ziya-sahadh

ഒരേ സമയം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകുക. വാക്കുകള്‍ക്കപ്പുറമാണ് ആ നിര്‍വൃതി. ആ പരമാനന്ദത്തിന്റെ പരകോടിയിലാണ് സിയ. ജന്മം കൊണ്ട് പുരുഷനാണെങ്കിലും മനസ് കൊണ്ട് സിയ സ്ത്രീയാണ്. കുഞ്ഞിന്റെ അമ്മ എന്ന് വിശേഷിപ്പിക്കാനാണ് സിയയ്ക്ക് താല്‍പര്യം.  സിയയുടെ പങ്കാളിയാണ് ഇന്ത്യയില്‍ ആദ്യമായി ഗര്‍ഭം ധരിച്ച ട്രാന്‍സ്മാന്‍ സഹദ്. പുരുഷനായി പൂര്‍ണ്ണമായി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് മുന്‍പാണ് കുഞ്ഞ് വേണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഹദ് ഗര്‍ഭം ധരിക്കുന്നത്. കഴിഞ്ഞ മാസമാണ് കുഞ്ഞ് ജനിക്കുന്നത്. വനിതാദിനമായ ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ട്. കുഞ്ഞ് ജീവിത്തിലേക്ക് വന്നശേഷം ആദ്യമായി സിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

 

 

കുഞ്ഞിന്റെ അച്ഛനും അമ്മയുമാകുന്ന സന്തോഷം എന്താണെന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അതിന്റെ നിര്‍വൃതിയിലാണിപ്പോള്‍ ജീവിക്കുന്നത്. സഹദ് ലേബര്‍റൂമിലായിരുന്ന സമയത്തൊക്കെയും ഒരു അച്ഛന്റെ ടെന്‍ഷന്‍ എന്താണെന്ന് ഞാന്‍ മനസിലാക്കി. എമര്‍ജന്‍സി ശസ്ത്രക്രിയയാണ് സഹദിന് വേണ്ടിവന്നത്. ഷുഗര്‍ ലെവല്‍ പെട്ടന്ന് ഉയരുകയായിരുന്നു. ഓപറേഷന്റെ തലേദിവസം കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്കപോലും ഡോക്ടര്‍മാര്‍ പ്രകടിപ്പച്ചിരുന്നു. ഓരോ നിമിഷവും ടെന്‍ഷന്‍ നിറഞ്ഞതായിരുന്നു. കുഞ്ഞിനെ ആദ്യമായി കയ്യില്‍ വാങ്ങിയ ആ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൊന്നാണ്. അതിനോളം സന്തോഷമുള്ള മറ്റൊന്ന് ഇനിയുണ്ടാകുമോയെന്ന് അറിയില്ല. ഞങ്ങളുടേതെന്ന് പറയാന്‍ ഒരു കുരന്നുജീവന്‍.... 

 

സഹദ് ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. അമ്മ കൂടെയുണ്ട്. ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്. ഞങ്ങള്‍ക്കുണ്ടായത് മകനാണോ മകളാണോയെന്ന് ഇന്ന് വൈകുന്നേരം ലോകത്തെ അറിയിക്കും. –സിയ പറഞ്ഞു.