നാനാത്വത്തില്‍ ഏകത്വമെന്നതാണല്ലോ നമ്മള്‍ ഇന്ത്യക്കാരുടെ മുഖമുദ്ര. അതുകൊണ്ട് എല്ലാ ആഘോഷങ്ങളിലും ഭാഗമാകാനാണ് നമുക്ക് താല്‍പര്യം, ദീപാവലിയും പെരുന്നാളും ക്രിസ്മസുമെല്ലാം ജാതിമതഭേദമില്ലാതെ നമ്മള്‍ ആഘോഷിക്കും, പ്രത്യേകിച്ച് മലയാളികള്‍. നമ്മുടെ സംസ്കാരവും ആഘോഷങ്ങളും മാത്രമല്ല, ‘വന്നു കയറിയവരുടെ’ ആഘോഷങ്ങളും നമ്മള്‍ ആഘോഷമാക്കി. അവരുടെ ഭക്ഷണശീലങ്ങളും നമ്മുടേതായി. അങ്ങനെ ഇന്ത്യയിലേക്കെത്തിയ ‘വരത്ത’നാണ് ക്രിസ്മസ്– ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത കേക്ക്. പ്ലം കേക്കും മാര്‍ബിള്‍ കേക്കും ഐസിങ് കേക്കും, അതില്‍ തന്നെ ഒട്ടനവധി പരീക്ഷണങ്ങളുമുണ്ടായി.
ഇന്നിപ്പോള്‍ സ്വന്തമായി ഓവനില്ലാത്തവര്‍ കുക്കറില്‍ വരെ കേക്കുണ്ടാക്കുന്നുണ്ട്. വീട്ടമ്മമാര്‍ സ്വന്തം കാലില്‍ നില്‍ക്കാനൊരു വരുമാന മാര്‍ഗമായും കേക്ക് കച്ചവടത്തെ മാറ്റിയെടുത്തു. ക്രിസ്മസിനും ന്യൂ ഇയറിനും മാത്രമല്ല, ഇപ്പോള്‍ എല്ലാ ആഘോഷവേളകളിലും കേക്കിനിരിക്കാന്‍ ഒരിടം നമ്മള്‍ നല്‍കി കഴിഞ്ഞു. കേക്കില്ലാത്ത ആഘോഷങ്ങള്‍ ഇന്നില്ലെന്നു തന്നെ പറയാം. 2020ല്‍ ചൈനയെ തകര്‍ത്ത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്കുണ്ടാക്കിയ റെക്കോര്‍ഡും കേരള ബേക്കര്‍സ് അസോസിയേഷന്‍ ഇങ്ങ് കൊണ്ടുവന്നു. ചൈനയുണ്ടാക്കിയത് 3.2 കിലോമീറ്റര്‍ നീളമുള്ള കേക്കാണെങ്കില്‍ നമ്മുടേത് 5.3 കിലോ മീറ്റര്‍ നീളമുള്ള കേക്കായിരുന്നു.
ഇങ്ങനെ ഒരു വരത്തന്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാഴ്ച കാണുമ്പോള്‍ കേക്കിന്റെ കഥയറിയാന്‍ ഒരു കൗതുകം. എന്നാണ്, എങ്ങനെയാണ് കേക്കുകള്‍ നമ്മുക്കിടയിലേക്ക് എത്തിയത്? ഈ അന്വേഷണം ചെന്നുനില്‍ക്കുന്നത് അങ്ങ് തലശ്ശേരിയിലാണ്, രുചിപ്പെരുമയുടെയും ബിരിയാണി കഥകളുടെയും നല്ല ചൂടന്‍ സുലൈമാനിയുടെയും കഥ പറയുന്ന അതേ തലശ്ശേരിയില്‍ തന്നെ.
1880ലാണ് മാമ്പള്ളി ബാപ്പു തന്റെ റോയല്‍ ബിസ്ക്കറ്റ് ഫാക്ടറി തുടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 1883ലാണ് കേരളത്തിലെ, ഇന്ത്യയിലെ തന്നെ കേക്ക് കഥ തുടങ്ങുന്നത്. മര്‍ഡോക്ക് ബ്രൗണ്‍ എന്ന കച്ചവടക്കാരന്‍ ബ്രിട്ടണില്‍ നിന്ന് താന്‍ കൊണ്ടുവന്ന ഒരു കേക്കുമായി ബാപ്പുവിനെ സമീപിച്ചു. ഇതുപോലെ ഒരു കേക്കുണ്ടാക്കി നല്‍കണം എന്നതായിരുന്നു ആവശ്യം. എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നും വിശദീകരിച്ചു. മ്യാന്‍മറില്‍ നിന്ന് (അന്നത്തെ ബര്‍മ) ബ്രെഡും ബിസ്കറ്റുമുണ്ടാക്കാന്‍ പഠിച്ചെത്തിയ ബാപ്പു, ബ്രൗണിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം തന്റേതായ പരീക്ഷണങ്ങളും കൂട്ടിച്ചേര്‍ത്തു. അതാകട്ടെ ബ്രൗണിന് ഒരുപാട് ഇഷ്ടപ്പെടുകയും ഒരു ഡസന്‍ കേക്കുകൂടി ഉണ്ടാക്കി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യയില്‍ ആദ്യത്തെ ക്രിസ്മസ് കേക്ക് പിറന്നത്. ബ്രിട്ടീഷ് രുചിക്കൂട്ടുകള്‍ പിന്നെയും ബാപ്പു ഇന്ത്യക്കാര്‍ക്കും വിളമ്പി. ഒന്നാം ലോകയുദ്ധ കാലത്ത് ബാപ്പു കേക്കും മറ്റ് പലഹാരങ്ങളും പട്ടാളക്കാര്‍ക്ക് അയച്ചു നല്‍കി.
