പോര്‍ച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്ക് സൗദി അറേബ്യയിൽ ലഭിച്ചത് അതിഗംഭീര വരവേൽപ്പാണ്. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ അൽ നസർ ക്ലബ് സൗദിയുടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരത്തെ അവതരിപ്പിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമാണു നിലവിൽ റൊണാൾഡോ.

 

ആദ്യമായി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ റിയാദിലെ മർസൂൽ പാർക്ക് സ്റ്റേ‍ഡിയത്തിലെത്തിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാര്യ ജോർജിന റോഡ്രിഗസിനെയും മക്കളെയും ഒപ്പം കൂട്ടിയിരുന്നു. യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ‌ നിന്നുമുള്ള പല ഓഫറുകളും വേണ്ടെന്നു വച്ചിട്ടാണു താൻ സൗദിയിലെത്തിയതെന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

 

‘കുറേ ആളുകള്‍ നിങ്ങളോ‍ട് അഭിപ്രായങ്ങൾ പറയും. പക്ഷേ അവർക്ക് ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയില്ല. കഴിഞ്ഞ 10–15 വർഷമായി ഫുട്ബോൾ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ടീമുകളും ഇപ്പോൾ നന്നായി തയാറായിക്കൊണ്ടിരിക്കുന്നു. ലോകകപ്പിലെ കാര്യം തന്നെ നോക്കിയാല്‍ ചാംപ്യൻമാരായ അർജന്റീനയെ കീഴടക്കിയ ഏക ടീം സൗദി അറേബ്യയാണ്. ദക്ഷിണ കൊറിയയും ആഫ്രിക്കന്‍ ടീമുകളും ഞെട്ടിച്ചു. ലോകകപ്പിൽ വിജയിക്കുകയെന്നത് ഒരു ടീമിനും എളുപ്പമുള്ള കാര്യമല്ല. ഫുട്ബോളിനു മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.’

 

‘സൗദി അറേബ്യയിൽ കളിച്ചുകൊണ്ട് എന്റെ കരിയർ അവസാനിപ്പിക്കുകയാണ് എന്നു പറയാനാകില്ല. അതുകൊണ്ടാണു മാറ്റങ്ങൾ കൊണ്ടുവരാൻ ഞാന്‍ ആഗ്രഹിക്കുന്നത്. ആളുകൾ എന്തു പറയുന്നുവെന്നതു ‍ഞാൻ കാര്യമാക്കുന്നില്ല. എന്റെ തീരുമാനത്തിൽ‌ ഞാൻ സന്തോഷിക്കുന്നു. സൗദിയിലെ ലീഗ് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു വാശിയേറിയതാണെന്ന് അറിയാം. യൂറോപ്പിൽ എന്റെ ജോലി പൂർത്തിയായി. പ്രമുഖ ക്ലബുകൾക്കെല്ലാം വേണ്ടി ഞാൻ കളിച്ചു. ബ്രസീൽ, ഓസ്ട്രേലിയ, യുഎസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ ക്ലബുകൾ എന്നെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ‌ ഞാൻ സൗദിയാണു തിരഞ്ഞെടുത്തത്. എന്താണു വേണ്ടതെന്ന് എനിക്ക് അറിയാം’– റൊണാൾഡോ പറഞ്ഞു.

 

'Had Many Offers From Europe': Cristiano Ronaldo Reveals the Reason Behind Joining Al-Nassr In Saudi Arabia