അറിഞ്ഞോ...ആല്‍ഫ വീണു. പുതിയ നാടകം തട്ടില്‍ കയറിക്കഴിഞ്ഞു. സിഗ്മ മെയില്‍. ഇതൊക്കെ എന്താണെന്നാണോ ചിന്തിക്കുന്നത്? വിര്‍ച്വല്‍ റിയാലിറ്റി പോലെ സാങ്കല്‍പിക പേഴ്സണാലിറ്റികളാണ് ഇതെല്ലാം. ആണുങ്ങളുടെ സ്വഭാവത്തിന് പേരിട്ട് മാനസികമായി പിന്തുടരുകയും അനുകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടമാളുകളുടെ സൃഷ്ടി. പേരുകേട്ട, വലിയ വിജയം വരിച്ച ആളുകളെയൊക്കെ ഈ ഗണത്തില്‍പ്പെടുത്തും. ശരിക്കുള്ള കഥയറിയാത്ത പാവങ്ങള്‍ ഈ സാങ്കല്‍പിക സൃഷ്ടികളെ പിന്തുടരും. ഇതാണ് ചുരുക്കം. ടോം ക്രൂസും സ്റ്റീവ് ജോബ്സും റൊണാള്‍ഡോയും മുതല്‍ നമ്മുടെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി വരെയുണ്ട് പുതിയ സിഗ്മ മെയിലുകളുടെ കൂട്ടത്തില്‍.
ആല്‍ഫ മെയില്‍ ആയിരുന്നു കുറേക്കാലമായി റീലുകളിലെ താരം. നേതൃപാടവമുള്ള, സമൂഹത്തെ നയിക്കുന്നവരാണത്രെ ഇക്കൂട്ടര്‍. എന്നാല്‍ ആല്‍ഫയെ പിന്നിലാക്കി ഇതാ സിഗ്മ കളംപിടിച്ചിരിക്കുന്നു. സാമൂഹ്യഘടനയുടെ പുറത്ത് ജീവിക്കുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്തവരാണത്രെ സിഗ്മകള്‍. അവര്‍ സ്വയം വിളിക്കുന്ന ഒരു പേരുണ്ട്– ലോണ്‍ വുള്‍ഫ്. ആരെയും നോക്കാതെ ഫുള്‍ മാസ് കാണിക്കുന്നതാണ് സിഗ്മകളുടെ രീതി. അവര്‍ക്ക് ഏറ്റവും അലര്‍ജി പെണ്ണുങ്ങളാണ്. മസില്‍, പൂത്ത പണം, കോട്ട് സ്യൂട്ട്, ഒടുക്കത്തെ ബുദ്ധി ഇതൊക്കെ സിഗ്മകളുടെ അടിസ്ഥാന അടയാളമെന്ന് പറയാം. പിന്നെ അന്തമില്ലാത്ത പുച്ഛവും. ചുരുക്കത്തില്‍ സ്ത്രീവിരുദ്ധതയുടെ ഒരു ഡെയ്ഞ്ചറസ് വേര്‍ഷന്‍.
ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് പെണ്ണുങ്ങള്‍ പുറകെ വരട്ടെ. വന്നാല്‍ സിഗ്മ മെയില്‍ മൈന്‍ഡ് ചെയ്യില്ല. എന്താ കാരണം? സിഗ്മ ഒരു പെണ്ണിനും വേണ്ടി കാത്തുനില്‍ക്കില്ല. പെണ്ണ് കിട്ടാത്തതിന്‍റെ ഫ്രസ്ട്രേഷനാണോ എന്ന് തോന്നിയാല്‍, അത് വെറും തോന്നല്‍ മാത്രമാെണന്ന് പ്രത്യേകം ഓര്‍മിപ്പിക്കട്ടെ..
