ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ പെൻഗ്വിൻ സ്പീഷീസിന്റെ ഫോസിൽ അവശേഷിപ്പുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. കുമിമാനു ഫോർഡിസെയ് എന്നു പേരുള്ള പെൻഗ്വിൻ വിഭാഗത്തെ ന്യൂസീലൻഡിലാണു കണ്ടെത്തിയത്. 5.7 കോടി വർഷങ്ങൾക്കു മുൻപാണ് ഇവ ന്യൂസീലൻഡിൽ താമസിച്ചതെന്നാണു ഗവേഷകർ പറയുന്നത്.

 

ജേണൽ ഓഫ് പാലിയന്‌റോളജി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ന്യൂസീലൻഡിലെ സൗത്ത് ഐലൻഡ് ദ്വീപിലെ നോർത്ത് ഒട്ടാഗോ മേഖലയിലെ ബീച്ചിലാണ് ഇവയുടെ അവശേഷിപ്പുകൾ കണ്ടെത്തിയത്. ഇതു ലോകത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പെൻഗ്വിൻ സ്പീഷീസാണെന്ന് കണക്ടിക്കറ്റിലെ ബ്രൂസ് മ്യൂസിയത്തിലെ ഗവേഷണ വിദഗ്ധൻ ഡാനിയേൽ സെസ്പ സ്ഥിരീകരിച്ചു.

 

154 കിലോ വരെ ഭാരം ഈ പെൻഗ്വിനുകൾ കൈവരിച്ചിരുന്നത്രേ. ഇന്നത്ത പെൻഗ്വിനുകളെക്കാൾ 40 ശതമാനം വരെ അധികം ഭാരം ഇവയ്ക്കുണ്ടായിരുന്നു. എട്ടടി വരെ ഉയരം ഇവ കൈവരിച്ചിരുന്നു. നീളമുള്ള ഒരു മനുഷ്യനേക്കാൾ ഉയരം. ഇതുവരെയുള്ള ഗവേഷണപ്രകാരം പാലിയുഡിപ്റ്റസ് ക്ലെകോവ്‌സ്‌കി അഥവാ കൊളോസസ് പെൻഗ്വിനുകളായിരുന്നു ഏറ്റവും വലുപ്പമുള്ളത്. അന്റാർട്ടിക്കയിൽ 3.7 കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നതത്രേ. 121 കിലോ വരെയായിരുന്നു ഇവയുടെ ഭാരം. കുമിമാനു എന്ന പേര് ന്യൂസീലൻഡിലെ മവോറി ഭാഷയിൽ നിന്നാണ്. മവോറി ഐതിഹ്യങ്ങളിൽ ഭീമാകാരമായ വലുപ്പമുള്ള ഒരു സത്വമാണ് കുമി, മാനു എന്നു പറഞ്ഞാൽ പക്ഷി.

 

എന്നാൽ ഇത്തരം വലുപ്പമുള്ള പെൻഗ്വിനുകളെല്ലാം കാലക്രമത്തിൽ വംശനാശം സംഭവിച്ചു പോയി. ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. എന്തു കൊണ്ടാണ് അക്കാലത്തെ പെൻഗ്വിനുകൾ ഇത്ര വലുപ്പമുള്ളവയായത് എന്ന ചോദ്യവും ശാസ്ത്രജ്ഞർക്കു മുൻപിൽ ഉയർന്നിട്ടുണ്ട്. അക്കാലത്ത് ന്യൂസീലൻഡിലും അന്‌റാർട്ടിക്കയിലുമൊക്കെ കടുത്ത ശൈത്യം നിലനിന്നിരുന്നു. പെൻഗ്വിനുകൾക്ക് പറന്ന് ഇരതേടാൻ സാധ്യമല്ലായിരുന്നു. ഒട്ടേറെ മീനുകളെ പിടിച്ച് ഒരുമിച്ച് കഴിക്കുന്നത് അതിജീവനത്തിനുള്ള മികച്ച മാർഗമായിരുന്നു. അതിനാൽ തന്നെ ശരീരവലുപ്പം ഇവയ്ക്ക് നിർണായകമായ നേട്ടം നൽകി.

 

മറ്റു മേഖലകളിൽ മത്സരം നിലനിന്നിരുന്നെങ്കിലും അന്റാർട്ടിക്കയിലും ന്യൂസീലൻഡിലും വളരെ അനുകൂലമായ പരിതസ്ഥിതികളാണ് പെൻഗ്വിനുകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇവിടങ്ങളിൽ അവയുടെ ജനസംഖ്യ ഉയർന്നു. എന്തുകൊണ്ടാണ് ആദിമകാലത്തെ ഭീമൻ പെൻഗ്വിനുകൾ അപ്രത്യക്ഷമായതെന്നതു സംബന്ധിച്ച് കൃത്യമായ കാരണം ശാസ്ത്രജ്ഞർക്കറിയില്ല. ഒരു പക്ഷേ തിമിംഗലം പോലുള്ള ജീവികളുമായി ഭക്ഷണത്തിന്റെ കാര്യത്തിൽ ഉടലെടുത്ത മത്സരമാകാം ഇതിനു വഴിവച്ചതെന്നു കരുതപ്പെടുന്നു.

 

The Biggest Penguin That Ever Existed Was a ‘Monster Bird’