ബാപ്പുവിന്റെ രുചിവൈഭവം നാല് തലമുറകള്‍ കൈമാറി ഇന്നും തലശ്ശേരിയിലുണ്ട്, റോയല്‍ ബിസ്ക്കറ്റ് ഫാക്ടറി എന്ന പേര് മാത്രം മാറ്റി മാമ്പള്ളീസ് ബേക്കറി എന്നാക്കി. രുചിക്കൂട്ട് ഇന്നും പഴയതു തന്നെ. മരുമക്കത്തായം നിലനിന്ന കാലമായതിനാല്‍ ബാപ്പുവിന്റെ മരുമകന്‍ ഗോപാലന്‍ മാമ്പള്ളിയാണ് പിന്നീട് ബേക്കറി ഏറ്റെടുത്ത് നടത്തിയത്. അദ്ദേഹത്തിന്റെ പതിനൊന്ന് മക്കളും ഇത് പിന്തുടര്‍ന്നു. കേരളത്തില്‍ കോട്ടയമടക്കം ചിലയിടങ്ങളില്‍ ബേക്കറിയുടെ ശാഖകളും തുടങ്ങി. ഇന്ന് തലശ്ശേരിയില്‍ ബേക്കറി നടത്തുന്നത് നാലാം തലമുറക്കാരനായ പ്രകാശ് മമ്പള്ളിയാണ്.
കാലം മാറിയിട്ടും ബോര്‍മയിലെ വിറകടുപ്പ് മാറ്റാന്‍ പ്രകാശ് തയ്യാറായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. ‘ഓവനിലുണ്ടാക്കിയാല്‍ ഈ രുചി കിട്ടില്ല’ എന്നാണ് അദ്ദേഹത്തിന്റെ വാദം. ചിരട്ടയിട്ടാണ് ഇന്നും അടുപ്പ് കൂട്ടുന്നത്. ബോര്‍മയില്‍ നിന്ന് നല്ല ചൂടന്‍ കേക്കിങ്ങ് ഇറങ്ങിവരുമ്പോഴുള്ള മണമുണ്ട്, അത് ആ പ്രദേശത്തുള്ളവരെ മുഴുവന്‍ കെട്ടിവലിച്ച് കേക്ക് വാങ്ങാനെത്തിച്ചിരിക്കും. ആ മണംപിടിച്ച് തന്നെ കേക്കിന്റെ രുചിയളക്കുന്നവരുമുണ്ട്. അതിന് വിറകടുപ്പ് തന്നെയാണ് ബെസ്റ്റ്. ഇതാണ് കേക്ക് കച്ചവടത്തിലെ ആദ്യ തന്ത്രമെന്നും പറയാം. ആ തന്ത്രമെന്തായാലും പ്രകാശിന് നന്നായറിയാമെന്ന് സാരം.
കാലത്തിനനുസരിച്ച് കേക്കിന്റെ കോലവും മാറി. എന്നാലും പ്ലം കേക്ക് തന്നെയാണ് ഇന്നും താരം. തങ്ങളുടെ ബേക്കറി അന്വേഷിച്ചു വരുന്നവരുമുണ്ടെന്ന് പ്രകാശ് അഭിമാനത്തോടെ പറയുന്നു. കേരളത്തിന് പുറത്തേക്കും കേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. പക്ഷേ കച്ചവടം മുന്‍പത്തെ പോലെയില്ല. ‘പണ്ടത്തെപ്പോലെയല്ലല്ലോ ഇപ്പോള്‍ ഒരുപാട് ബേക്കറികള്‍ വന്നില്ലേ, അതുകൊണ്ട് കച്ചവടം കുറവാണ്. കോവിഡും പ്രതികൂലമായി ബാധിച്ചു. ഇത്തവണ ക്രിസ്മസ് വിപണിയിലാണ് ചെറിയ തോതിലെങ്കിലും പിടിച്ചുനില്‍ക്കാനായത്’– പ്രകാശ് മാമ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ.
India's first Christmas cake was baked by a malayali