അമേരിക്കന്‍ സൈക്കോ എന്ന സിനിമയിലെ ക്രിസ്റ്റ്യന്‍ ബെയ്്ലിന്‍റെ കഥാപാത്രമാണ് സിഗ്മ കളുടെ ഇഷ്ട ദൈവം. സിഗ്മകളായവരുടെയും സിഗ്മകളാകാന്‍ കൊതിക്കുന്നവരുടെയും സ്റ്റാറ്റസുകളും സ്റ്റോറികളും മൊത്തം പാട്രിക് ബേറ്റ്മാന്‍ എന്ന ബെയ്്ല്‍ കഥാപാത്രമാണ്. ഇവരൊക്കെ ശരിക്കും ആ സിനിമ കണ്ടിട്ടാണോ ഇത്രയും ആഘോഷിക്കുന്നത് എന്ന് ചോദിച്ചാല്‍, ആര്‍ക്കറിയാം എന്ന് പറയാനേ നിവൃത്തിയുള്ളു.
ഇതിന് മുന്‍പ് റീല്‍സ് വാണിരുന്ന ആല്‍ഫ മെയിലിനെ സിഗ്മകള്‍ കുറേക്കൂടി താഴെയാണ് പ്രതിഷ്ഠിക്കുന്നത്. ജോക്കറായിരുന്നു അവരുടെ ദൈവം. ജോക്കര്‍ ഒരു ഭ്രാന്തനായിരുന്നു എന്നും ഗോതം സിറ്റിയിലെ ഒരു ഭ്രാന്താശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നും അവര്‍ അറിഞ്ഞിരുന്നോ ആവോ.. പെണ്ണുങ്ങള്‍ അവരുടെ കണ്ണില്‍ വെറും ബീറ്റ.. അവര്‍ക്ക് പെണ്ണുങ്ങള്‍ അലര്‍ജിയൊന്നുമല്ല. മാസ് ആക്ഷന്‍ സീനുകളില്‍ പെണ്ണുങ്ങളില്ലങ്കില്‍ ആര് കയ്യടിക്കും? ആല്‍ഫകള്‍ കുറച്ച് ഡോമിനന്‍റായതിനാലാകാം കുറച്ച് കൂടി ശാന്തമായ, മാന്യന്‍ ലുക്കുള്ള സിഗ്മയെ ഉണ്ടാക്കാന്‍ കാരണം.
പുരുഷന്‍മാരുടെ സ്വഭാവവും സവിശേഷതകളും അനുസരിച്ച് മെയില്‍ പെഴ്സണാലിറ്റിയെ ആറായി തിരിച്ചിട്ടുണ്ട്. ഗ്രീക്ക് അക്ഷരമാലയിലെ ആല്‍ഫാ, ബീറ്റ, ഗാമ, ഒമേഗ, ഡെല്‍റ്റ, സിഗ്മ എന്നീ അക്ഷരങ്ങളാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരുകാലത്ത് ഫിസിക്സ് പാഠപുസ്തകങ്ങളില്‍ മാത്രം കണ്ടിരുന്ന ആല്‍ഫബെറ്റ്സിന് ഈ ഗതി വന്നല്ലോ എന്നാലോചിക്കുമ്പോഴാണ് സങ്കടം.
ആല്‍ഫ എന്നാല്‍ നേതൃപാടവമുള്ള, എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന വ്യക്തിത്വമാണ്. ബീറ്റ ആത്മവിശ്വാസമുളള, കരിസ്മാറ്റിക് ആയ ആളുകളാണ്. അവര്‍ക്ക് നേതൃപാടവം കുറവായിരിക്കും. പെണ്ണ് കിട്ടാത്തതിന്‍റെ തോതനുസരിച്ച് ഡെല്‍റ്റ, ഒമേഗ, ഗാമ എന്നിങ്ങനെ സൗകര്യം പോലെ തരംതിരിക്കാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നതാണ് നമ്മുടെ സിഗ്മ. ലക്ഷണമൊത്ത ഇന്‍ട്രൊവെര്‍ട്ട്. അവര്‍ യാതൊരു കമ്മിറ്റ്മെന്‍റും ആഗ്രഹിക്കില്ല. ഹൈലി ഇന്‍ഡിപെന്‍ഡന്‍റ് ആയ ഇവര്‍ വൈകാരികമായും ആരെയും ആശ്രയിക്കാറില്ല എന്നൊക്കെയാണ് തള്ള്.
