2011 മേയ് മാസം ആദ്യ ആഴ്ചയില്‍ ഇന്‍പുട് ഡെസ്ക്കിൽ നിന്ന് സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു വിളിക്കുന്നു. പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ അഭിമുഖം ശരിയായേക്കും. തയാറായിരിക്കണം. വലിയ ടെന്‍ഷനില്ലാതെ, അത്യാവശ്യം ചോദ്യങ്ങളൊക്കെ തയാറാക്കി ഇരിക്കുമ്പോള്‍ മേയ് 8ന് ഇന്റര്‍വ്യൂ ഉണ്ടാകുമെന്ന് തീരുമാനമായി. അദ്ദേഹത്തിന്റെ സെക്രട്ടറിയെ വിളിച്ച് സ്ഥലവും സമയവും വീണ്ടും ഉറപ്പിച്ചു.
മേയ് 8. ക്യാമറാമാന്‍ പ്രമദ് ബി.കുട്ടി, ഞങ്ങളുടെ സാരഥി അസീസ് ഇക്ക എന്നിവരോടൊപ്പം ദുബായ് ഡൗൺടൗണിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ എത്തി. ആകെ മൊത്തം ടെന്‍ഷന്‍. സിനിമകളില്‍ കാണുന്ന തരത്തിലുള്ള സസ്പെന്‍സ്. അങ്ങനെ ടെന്‍ഷനടിച്ചിരിക്കെ ആറടിയിലേറെ പൊക്കമുള്ള രണ്ടു പേര്‍ സ്വീകരിക്കാനെത്തി. അസീസിക്കയോട് വണ്ടി പുറത്തേക്ക് മാറ്റിയിടാന്‍ പറഞ്ഞു. എന്നെയും പ്രമദിനേയും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കി. ക്യാമറ , ബാഗ്, ട്രൈപ്പോഡ്... എല്ലാം തുറന്ന് പരിശോധിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫ്ലാറ്റിന്റെ ആറാംനിലയിലേക്ക്. വാതിൽ തുറന്നത് മറ്റൊരു ആജാനുബാഹു. മുറിയില്‍ മൊത്തം ആറു പേര്‍. അഭിമുഖത്തിനായി സെറ്റ് തയാറായാല്‍ ബോസ് എത്തുമെന്ന് അവര്‍ അറിയിച്ചു. ഞങ്ങള്‍ തയാറാകുന്നതിനിടയിലാണ് സെക്യൂരിറ്റിക്കാരുടെ കോട്ടിനകത്തെ സെമി ഓട്ടമാറ്റിക് തോക്കുകള്‍ കണ്ടത്. ഇതോടെ എന്റെയും പ്രമദിന്റെയും ധൈര്യം ചോര്‍ന്നു തുടങ്ങി. എല്ലാം സെറ്റാണെന്ന് അറിയിച്ച ശേഷം ഞങ്ങള്‍ കാത്തിരിക്കവെ ആദ്യം അദ്ദേഹത്തിന്റെ പഴ്സണല്‍ സെക്യൂരിറ്റി എത്തി എല്ലാം പരിശോധിച്ച് മടങ്ങി. പിന്നാലെ സാക്ഷാല്‍ പര്‍വേസ് മുഷറഫ് മുറിയിലേക്ക് കടന്നുവന്നു.
ഒരു കാരണവരുടെ തലയെടുപ്പോടെ കടന്നുവന്ന അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് 'ഹലോ' പറഞ്ഞ് കൈനീട്ടി. ഹസ്തദാനം നല്‍കി ഞങ്ങളും സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഇംഗ്ലീഷും ഉറുദുവും ചേര്‍ന്നുള്ള ആഖ്യാനരീതിയില്‍ ഞാനും പ്രമദും വീണുപോയി. അത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അഭിമുഖത്തിനു ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കേരളത്തെക്കുറിച്ച് ഞങ്ങളോട് വാചാലനായി. കേരളത്തിലെ സാക്ഷരതയെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും ഞങ്ങളോട് സംസാരിച്ചു. മറ്റൊരു കൂടിക്കാഴ്ചയുള്ളതിനാല്‍ പോവുകയാണെന്നും അഭിമുഖത്തിനു നന്ദിയും പറഞ്ഞാണ് പിരിഞ്ഞത്.
മുറിയില്‍ നിന്ന് അദ്ദേഹം പോയതോടെ ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നീട് 2013 ല്‍ മുഷറഫ് വീണ്ടും പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വീണ്ടും അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചു. 2014ല്‍ ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ വച്ചും അദേഹത്തിന്റെ അഭിമുഖം ലഭിച്ചു. കണ്ടപ്പോഴെല്ലാം വളരെ ഒരു പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. ആ പുഞ്ചിരി ഇനിയില്ല..