പകല്‍ പോലും മരം കോച്ചുന്ന തണുപ്പ്, രാത്രിയായാല്‍ എല്ലുരുകുന്ന അവസ്ഥ. പുറത്ത് ഇറങ്ങിയാല്‍ ഒന്നും കാണാന്‍ പോലും പറ്റാത്ത സ്ഥിതി. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിടുന്ന അസ്സഹനീയമായ അവസ്ഥയാണിത്. ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്  1.9 ഡിഗ്രി താപനില...ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഹരിയാനയിലെ ഹിസാറിൽ ഇന്നലെ രേഖപ്പെടുത്തിയത് 1.4 ഡിഗ്രി. ഉത്തരേന്ത്യയില്‍ പലയിടത്തും രണ്ടു ദിവസമായി രണ്ടു മുതല്‍ നാലു ഡിഗ്രി വരെയാണ് താപനില. കശ്മീരിലാകട്ടെ ഇന്നല രേഖപ്പെടുത്തിയത് മൈനസ് 6 ഡിഗ്രിയും .

കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് താപനില 4 ഡിഗ്രിക്ക് താഴെ ആണെങ്കില്‍ COLD WAVE അഥവാ ശൈത്യതരംഗം എന്നാണ് അറിയപ്പെടുക. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത് ഈ തരംഗം തന്നെയാണ്. 

 

ശൈത്യവും മൂടല്‍ മഞ്ഞും കടുത്തതോടെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഡല്‍ഹി, ജാർഖണ്ഡ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചിടാൻ സർക്കാറുകൾ നിർദേശം നൽകി. ഡല്‍ഹിയില്‍ മുഴുവന്‍ സ്കൂളുകളും ഈ മാസം 15 വരെ അടച്ചിടാനാണ് നിര്‍ദേശം.

 

കാഴ്ചാ പരിധി കുറഞ്ഞതാണ് ശൈത്യ തരംഗം വരുത്തി വച്ച ഏറ്റവും വലിയ വിന. ജനജീവിതത്തെ അതിരൂക്ഷമായി ഇത് ബാധിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലും ലക്നൗവിലും പഞ്ചാബിലെ ഭട്ടിൻഡയിലും കാഴ്ചാ പരിധി പൂജ്യമായി ചുരുങ്ങി. ദില്ലിയിൽ പലയിടങ്ങളിലും കാഴ്ചാപരിധി ഇന്നും 25 മീറ്റർ വരെയായി കുറഞ്ഞു തന്നെയാണുള്ളത്.

 

മൂടല്‍ മഞ്ഞ് കടുത്തതോടെ സംസ്ഥാനങ്ങളിലെ വ്യോമ, തീവണ്ടി, റോഡ് ഗതാഗതത്തെ സാരമായി തന്നെ ബാധിച്ചു.  267 ട്രെയിനുകള്‍ റദ്ദാക്കി, 335 ട്രെയിനുകള്‍ വൈകിയാണ് ഓടിയത്, ഡല്‍ഹിയില്‍ നിന്നുള്ള 32 വിമാനങ്ങളും വൈകി. ഇന്നലെ രാത്രി മുതൽ ദില്ലി വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന 118 വിമാനങ്ങളും ദില്ലിയിൽ ഇറങ്ങാനിരുന്ന 32 വിമാനങ്ങളും വൈകി. ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായതോടെ ജനജീവിതം കൂടുതല്‍ ദുസഹമായി.

 

ശൈത്യതരംഗത്തില്‍ ഉത്തര്‍ പ്രദേശിലെ കണ്‍പൂരില്‍ മാത്രം മരണപ്പെട്ടത് 98 പേരാണ്. ഇന്നലെ മാത്രം 14 പേര്‍ മരണത്തിന് കീഴ‍ടങ്ങി. കൂടുതല്‍ പേരും മരിച്ചത് രക്ത സമ്മര്‍ദ്ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചും. 350 ലേറെ പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. ശൈത്യ തരംഗവും മൂടല്‍ മഞ്ഞും അടുത്ത 48 മണിക്കുര്‍ കൂടി നീളാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. വൈറ്റമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ചെറു ചൂടോടെ വെള്ളം കുടിക്കാനും നിര്‍ദേശമുണ്ട്.