chefpillai-family

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടെന്നാണ് ചൊല്ല്. എന്നാല്‍ ഷെഫ് സുരേഷ്പിള്ളയോട് ചോദിച്ചാല്‍ ഉത്തരം ഒന്ന് അല്ല രണ്ട് എന്നാണ്. കൊല്ലംകാരന്‍ സുരേഷില്‍ നിന്നും ഷെഫ് സുരേഷ്പിള്ളയിലേക്ക് എത്തിയത് പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളോട് പടവെട്ടിയാണ്. ആ യാത്രയില്‍ ഉടനീളം പിന്തുണയുമായി നിന്ന അമ്മ രാധയെക്കുറിച്ചു ഭാര്യ രമ്യയെക്കുറിച്ചും സുരേഷ്പിള്ള തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഷെഫ് സുരേഷ്പിള്ളയുടെ യാത്രയില്‍ എങ്ങനെയാണ് പിന്തുണയുടെ നെടുംതൂണായി മാറിയതെന്ന് ഭാര്യ രമ്യ മനോരമന്യൂസിനോട് പറയുന്നതിങ്ങനെ:

 

സുരേഷേട്ടന്റെ പരിശ്രമത്തിന്റെ ഫലം ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോഴുള്ള നേട്ടങ്ങള്‍ കൈവരിച്ചത്. ഭര്‍ത്താവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറെ ഇഷ്ടമുള്ള സ്വഭാവം എന്നോട് എല്ലാ കാര്യങ്ങളും കൃത്യമായി ആശയവിനിമയം നടത്തും എന്നുള്ളതാണ്. ഞങള്‍ വിവാഹിതരാകുന്ന സമയത്ത് അദ്ദേഹം കുമരക്കത്താണ് ജോലി ചെയ്തിരുന്നത്. കല്യാണത്തിന് മുന്‍പ് തന്നെ അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. ആ കാലത്ത് കത്തുകളൊക്കെ കൈമാറിയിട്ടുണ്ട്. ഞാന്‍ തമാശയ്ക്ക് പറയാറുണ്ട് ഫെയ്സ്ബുക്കിലെ എഴുത്തുകളുടെ തുടക്കം എനിക്ക് തന്ന എഴുത്തുകളില്‍ നിന്നാണെന്ന്. വിവാഹത്തിന് സ്വാഭാവികമായി എതിര്‍പ്പുകളുണ്ടായിരുന്നു. അന്നത്തെകാലത്ത് ഷെഫ് എന്നൊക്കെ പറയുന്നത് വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. പക്ഷെ പിന്നീട് ഞങ്ങളുടെ ഇഷ്ടം മനസിലാക്കി വീട്ടുകാര്‍ സമ്മതിച്ചു. 

 

കുമരകത്തായിരുന്നപ്പോഴും ലണ്ടനില്‍ ആദ്യം ചെന്നപ്പോഴുമൊന്നും തിരക്കുകള്‍ ഇല്ലായിരുന്നു.കുടുംബവുമൊത്ത് പുറത്ത് പോകാനും ഉല്ലസിക്കാനുമൊക്കെ സുരേഷേട്ടന് ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. ഫെയ്സ്ബുക്കിലൊക്കെ വിഡിയോയും പോസ്റ്റുകളും ഇടാന്‍ തുടങ്ങിയശേഷം തിരക്കുകള്‍ തുടങ്ങി. ജോലി കഴിഞ്ഞ് വന്നശേഷം ഫോണില്‍ കുത്തി ഇരിക്കുന്നത് കാണുമ്പോള്‍ ആദ്യമൊക്കെ എനിക്ക് നല്ല ദേഷ്യവും കരച്ചിലുമൊക്കെ വന്നിട്ടുണ്ട്. എന്റെ വിഷമം മനസിലാക്കി സുരേഷേട്ടന് കൃത്യമായി കാര്യങ്ങള്‍ എനിക്കും പറഞ്ഞുതന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? അതുകൊണ്ടുള്ള പ്രയോജനം എന്തെല്ലാമാണെന്നൊക്കെ പറഞ്ഞുമനസിലാക്കി. അതിന്റെ ഫലം കാണാന്‍ തുടങ്ങിയതോടെ എന്റെ പരിഭവമൊക്കെ മാറി. 

