arunraj

അനാഥത്വം പേറുന്ന തെരുവിന്‍റെ സന്തതികൾ. അവർ അനാഥരായതല്ല, അനാഥരാക്കപ്പെട്ടവരാണ്. ആരോരുമില്ലാതെ തെരുവിൽ അലഞ്ഞുനടക്കുന്നവരെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചുനോക്കണം. അപ്പോൾ കിട്ടുന്ന ഉത്തരം ഇത് മാത്രമാകും. അവർ എങ്ങനെ അനാഥരായി? എന്തുകൊണ്ട് അവർ ഇങ്ങനെയായി എന്നീ ചോദ്യങ്ങളെല്ലാം ചെന്നെത്തുന്നത് മനുഷ്യൻറെ സ്വാർത്ഥത എന്ന മറുപടിയിലേക്കാണ്. ഇത് ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് അരുൺരാജ് എന്ന ഫോട്ടോഗ്രഫർ. കൺസെപ്റ്റ് ഫോട്ടോഗ്രഫിയിലൂടെ മുൻപും വൈറലായിമാറിയ ഈ ഫോട്ടോഗ്രഫർ ഇത്തവണവും നമ്മുടെ ഉള്ളുതൊടുന്ന ചില ചിത്രങ്ങളുമായി വന്നിരിക്കുകയാണ്. അരുണ്‍രാജിന്‍റെ ഭാഷയിൽ പറഞ്ഞാൽ ‘ഒട്ടിയ വയറിനും ആരോരുമില്ലാത്തവർക്കും പറയാൻ ഒരായിരം കഥകളുണ്ട്.’

 

അമ്മത്തൊട്ടിലുകളിലും കുരിശടികളിലും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങൾക്ക് ഇന്നും കുറവില്ലാത്ത സ്ഥിതിക്ക് ഈ ചിത്രങ്ങൾ പറഞ്ഞുവയ്ക്കുന്ന ജീവിതകഥ അത്രത്തോളം പ്രാധാന്യമർഹിക്കുന്നുണ്ട്. ‘പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നൽകിയവർ തന്നെ ഇരുളിന്റെ മറവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ മേൽവിലാസം മാത്രമല്ല മറിച്ച് വർണചിറകുവിരിച്ച് പാറിപറക്കേണ്ട നിഷ്കളങ്ക ബാല്യം കൂടിയാണ്’ എന്ന് അരുൺരാജ് എഴുതിവയ്ക്കുമ്പോൾ ഈ വാക്കുകൾ കൂരമ്പുപോലെ തറച്ചുകയറുന്നത് നമ്മൾകൂടി ഭാഗമായ സമൂഹത്തിൻറെ പൊള്ളയായ മുഖംമൂടിയിലേക്കാണ്.

 

തന്‍റെ കാറിലൊന്ന് തൊട്ടതിന് നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ചയാളുടെ ചിന്താഗതി എന്തായിരുന്നിരിക്കണം? ഇത്ര ക്രൂരമായി, മനുഷ്യപ്പറ്റില്ലാതെ സഹജീവികളോട് പെരുമാറാൻ മനുഷ്യനെങ്ങനെ കഴിയുന്നു? ഈ ചോദ്യങ്ങളിൽ നിന്നാണ്, ചിന്തകൾ അതിരുവിട്ടപ്പോഴാണ് അരുൺരാജിന്‍റെ ഈ ‘ചിത്രകഥ’ പിറന്നത്. തെരുവിൽ നിന്ന് എടുത്തുവളർത്തിയ സന്തതി മറ്റൊരു അനാഥബാല്യത്തെ ചവിട്ടിത്തെറിപ്പിക്കുന്ന കാഴ്ച. ബാക്കി ചിത്രങ്ങൾ സംസാരിക്കട്ടെ

 

 

അരുൺരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

ഒട്ടിയ വയറിനും ആരോരുമില്ലാത്തവർക്കും പറയാൻ ഒരായിരം കഥകളുണ്ട്. ജീവിതയാത്രയിൽ അവർ നേരിടേണ്ടിവന്ന കയ്പ്പേറിയ അനുഭവങ്ങളുടെ കണ്ണുനനയിക്കുന്ന ഒരായിരം കഥകൾ. പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നൽകിയവർ തന്നെ ഇരുളിന്റെ മറവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ മേൽവിലാസം മാത്രമല്ല മറിച്ച് വർണചിറകുവിരിച്ച് പാറിപറക്കേണ്ട നിഷ്കളങ്ക ബാല്യം കൂടിയാണ്. ആർക്കും വേണ്ടാതെ അന്യന്റെ ദയവിനായി കാത്തിരിക്കുന്ന എത്രയോ ബാല്യങ്ങളുണ്ട്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ വിശപ്പിന്റെ വിളിയെ പച്ചവെള്ളത്തിൽ ശമിപ്പിക്കേണ്ടി വരുന്ന ഇരുളിന്റെ തടവറായാൽ അകപ്പെട്ടു പോകാറുള്ള എത്രയോ ജീവനുകൾ! അവർക്കു പറയാൻ ഒത്തിരിയൊത്തിരി  സ്വപ്നങ്ങളുണ്ടാകും. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നന്മയുടെ കരങ്ങൾ നീട്ടാൻ നമ്മൾ ഓരോരുത്തരും തയ്യാറാകുമ്പോഴാണ് അക്ഷരാർത്ഥത്തിൽ നാം ഓരോരുത്തരും നമ്മളിലെ ദൈവത്തെ തിരിച്ചറിയുന്നത്. അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും, മോഹങ്ങളുമൊക്കെയുണ്ടാകും. അതിലേക്കൊക്കെ എത്തിപ്പെടാനും ജീവിതത്തിന് തിളക്കം നൽകാനും അന്യന്റെ പാദരക്ഷകൾ വരെ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്ന പിഞ്ചുകൈകൾ. ഉറവവറ്റാത്ത ഒരു കൂട്ടം മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി സ്വർഗമാണെന്നുപറയാം. എന്നാൽ അഹംഭാവവും സ്വാർത്ഥതയും തലയ്ക്കുപിടിച്ച ഒരുവലിയ ജനാവലി തന്നെ നമ്മുടെ ലോകത്തുണ്ട്. സ്വർഗസുന്ദരമായ ഭൂമിയെ നരകതുല്യമാക്കുവാൻ ചില മനുഷ്യർക്ക് നിഷ്പ്രയാസം സാധിക്കും. 

തെരുവ് പട്ടികളെപറ്റി പോലും സംസാരിക്കാൻ മനുഷ്യനുള്ള ഈ നാട്ടിൽ തെരുവ് കുട്ടികളെപ്പറ്റി സംസാരിക്കാൻ ഒരു പട്ടിയുമില്ലെന്നുള്ള തിരിച്ചറിവിൽ നിന്നും തന്നെയാകട്ടെ ഇനിയും അവരുടെ ജീവിതം.

Viral Concept Photoshoot by Arunraj