un-show

കോഹിനൂർ രത്നത്തിന്റെ പേരിലുള്ള തർക്കങ്ങളും ചർച്ചകളും വിവാദങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്. യു.കെയിൽ‌ വിഷയം സജീവ ചർച്ചയായിതന്നെ നിൽക്കുകയാണ്. അതിനിടയിൽ യു.കെയിലെ ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയുണ്ടായ വാദപ്രതിവാദം ശ്രദ്ധനേടുകയാണ്. ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില രാജ്ഞി കോഹിനൂർ രത്നം അണിയില്ലെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയ്ക്ക് രത്നം തിരിച്ചുകൊടുക്കാണമോ വേണ്ടയോ എന്നതിൽ ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

ടി.വി ഷോകളടക്കം വിഷയം ചൂടുപിടിപ്പിച്ചു നിർത്തുകയാണ്. യു.കെയിലെ പ്രശസ്തമായ ഒരു ടി.വി ഷോയിൽ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ എമ്മ വെബ്ബും ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തക നരീന്ദർ കൗറും തമ്മിലുണ്ടായ വാഗ്വാദം ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ‘പേർഷ്യൻ ഭരണാധികാരിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണിത്. മുഗൾ അധിനിവേശത്തിലൂടെയാണ് പേർഷ്യൻ ഭരണം നിലവിൽ വന്നത്. അതൊക്കെകൊണ്ട് ഈ വിഷയം വളരെ സങ്കീർമാണ്.’ എന്നാണ് എമ്മ വാദിച്ചത്. 

‘നിങ്ങൾക്ക് ചരിത്രമറിയില്ല’ എന്നായിരുന്നു നരീന്ദർ കൗർ തിരിച്ചടിച്ചത്. ‘കോളനിവത്കരണത്തിന്റെയും ചോരചിന്തലിന്റെയും പ്രതിഫലനമാണത്. കോഹിനൂർ ഇന്ത്യയ്ക്ക് തിരിച്ചു നൽകണം. ഇന്ത്യക്കാരായ മക്കൾ എന്തിന് യു.കെ വരെ വന്ന് കോഹിനൂർ കാണുന്നതിന് പണം മുടക്കണം?’ എന്നും അവർ ചോദിച്ചു. ഈ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ‘കോഹിനൂർ രത്നം ഇന്ത്യൻ മണ്ണിലാണ് കണ്ടെത്തിയത്. ബ്രിട്ടൺ അധിനിവേശത്തിന്റെ കറുത്ത ദിനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കോളനിവത്കരണത്തിന്റെ ഫലം ഇനിയും ബ്രിട്ടൺ അനുഭവിക്കേണ്ടതില്ല. യു.എൻ പോലും സ്വന്തം സ്വത്തിനു വേണ്ടി ഒരു രാജ്യം വാദിക്കുന്നത് അവരുടെ അവകാശമാണെന്നാണ് കരുതുന്നത്.’ എന്നും നരീന്ദർ കൗർ കുറിച്ചു.

'Give Kohinoor back to India': Indian-origin journalist's heated debate on UK show