കുമ്പസാരക്കൂടുകള്‍പ്പോലെ മലയാളത്തില്‍ തുറന്നെഴുത്തുകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു.
വരാണസിയിലെ പടവുകളിലിരുന്ന് എം.ടിയുടെ വൃദ്ധനും പണ്ഡിതനുമായ ഒരാള്‍ ചോദിക്കുന്നത് പോലെ, അമ്പലങ്ങളിലും കുമ്പസാരക്കൂട് വെച്ചാലെന്താ? ലജ്ജയുടെ ലാഞ്ജനയില്ലാതെ എല്ലാം തുറന്ന് പറയാന്‍.. ആമി പറഞ്ഞതുപോലെ തന്നെ, ആ നീര്‍മാതാളം ഇപ്പോഴും പൂക്കാറുണ്ട്.. പക്ഷെ അത്രമേല്‍ പ്രണയാര്‍ദ്രമായി മാറിയിട്ടില്ല അതൊരിക്കലും...!