pele-india

ചക്രവര്‍ത്തിമാര്‍ക്ക് എത്രത്തോളം വിനയമുണ്ടാകും? പെലെയോളം വിനയം ഒരു രാജാവിനും ചക്രവര്‍ത്തിക്കും ഉണ്ടായേക്കില്ല. ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ്  കൊല്‍ക്കത്തയുടെ മണ്ണില്‍ രണ്ടാം വട്ടം കാല്‍ കുത്തിയ ഫുട്ബോള്‍ ചക്രവര്‍ത്തി എത്ര വിനയത്തോടെയാണ് ആരാധകരെ കണ്ടത്, അഭിവാദ്യം ചെയ്തത്. കോടാനുകോടി വരുന്ന ഫുട്ബോള്‍ ആരാധകരെ കോരിത്തരിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ആ രണ്ടക്ഷരം ഇന്ത്യന്‍ മണ്ണില്‍ വീണ്ടും അവതരിക്കുന്നത് നേരില്‍ കാണാന്‍ കഴിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാര്‍. 1977‍ല്‍ ഒരുവട്ടം കൊല്‍ക്കത്തയുടെ സ്നേഹം നുകര്‍ന്നശേഷമാണ് ഓര്‍മകളുടെ ആരവങ്ങളുമായി മൂന്നുപതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം പെലെ വീണ്ടുമെത്തിയത്.  

 

pele-death

ദുര്‍ഗാപൂജയ്ക്കായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊല്‍ക്കത്തയുടെ മണ്ണിലേക്കായിരുന്നു ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ രണ്ടാം എഴുന്നള്ളത്ത്. കൊല്‍ക്കത്തയിലെ ഡംഡം രാജ്യാന്തരവിമാനത്താവളത്തിലിറങ്ങിയ പെലെയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. അതീവസുരക്ഷാമേഖലയായ വിമാനത്താവള പരിസരത്തേക്ക് ആരാധകര്‍ ഇരച്ചുകയറിയതോടെ സുരക്ഷാസേനാംഗങ്ങള്‍ അങ്കലാപ്പിലായി. പെലെയെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് എത്രയും വേഗം സുരക്ഷിതമായി കാറില്‍ കയറ്റി യാത്രയാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും തനിക്കായി മണിക്കൂറുകള്‍ കാത്തുനിന്ന, ആര്‍ത്തുവിളിച്ച ആരാധകരെ അഭിവാദ്യം ചെയ്ത്, ചെറുപുഞ്ചിരി സമ്മാനിച്ചാണ് ആ ഇതിഹാസം കാറിലേക്ക് കയറിയത്.

 

പെലെ എന്ന രണ്ടക്ഷരം ഫുട്ബോളിലെ എക്കാലത്തേയും വലിയ ബ്രാന്‍ഡ് ആണ്. ലോകത്ത് ഫുട്ബോള്‍ ഇത്ര ജനപ്രിയമായത് പെലെ അടക്കമുള്ളവര്‍ അവരുടെ രക്തവും വിയര്‍പ്പും കളിക്കളത്തില്‍ സമര്‍പ്പിച്ചതുകൊണ്ടാവാം.  പെലെ, പെലെ എന്ന് ആര്‍ത്തുവിളിക്കുന്ന ജനസാഗരത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ അര്‍ജന്റീനയുടേയും മറഡോണയുടേയും ആരാധകനായിരുന്നിട്ടുകൂടി എനിക്ക് രോമാഞ്ചം വന്നു. കാരണം ഫുട്ബോള്‍ വിശ്വമാനവികതയുടെ, സ്നേഹത്തിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ ആഘോഷമാണ്. ആ ആഘോഷത്തിന്റെ ഭാഗമാകുക എത്ര ആനന്ദകരമാണ്. ഫുട്ബോളിനോടുള്ള, ഫുട്ബോള്‍ ചക്രവര്‍ത്തിയോടുള്ള കൊല്‍ക്കത്തയുടെ സ്നേഹപ്രഖ്യാപനം കൂടിയായിരുന്നു കൊല്‍ക്കത്ത വിമാനത്താവളത്തിലെ വരവേല്‍പ്പ്.

