ചിത്രം: Instagram

ചിത്രം: Instagram

സ‍ഞ്ചാരികളുമായെത്തിയ ജംഗിള്‍ സഫാരി ജീപ്പിനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ട് കാണ്ടാമൃഗം. ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. അനസ്താസിയ ചാപ്മനെന്ന യുവതിയും സുഹൃത്തുക്കളുമായി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കാണ്ടാമൃഗം പാഞ്ഞെത്തിയത്. 

കടുത്ത ദേഷ്യത്തിലായിരുന്ന കാണ്ടാമൃഗം ഒരു കിലോമീറ്ററോളം ജീപ്പിന്റെ പിന്നാലെ പാഞ്ഞെത്തിയെന്ന് യുവതി കുറിച്ചു. സഞ്ചാരികളുടെ ജീവനുമായി ഡ്രൈവര്‍ പരമാവധി വേഗതയില്‍ പാഞ്ഞത് കൊണ്ടാണ് അപകടം കൂടാതെ രക്ഷപെട്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിഡിയോ കാണാം. 

മൂന്ന്, നാല് മിനിറ്റ് നേരത്തേക്ക് ശ്വാസം നിലച്ച് പോയെന്നാണ് ചാപ്മന്‍ കുറിച്ചത്. ചളിനിറഞ്ഞ് ദുര്‍ഘടമായ വഴിയിലൂടെ പരിചയസമ്പന്നത കൊണ്ട് മാത്രമാണ് ഡ്രൈവര്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കാനായതെന്നും അവര്‍ കുറിച്ചു. വിഡിയോ കണ്ടവരും നടുക്കം പങ്കുവച്ചു. സിംഹം കൊന്നതിനെക്കാള്‍ കൂടുതല്‍ മനുഷ്യരെ കാണ്ടാമൃഗങ്ങള്‍ കൊന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഒരാള്‍ കുറിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാളിലെ ജല്‍ദാപാറ ദേശീയ പാര്‍ക്കില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിനോദ സഞ്ചാരികള്‍ ചിത്രം പകര്‍ത്തുന്നതിനിടയില്‍ തുറന്ന ജീപ്പിന് നേരെ കാണ്ടാമൃഗം പാഞ്ഞെത്തുകയായിരുന്നു. ഭയന്നു പോയ ഡ്രൈവര്‍ വാഹനം പിന്നോട്ട് ഓടിച്ചതും ജീപ്പ് കുഴിയില്‍ വീഴുകയും ചെയ്തു. ഭാഗ്യത്തിനാണ് അന്ന് വിനോദസഞ്ചാരികള്‍ രക്ഷപെട്ടത്. 

 

 Angry Rhino charges at tourist jeep in South Africa