 

chef-sureshpillai-interview

സുരേഷേട്ടന് കടന്നുവന്ന വഴികളെക്കുറിച്ചൊക്കെ എനിക്ക് നന്നായിട്ടറിയാമായിരുന്നു. അതില്‍ നിന്നും ഇപ്പോഴുള്ള ഷെഫ് പിള്ളയിലേക്കുള്ള മാറ്റത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് അഭിമാനവും.

 

സുരേഷ്പിള്ള അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍:

 

 

ഞാൻ ഇന്ന് ഈ നിലയിൽ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് അമ്മയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. രാധ എന്നാണ് അമ്മയുടെ പേര്. പാചകം ചെയ്യാനുള്ള കഴിവ് എനിക്ക് ലഭിച്ചത് അമ്മയിൽ നിന്നാണ്. കൊല്ലം ചവറ തെക്കുംഭാഗം ദ്വീപിലാണ് എന്റെ സ്വന്തം വീട്. അച്ഛനും അമ്മയ്ക്കും കൂലിപ്പണിയായിരുന്നു. ഞങ്ങളുടെ വീട്ടിൽ മീൻ ഇല്ലാത്ത ദിവസം ഇല്ലായിരുന്നു. കാരണം അവിടെ അരിയേക്കാൾ സുലഭമായിട്ട് കിട്ടുന്നത് മീനായിരുന്നു. ചോർ ഇല്ലെങ്കിലും മീൻ ഉണ്ടാകും. കൂലിപ്പണി കഴിഞ്ഞ് വന്നശേഷം അച്ഛനും അമ്മയും കൂടി അടുത്തുള്ള ചന്തയിൽ പോയി രണ്ടോ മൂന്നോ രൂപയ്ക്ക് ചാളയോ അയലയോ വാങ്ങും. അത് അമ്മ കറിവെക്കും, ഞങ്ങൾ മക്കൾ മൂന്നുപേരും അച്ഛനും അമ്മയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ആ കാലത്ത് അമ്മ പാചകം ചെയ്യുന്നത് ഞാൻ കണ്ട് പഠിച്ചിട്ടുണ്ട്. അമ്മ പലതരം മീൻകറി പാചകം ചെയ്യും. 

 

 പാചകം പോലെ തന്നെ എനിക്ക് താൽപര്യമുള്ള ഒന്നായിരുന്നു ചെസ് കളി. പത്താംക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതലത്തിൽ ചെസ് ചാമ്പ്യനായി. സ്റ്റേറ്റ് തലത്തിൽ മത്സരിക്കാൻ കണ്ണൂര് പോകണം. റിസൾട്ട് അറിഞ്ഞതിന്റെ പിറ്റേദിവസം തന്നെയാണ് കണ്ണൂര് പോകേണ്ടിയിരുന്നത്. അതിന് 300 രൂപ വേണമായിരുന്നു. വീട്ടിലാണെങ്കിൽ അഞ്ചുപൈസയില്ല, പണി കഴിഞ്ഞ് വന്നപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. അന്ന് രാത്രി തന്നെ അമ്മ ആകെയുണ്ടായിരുന്ന കമ്മൽ എവിടെയോ കൊണ്ടുപോയി പണയംവെച്ച് പണവുമായി എത്തി. പിറ്റേദിവസം ഏഴുമണിയുടെ വണ്ടിക്ക് എന്നെ വിട്ടു. മക്കളെ വളര്‍ത്താനും കുടുംബം പുലര്‍ത്താനും എന്റെ അമ്മ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.