 

1977ല്‍ പെലെ എത്തിയത് മോഹന്‍ ബഗാന്റെ ക്ഷണപ്രകാരം ആണെങ്കില്‍ 2015ല്‍ പെലെ എത്തിയത് മോഹന്‍ ബഗാന്റെ പുതിയ പതിപ്പായി മാറിയ എടികെയ്ക്കുവേണ്ടിയായിരുന്നു. എടികെയുടെ സഹ ഉടമ കൂടിയായ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി  പെലെയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എടികെയുടെ ജഴ്സി പെലെയ്ക്ക് സമ്മാനിച്ചു. ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ലോകത്തെ ജനകോടികളെ ത്രസിപ്പിച്ച ഇതിഹാസം നിറപുഞ്ചിരിയോടെ കയ്യെത്തും ദൂരത്ത് കണ്‍മുന്നില്‍ ഇരിക്കുന്നു. ഇന്ത്യയിലെ ഫുട്ബോളിന്റെ വളര്‍ച്ചയെക്കുറിച്ചായിരുന്നു പെലെയുടെ സംസാരം ഏറെയും. കുട്ടിക്കാലം മുതല്‍ ഫുട്ബോള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയാലേ ഇന്ത്യയില്‍ ഫുട്ബോള്‍ വളരൂവെന്ന് പെലെ പറഞ്ഞു. ഇന്ത്യയുടെ ഭാവിതാരങ്ങള്‍ക്ക് കൂടുതല്‍ വിദേശമല്‍സരപരിചയം ഉറപ്പാക്കണമെന്നും പെലെ നിര്‍ദേശിച്ചു. കൊച്ചുകേരളത്തില്‍ ലക്ഷക്കണക്കിന് ബ്രസീല്‍ ആരാധകര്‍ ഉണ്ടെന്നറിയിച്ചപ്പോള്‍ പെലെയുടെ കണ്ണുകള്‍ വിടര്‍ന്നു, മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അങ്ങനെ അറിയുന്നതില്‍ സന്തോഷമെന്നായിരുന്നു പെലെയുടെ പ്രതികരണം. കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള ഐഎസ്എല്‍ മല്‍സരം സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലിരുന്ന് പെലെ ആസ്വദിച്ചു. 

 

പെലെയുടെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷം കൊല്‍ക്കത്തയിലായിരുന്നു. പിറന്നാളിന് പത്തുദിവസങ്ങള്‍ക്കുമുന്‍പ് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ആഘോഷം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരെല്ലാം പെലെയ്ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. മമത ബാനര്‍ജിയുടെ കയ്യില്‍ ഉമ്മവച്ചാണ് പെലെ ഇന്ത്യയോടും കൊല്‍ക്കത്തയോടുമുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്. പ്രശസ്തമായ ദുര്‍ഗാപൂജ പന്തലുകളും സന്ദര്‍ശിച്ചാണ് പെലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. അവിടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനം നല്‍കുകയായിരുന്നു പെലെയുടെ ഉത്തരവാദിത്തം.  

 

ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരെ, നാലഞ്ചു തലമുറകളെ കോരിത്തരിപ്പിച്ച പെലെയുടെ ഇതിഹാസ ജീവിതത്തിന് ഫൈനല്‍ വിസില്‍ വീഴുമ്പോള്‍, ഹൃദയത്തില്‍ അലയടിക്കുന്ന ഓര്‍മകളുടെ കടലിരമ്പം മൂകമാകുന്നതുപോലെ, ആര്‍ത്തലച്ചുകൊണ്ടിരുന്ന നിറഗ്യാലറികള്‍ ഒരൊറ്റ സെക്കന്‍ഡില്‍ നിശ്ചലമായതുപോലെ, കാല്‍പന്തില്‍ നിന്ന് ജീവശ്വാസം ചോര്‍ന്നുപോയതുപോലെ.

 

(ലേഖകന്‍ മനോരമ ന്യൂസില്‍ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ആണ്)