ഓരോരുത്തര്‍ 'ഞാന്‍ സിഗ്മയാണേ' എന്ന് പറഞ്ഞ് കരയുമ്പോള്‍ ശരിക്കും ഈ സ്വഭാവവിശേഷങ്ങള്‍ ഉള്ളവര്‍ സ്വന്തംകാര്യം നോക്കി എവിടെയെങ്കിലും ഇരിപ്പുണ്ടാവും. പെണ്ണുങ്ങള്‍ പുറകെ വന്നാല്‍ മാസ് കാണിച്ച് ഒഴിവാക്കുക എന്നതാണ് ചില റീലുകള്‍ റഫര്‍ ചെയ്തുണ്ടാക്കുന്ന സിഗ്മ ഗോള്‍ഡന്‍ റൂള്‍. ഇത് പ്രശ്നമുണ്ടാക്കുന്നത് റീലുകള്‍ കണ്ട് സിഗ്മയില്‍ ആകൃഷ്ടരാകുന്ന കൗമാരക്കാരിലാണ്. സമൂഹം തന്നെ അവര്‍ക്ക് ഒരു ബാധ്യതയായി തോന്നും. അങ്ങനെ സിഗ്മയെ ഇഷ്‌ടപ്പെട്ടാല്‍ അവര്‍ സിഗ്മയാകാനുള്ള ഒട്ടം തുടങ്ങും.
സത്യത്തില്‍ പുരുഷന്മാരുടെ വൈകാരികമായ ഇന്‍സെക്യൂരിറ്റി ചൂഷണം ചെയ്താണ് ഇത്തരം വ്യക്തിത്വങ്ങളും വേര്‍തിരിവുകളും സൃഷ്ടിക്കുന്നത്. മറ്റ് ആണുങ്ങള്‍ തന്നെ എങ്ങനെ കാണുന്നു, പെണ്ണുങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെടുമോ തുടങ്ങി കൗമാരത്തില്‍ തന്നെ ഉണ്ടാകുന്ന ഫാന്‍റസികളുടെ ബാക്കി. അതിന് സിനിമകള്‍ ഉള്‍പ്പെടെ കാരണമാണ്. സ്റ്റീരിയോടൈപ്പുകളെ പടച്ചുവിടുന്നതില്‍ സിനിമകള്‍ എക്കാലവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇനി സിഗ്മ റീലിന്‍റെ ദൈവത്തെക്കുറിച്ച് കൂടി രണ്ട് വാക്ക് പറയാം. വൈകാരികമായി കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ വന്ന ഒരു നിസഹായനായ മനുഷ്യനാണ് അമേരിക്കന്‍ സൈക്കോയിലെ പാട്രിക് ബേറ്റ്മാന്‍. ആ അടിച്ചമര്‍ത്തപ്പെട്ട വികാരത്തള്ളിച്ചയാണ് അയാളെ ക്രൂരനാക്കുന്നത്. കോര്‍പ്പറേറ്റ് സംസ്കാരത്തിനെതിരായ ആക്ഷേപഹാസ്യം കൂടിയായിരുന്നു ചിത്രം. ഈ കഥയൊന്നുമറിയാതെ ആട്ടംകാണുന്ന, ഒരുകൂട്ടം മനുഷ്യരാണ് സിഗ്മ മെയിലിന്റെയും അനുബന്ധസൃഷ്ടികളുടെയും പിന്നാലെ പോകുന്നത്.
അപ്പോള്‍ കാര്യങ്ങള്‍ ഇവിടെ വരെ എത്തി. ആല്‍ഫയുടെ കാലം കഴിഞ്ഞ പോലെ സിഗ്മ എന്ന വന്‍മരവും വീഴും. അപ്പോഴും ഗ്രീക്ക് അക്ഷരമാലയില്‍ അക്ഷരങ്ങള്‍ തീരുന്നത് വരെ ഇവിടെ വ്യക്തിത്വങ്ങള്‍ക്ക് പല അവതാരങ്ങളുണ്ടാകും. അന്നും സക്സസായ ആണുങ്ങളെ വെട്ടിയെടുത്ത് റീല്‍സിലൊട്ടിച്ച് ഇവിടെ മാസ് കാണിക്കല്‍ എന്ന നാടകം തുടര്‍ന്ന് കൊണ്ടേയിരിക്കും.