വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതിൽ പ്രതികരിച്ച് ഷഹീൻ അഫ്രീദി. ശനിയാഴ്ച കറാച്ചിയിൽ നടന്ന ചടങ്ങിലാണ് ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും വിവാഹിതരായത്. ഇതിനു പിന്നാലെ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പുറത്തു വരികയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
താൻ പങ്കുവയ്ക്കുന്നതിന് മുൻപേ വിവാഹചിത്രങ്ങൾ പുറത്തു വന്നതാണ് താരത്തെ ചൊടിപ്പിച്ചത്. തുടർന്ന് ട്വിറ്റർ വഴി രൂക്ഷ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം. സമൂഹമാധ്യമത്തിൽ ചിത്രം പ്രചരിപ്പിച്ചവർ തന്റെയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിക്കുകയാണെന്ന് ഷഹീൻ അഫ്രീദി ട്വിറ്ററിൽ കുറിച്ചു.
വളരെക്കുറച്ച് അതിഥികൾ മാത്രമാണ് ഇരുവരുടേയും വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പങ്കെടുക്കുന്നവർക്ക് മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണമെന്നു പ്രത്യേകം നിർദേശവും നൽകിയിരുന്നു. എന്നിട്ടും വിവാഹ ചിത്രങ്ങൾ ചോർന്നതിൽ കടുത്ത അതൃപ്തിയാണ് താരം രേഖപ്പെടുത്തിയത്. എന്നാൽ വിവാഹ ചിത്രങ്ങൾ എങ്ങനെയാണു ചോർന്നതെന്നു വ്യക്തമല്ല.
‘‘തുടർച്ചയായുള്ള അഭ്യർഥനകൾക്കിടെയും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടെന്നതു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആളുകൾ ഒരു കുറ്റബോധവുമില്ലാതെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു തുടരുകയാണ്. എല്ലാവരും ഞങ്ങളോടു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം നശിപ്പിക്കരുത്.’’ ഷഹീൻ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. പാക്കിസ്ഥാൻ യുവപേസറായ ഷഹീൻ അഫ്രീദി ട്വന്റി20 ലോകകപ്പിനിടെ പരുക്കേറ്റുള്ള വിശ്രമത്തിന് ശേഷം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗില്‍ താരം കളിക്കും. പിഎസ്എല്ലിൽ ലാഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി.
"Our Privacy Hurt": Shaheen Afridi on his wedding photos at social media