ജീവിതസായാഹ്നത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് ലക്ഷ്മിയമ്മാളും കൊച്ചനിയനും. പ്രായം 70 അടുത്തെങ്കിലും ഇരുവർക്കും മനസ്കൊണ്ട് 17ന്റെ ചെറുപ്പമാണ്. തൃശൂർ കോർപറേഷനിലെ സ്നേഹവീട്ടിൽ വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന ഇവരുടെ പ്രണയം കാലം ചെല്ലുന്തോറും പൂത്തുതളിർക്കുകയാണ്. വിവാഹശേഷമുള്ള ഇരുവരുടെയും ജീവിതത്തെക്കുറിച്ച് സ്നേഹവീടിന്റെ സൂപ്രണ്ട് രാധിക പറയുന്നതിങ്ങനെ:
എല്ലാ ദാമ്പത്യജീവിതത്തിലുമുള്ളത് പോലെയുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളും ഇവർക്ക് ഇടയിലുമുണ്ട്. എന്നാലും ഇരുവർക്കും പരസ്പരം ഒരുപാട് ഇഷ്ടമാണ്. ലക്ഷ്മിയമ്മാൾ മുറിയ്ക്ക് പുറത്തേക്ക് അങ്ങനെ ഇറങ്ങാറില്ല. കൊച്ചനിയൻ ചേട്ടൻ പത്രം വാങ്ങാനും എന്തെങ്കിലും സാധനങ്ങൾ വാങ്ങാനുമൊക്കെ ഇടയ്ക്ക് താഴെ വരും. കൊച്ചനിയൻ ചേട്ടന്് സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു.
പുറത്ത് പോയി സിഗരറ്റ് വാങ്ങുന്നത് ലക്ഷ്മിയമ്മാൾ ഇടപെട്ടാണ് നിന്നത്. കൊച്ചനിയൻ ചേട്ടന്റെ ആരോഗ്യകാര്യത്തിൽ ലക്ഷ്മിയമ്മാളിന് നല്ല ശ്രദ്ധയാണ്. 60 കടന്ന വേളയിലാണ് വിവാഹം നടന്നതെങ്കിലും ഇരുവരും മനസ്കൊണ്ട് യൗവനത്തിലാണ്. അതുകൊണ്ടാണ് ഇടയ്ക്ക് ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാകുന്നത്. അതെല്ലാം അവരുടെ ഇടയിൽ തന്നെ പരിഹരിക്കപ്പെടാറുമുണ്ട്. ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. വിവാഹശേഷം കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവം കാണാനും വടക്കുനാഥന്റെ അമ്പലത്തിലും ഗുരുവായൂരുമൊക്കെ പോകണമെന്ന് ഇരുവർക്കുമുണ്ടായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ ആ ആഗ്രഹങ്ങൾ നടന്നില്ല. പ്രായമായത് കൊണ്ട് ഇവരെ തനിച്ച് ഒറ്റയ്ക്ക് വിടാനും സാധിക്കില്ല. ഈ ആഗ്രഹങ്ങൾ സാധിക്കാത്തത് ഒഴിച്ചാൽ ഇരുവരും പരസ്പരം താങ്ങുംതണലുമാണ്– രാധിക പറയുന്നു.
വൃദ്ധസദനത്തിലെ അന്തേവാസികളെ സാക്ഷിയാക്കി 67 വയസുള്ള കൊച്ചനിയൻ 66 വയസുള്ള അമ്മാളിന്റെ കൈപിടിച്ചത് 2019ലാണ്. ഇതോടെ സഫലമായത് ഒരായുസിന്റെ കാത്തിരിപ്പ് കൂടിയായിരുന്നു. 22 വർഷം മുൻപ് ഭർത്താവ് മരിച്ചുപോയ അമ്മാളിനെ സംരക്ഷിച്ചിരുന്നത് ഭർത്താവിന്റെ സുഹൃത്തായ കൊച്ചനിയനായിരുന്നു.
മക്കളില്ലാത്ത അമ്മാളിനെ തൃശൂർ കോർപറേഷന് കീഴിലുള്ള സ്നേഹവീട്ടിൽ എത്തിച്ചതും ഇദ്ദേഹം തന്നെ. എന്നാൽ ഇടയ്ക്കൊന്ന് വീണതിനെ തുടർന്ന് വയനാട്ടിലെ സന്നദ്ധ സംഘടന കൊച്ചനിയൻ ചേട്ടനെ ചികിൽസിച്ചു. വീഴ്ചയെത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ടു. ഈ കാലയളവിലൊക്കെയും കൊച്ചനിയൻ ചേട്ടൻ വരുന്നതും കാത്ത് അമ്മാളിരുന്നു. വരാതെയായപ്പോൾ പേടിയായി. അന്വേഷണങ്ങൾക്കൊടുവിലാണ് കൊച്ചനിയൻ ചേട്ടനെ കണ്ടെത്തിയത്. നീണ്ടകാലത്തെ ഒറ്റപെടലിനും ഏകാന്തതയ്ക്കും കൂടിയാണ് വിവാഹത്തോടെ അവസാനമായത്.