ലുസെയ്ൽ സ്റ്റേഡിയം അർജന്റീന– ഫ്രാൻസ് ഫൈനലിനായി ഒരുങ്ങിയപ്പോൾ ആരാധകർ അക്ഷമയോടെ കപ്പ് ആരെടുക്കുമെന്ന കാത്തിരിപ്പിലായിരുന്നു. കളിയാവേശം ആരാധകരുടെ ഇടനെഞ്ചിലായിരുന്നു എന്നു പറയുന്നതാവും ശരി. ഈ ആവേശപ്പോരിന്റെ ഫലമെന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ.
25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണ് ഗൂഗിളിൽ ഇന്നലെ വൈകുന്നേരം മുതൽ അനുഭവപ്പെട്ടത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ് എന്ന ഹാഷ് ടാഗ് പങ്കുവച്ചുകൊണ്ട് ആളുകൾ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് ഇതിനായാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സി, എംബപെ, ഫിഫ വേൾഡ് കപ്പ് എന്നീ വാക്കുകളാണ് ആളുകൾ ഏറ്റവുമധികം തിരഞ്ഞിട്ടുള്ളത്.
ഈ മാസം ആദ്യം പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഗൂഗിളിന്റെ ‘ഇയർ ഇൻ സെർച്ച് 2022’ൽ ഇന്ത്യയിൽ നിന്നും ആളുകൾ തിരഞ്ഞതിൽ മൂന്നാം സ്ഥാനത്താണ് ഫിഫ വേൾഡ് കപ്പുണ്ടായിരുന്നത്. ലോകം ലുസെയ്ൽ സ്റ്റേഡിയത്തിലേക്കൊതുങ്ങിയപ്പോൾ ഇതല്ലാതെ മറ്റെന്തിനെ കുറിച്ചാണ് ആളുകൾക്ക് സംസാരിക്കാനും അറിയാനും പങ്കുവയ്ക്കാനുമുണ്ടാകുക അല്ലേ...