വാമോസ് അർജന്റീന.... 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെസ്സി ലോകകപ്പിൽ മുത്തമുടുമ്പോൾ വാക്കുകൾക്കതീതമാണ് വികാരങ്ങൾ. ലുസെയ്ൽ സ്റ്റേഡിയം ഇളകിമറിഞ്ഞ് അർജന്റീനയ്ക്ക്, മെസ്സിക്കുവേണ്ടി ആർപ്പുവിളിക്കുമ്പോഴാണ് ആ അസുലഭ കാഴ്ച ലോകകപ്പ് കളിക്കളത്തിലെ ക്യാമറക്കണ്ണുകളിലേക്ക് പതിച്ചത്.
മെസ്സിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കണ്ണീർവാർക്കുകയാണ് മെസ്സിയുടെ അമ്മ. മൈതാനത്തുണ്ടായിരുന്നവരുടെ നെഞ്ചുനിറയ്ക്കുന്ന കാഴ്ച, ലോകത്തെ അത്രമേൽ സ്പർശിക്കുന്ന ആ കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. മെസ്സി കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു. ആരാധകർ പോലും ആർജന്റീനയുടെ വിജയത്തെക്കുറിച്ച് തൊണ്ടയിടറിയാണ് വാക്കുകൾ കോറിയിടുന്നത്.
മെസ്സിക്കു വേണ്ടിയുള്ള ലോകകപ്പാണിത് എന്ന് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ ആരാധകരുടെ മനസ്സും കണ്ണും നിറച്ചാണ് താരം മൈതാനം വിട്ട് വിശ്വകീരിടവുമായി റൊസാരിയോയിലേക്ക് മടങ്ങുന്നത്, ഇനിയും വെള്ളയിൽ ആകാശനീല വരകളുടെ ആ ജേഴ്സിയണിഞ്ഞ് തിരികെ വരുമെന്ന ഉറപ്പുമായി.
Messi and mother Celia Maria Cuccittini celebrates Argentina's World Cup victory