സ്ത്രീ–പുരുഷ ആനുപാതത്തിലുണ്ടായ വലിയ വ്യത്യാസം സാരമായി ബാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ. ഇവിടുള്ള പയ്യന്മാർക്കൊന്നും പെണ്ണുകിട്ടാനില്ലെന്നാണ് പരാതി. പ്രശ്നം ഗുരുതരമായതോടെ, പരിഹാരമാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയിരിക്കുയാണ് ഒരു കൂട്ടം യുവാക്കൾ.
ഉത്തരേന്ത്യൻ വിവാഹഘോഷയാത്രയ്ക്ക് സമാനമായിരുന്നു മാർച്ചും. പലരും കുതിരപ്പുറത്ത് മണവാളന്റെ വേഷത്തിലെത്തിയാണ് പ്രതിഷേധം അറിയിച്ചത്. സ്ത്രീ–പുരുഷ ആനുപാതം ത്വരിതപ്പെടുത്തുന്നതിനായി പെൺഭ്രൂണഹത്യയും ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവും നടത്തുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കളക്ടർക്ക് നിവേദനം സമർപ്പിച്ചാണ് യുവാക്കൾ തങ്ങളുടെ ‘പ്രതിഷേധം’ അവസാനിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത യുവാക്കൾക്ക് അനുയോജ്യരായ പെൺകുട്ടികളെ ജീവിതപങ്കാളികളായി കണ്ടെത്തി നൽകണമെന്ന ആവശ്യവും ഇവർ നിവേദനത്തില്‍ ഉൾപ്പെടുത്തിയിരുന്നു.
‘ആളുകൾക്ക് ഇങ്ങനെ ഒരു മാർച്ച് കാണുമ്പോൾ കൗതുകവും തമാശയുമൊക്കെ തോന്നും, പക്ഷേ സത്യാവസ്ഥ ഭീകരമാണ്. കല്ല്യാണപ്രായമായ യുവാക്കൾക്ക് പെൺകുട്ടികളെ കിട്ടാനില്ല എന്നത് വലിയ പ്രശ്നം തന്നെയാണ്’– എന്നാണ് മാർച്ചിന്റെ ഭാഗമായ ഒരു യുവാവ് പ്രതികരിച്ചത്. ‘ആയിരം ആണുകുട്ടികൾക്ക് 889 പെൺകുട്ടികൾ എന്നതാണ് മഹാരാഷ്ട്രയിലെ അനുപാതം. ഇത്രയും വ്യത്യാസം എങ്ങനെയാണ് ശരിയാകുക’– എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.
Sex Ratio Skewed, Bachelors' March For Brides In Maharashtra