സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമ അത്ര വേഗമെന്നും മലയാളികള്‍ മറക്കില്ല. അച്ഛനെ വീട്ടുജോലികളില്‍ സഹായിക്കാനായി എത്തിക്കുന്ന റോബോട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അമ്പരന്നവരാകും പലരും. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ എന്ന് ആലോചിച്ചവരുടെ മുന്നിലേക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ചാറ്റ് ജിപിടിയുമെല്ലാം എത്തുന്നത്. ഇത് എത്ര പേരുടെ തൊഴിൽ കളയും, എത്ര പേരുടെ ജോലി എളുപ്പമാക്കും തുടങ്ങിയ സംശയങ്ങളും ഉയർന്നിരിക്കുന്നു. സത്യത്തിൽ എന്താണ് ചാറ്റ് ജിപിടി? എന്തുകൊണ്ട് ഇത്  ചർച്ചയാകുന്നു? ആശങ്കപ്പെടേണ്ടതുണ്ടോ? 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ  രൂപത്തിൽ ആശയവിനിമയം നടത്താനാകുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ചാറ്റ് ജനറേറ്റിവ് പ്രീ ട്രെയിൻഡ് ട്രാൻസ്ഫോമർ എന്നതാണ് ഇതിന്‍റെ പൂര്‍ണരൂപം. 2022 നവംബർ 30നാണ് ഇതിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. 2021 വരെ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഡേറ്റയെ വിലയിരുത്തുകയാണ് chat.openai.com എന്ന ലിങ്കിൽ ലഭ്യമായിട്ടുള്ള ഈ ബോട്ട് ചെയ്യുന്നത്. ചാറ്റ് ബോട്ട് എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. മനുഷ്യരെപ്പോലെ തന്നെ ഇവർക്ക് സംവദിക്കാൻ ആകും. ‘നിങ്ങൾക്ക് എന്റെ സഹായം വേണോ’ എന്ന ചോദ്യവുമായി ചില വെബ്സൈറ്റുകളിൽ തല പൊക്കി നോക്കുന്ന പോപ്പ് അപ്പുകൾ ചാറ്റ് ബോട്ടിന് ഉദാഹരണമാണ്. 

ക്രിയേറ്റിവ് എഴുത്തുകൾ, ലേഖനങ്ങൾ, ഗണിത പ്രശ്നങ്ങൾ, കംപ്യൂട്ടർ കോഡുകൾ, വാർത്തകൾ, ഡേറ്റ വിശകലനവും പഠനവും, ട്രാൻസ്‌ലേഷൻ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങി എന്തിനും ചാറ്റ് ജിപിടി ഉപയോഗിക്കാം. വലിയ ഡേറ്റാ സെറ്റിൽനിന്ന് നമുക്ക് വേണ്ടതു മാത്രം എടുക്കാനും ചാറ്റ് ജിപിടിയോട് പറഞ്ഞാൽ മതി. മനുഷ്യൻ ഉപയോഗിക്കുന്ന പോലെത്തന്നെ ഭാഷകൾ ഉപയോഗിക്കാൻ ചാറ്റ് ബോട്ടിനെ പര്യാപ്തമാക്കുന്ന ജനറേറ്റിവ് പ്രീ ട്രെയ്നിങ് ട്രാൻസ്‌ഫോമർ 3 എന്ന മെഷീൻ ലാംഗ്വേജ് ഡവലപ് ചെയ്തെടുത്തു എന്നതാണ് ചാറ്റ് ജിപിടിയിലെ സുപ്രധാന കണ്ടെത്തൽ.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നൊക്കെ കുറേ കാലമായി കേൾക്കുന്നുണ്ടെങ്കിലും നേരിട്ട് ഇത് അനുഭവിക്കാനുള്ള അവസരം സാധാരണക്കാർക്ക് ലഭിക്കുന്നത് ചാറ്റ് ജിപിടി വഴിയാണ്. അമേരിക്കയിലും യൂറോപ്പിലും വിദ്യാർഥികൾ വ്യാപകമായി ഈ ചാറ്റ് ബോട്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രോട്ടോടൈപ്പ് വേർഷനിലാണ് ഇപ്പോള്‍ ചാറ്റ് ജിപിടിയുള്ളത്. എന്നാൽ ഇതു തന്നെ വമ്പൻ ഹിറ്റായതോടെയാണ് ഗൂഗിള്‍ സേർച്ച് എൻജിനെ ചാറ്റ് ജിപിടി വെല്ലുമോ എന്ന ചോദ്യം ഉയരുന്നത്. പക്ഷേ ചാറ്റ് ജിപിടി ഗൂഗിളിന് ഭീഷണിയാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ പ്രധാന ഉൽപന്നം സേർച് എൻജിൻ ആണ്. ഇതൊരു ചാറ്റ് ബോട്ടും. അതാണ് പ്രധാന കാരണവും. അതേസമയം മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓപ്പണ്‍ എഐ എന്നത് ഗൂഗിളിന് വലിയ വെല്ലുവിളിയാണ്. ഇതിനകം തന്നെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനിലും എഡ്ജ് ബ്രൗസറിലും ചാറ്റ് ജിപിടി സൗകര്യം ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയുള്ളപ്പോഴും ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  നിർമിത ബുദ്ധി അധിഷ്ഠിത വിവരസങ്കേതങ്ങളിൽ വസ്തുതാവിരുദ്ധമായ വിവരങ്ങളും കടന്നുകൂടാമെന്ന് ആശങ്കയുണ്ട്,  തെറ്റായ വിവരങ്ങൾ നൽകുമോയെന്നതാണ് മറ്റൊരു വലിയ ആശങ്ക.