ലയണല്‍ മെസി കളിച്ചും കളിപ്പിച്ചും ലോകകപ്പില്‍ താരമായി കഴിഞ്ഞു. എന്നാല്‍ ക്രൊയേഷ്യയോട് ഒരു ഗോളിന് പോലും വഴങ്ങാതെ നിന്ന്, 39–ാം മിനിറ്റില്‍ ലക്ഷ്യം കണ്ട ആ കാഴ്ച. അത് ജൂലിയൻ അൽവാരസ് എന്ന യുവതാരത്തിന്‍റെ കാലുകളില്‍ നിന്നായിരുന്നു. മെസിയുടെ പാസിങ്ങില്‍ നിന്നും അൽവാരസ് ഗോളിലേക്ക്. പിന്നീട് ലോകം ആര്‍ത്തുല്ലസിക്കുകയായിരുന്നു. അങ്ങനെയാണ് സാക്ഷാല്‍ മെസിയും ആ യുവതാരത്തെ ചേര്‍ത്തുപിടിച്ചത്. ലോകകപ്പിലൂടെ ജൂലിയൻ അൽവാരസ് മനംകവരുമ്പോള്‍ അയാളുടെ 'മെസി' എന്ന സ്വപ്നം കൂടി പൂവണിയുകയായിരുന്നു.
'മെസി എന്ന സ്വപ്നം'
വയസ് 12, കടുത്ത ആരാധകരെ പോലെ മെസിയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം. ഒരു ഇന്‍റര്‍വ്യൂവിന് ഇടയിലായിരുന്നു ഈ ആഗ്രഹം അയാള്‍ തുറന്നുപറഞ്ഞത്. 'എന്താണ് നിങ്ങളുടെ ആഗ്രഹം..?' എന്ന ചോദ്യത്തിന് 'ലോകകപ്പ് കളിക്കണം' എന്ന് ഉത്തരം നല്‍കി. ആരാണ് മാതൃക എന്ന ചോദ്യത്തിന് പിന്നാലെ മറുപടി 'മെസി' എന്നായിരുന്നു. ബാര്‍സിലോണയില്‍ കളിക്കണമെന്നായിരുന്നു അല്‍വാരിസിന്‍റെ ആഗ്രഹം. പത്തു വര്‍ഷത്തിനിപ്പുറം ഇയാളെ മെസി ചേര്‍ത്തുപിടിക്കുന്ന കാഴ്ച. തന്‍റെ സ്വപ്ന സാക്ഷാത്കാരം എന്ന പോലെയാണ് അൽവാരസിന്‍റെ മിന്നിതിളങ്ങുന്ന ചിരി. ഒടുവില്‍ മെസിയെ എടുത്തുപിടിച്ചുള്ള ആവേശമാണ് കളിയരങ്ങില്‍ കണ്ടത്.
കരിയര്‍; ആവേശം
2000ത്തില്‍ ജനുവരി 31നാണ് അല്‍വാരസ് ജനിച്ചത്. ഇപ്പോള്‍ വയസ് 22. അര്‍ജന്‍റീനയിലെ കാല്‍ചിന്‍ (Calchín) ആണ് സ്വദേശം. 2018 മുതല്‍ 2021വരെ റിവര്‍ പ്ലേറ്റിലൂടെ അല്‍വാരസ് സജീവമായി. പിന്നീട് മാന്‍ചെസ്റ്റര്‍ സിറ്റിയില്‍ ഫോർവേഡായി പ്രീമിയര്‍ ലീഗിലും നിറസാന്നിധ്യം. പിന്നീട് അര്‍ജന്‍റീനയുടെ ദേശീയ ടീമിലുമെത്തുകയായിരുന്നു. കോപ്പ അമേരിക്കയില്‍ അംഗമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് മെസിക്കൊപ്പം കളിക്കുക എന്ന വലിയ സ്വപ്നം അല്‍വാരസ് സാധിച്ചെടുത്തത്. 2021ലാണ് ഇയാള്‍ സീനിയര്‍ ടീമിനായി കളിച്ചത്. അന്ന് 16 മത്സരങ്ങളിലായി അഞ്ചുഗോളുകള്‍ നേടി.
'വലക്കെണിക്കള്‍ മറികടന്ന് അല്‍വാരസ്'
'എനിക്ക് നാലോ അഞ്ചോ പ്രായമുള്ളപ്പോള്‍ പലരും എന്നെ 'സ്പൈഡര്‍', എട്ടുകാലി എന്നുവിളിച്ചു കളിയാക്കുമായിരുന്നു'. ജൂലിയന്‍ എന്നു വിളിക്കാന്‍ കുറച്ച് പ്രയാസമല്ലേ, അതുകൊണ്ട് ഈ വിളിപ്പേര് താന്‍ ഇഷ്ടപ്പെടുന്നു'. ഒരിക്കല്‍ തന്‍റെ വിളിപ്പേരിനെ കുറിച്ച് അല്‍വാരസ് പറഞ്ഞതിങ്ങനെയാണ്. എന്നാല്‍ ഈ പേരിനോട് കൂട്ടി വായിക്കാവുന്ന അനുഭവങ്ങളും ഇയാള്‍ക്കുണ്ടായി. കളിക്കളത്തില്‍ രണ്ടിലധികം കാലുകളുള്ള കളിക്കാരന്‍റെ അസാമാന്യ കഴിവ് എന്നാണ് ഈ പേരുകൊണ്ട് പലരും അര്‍ത്ഥമാക്കിയത്. ചെറുപ്രായത്തില്‍ തന്നെ ഗോളടിച്ചുകൊണ്ടായിരുന്നു ഈ സ്പൈഡറുടെ മികവ്. വലവിരിച്ച് ഇരയെ കുരുക്കുന്ന എട്ടുക്കാലിയുടെ മനോഭാവത്തോടെ ഇയാള്‍ എതിരാളികളെ വീഴത്തുന്നതാണ് ഇന്നേവരെ കണ്ടത്.
അര്‍ജന്‍റീന എന്നാല്‍ മെസി എന്നുപറയുന്നവര്‍ക്ക് ഇനി ഒരു പേരുകൂടി ചേര്‍ക്കാമെന്ന പോലെ ആവേശമായി മാറിയിരിക്കുകയാണ് ഈ യുവതാരം. മിന്നിതിളങ്ങുന്ന ചിരിയും, ആവേശവുമായി ഇയാള്‍ ഇനിയും എത്തുമ്പോള്‍ അത് അര്‍ജന്‍റീനയുടെ കൂടി തിളക്കമാകും. കാല്‍പന്തിന്‍റെ അത്ഭുതം ഇയാളിലൂടെ ഇനിയും കാണാമെന്ന പ്രതീക്ഷയും ബാക്കി.
Story Highlights: Julian Alvarez Dream Comes True While Playing Alongside With His Idol